fifa2018
By അനൂപ് പിളള | 11:57 AM July 09, 2018
ക്രൊയേഷ്യ കളിച്ചുകയറുന്നത് ചരിത്രം തിരുത്താനോ?

Highlights

  • ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ വീണ്ടും ക്രൊയേഷ്യന്‍ വീരഗാഥ
  • പ്രതിസന്ധികളിലും ഫുട്ബോളിനെ നെഞ്ചോട് ചേര്‍ത്ത ജനത വലിയ സ്വപ്നങ്ങളിലാണ്

കാലം കുറച്ച് പിന്നോട്ട് പായിക്കണം... കൃത്യം പറഞ്ഞാല്‍ ​20 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1998 ജൂലൈ മാസം എട്ടാം തീയതി ഫ്രാന്‍സിലെ സെന്‍റ് ഡെന്നീസിലെ ഫുട്ബോൾ സ്റ്റേഡിയത്തില്‍ ലോകകപ്പ് സെമിഫൈനൽ പോരാട്ടം നടക്കുകയാണ്. ആതിഥേയരായ ഫ്രാൻസും ക്രൊയേഷ്യയും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ഫ്രഞ്ച് പട ക്രൊയേഷ്യൻ ​ഗോൾ മുഖത്ത് പന്തുമായി തുരുതുര ആക്രമിച്ചുകൊണ്ടിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ, കളിയുടെ 46-ാമത്തെ മിനിറ്റിൽ ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയും ഇടകലര്‍ന്ന ചെക്ക് ജേഴ്സി അണിഞ്ഞ ഒന്‍പതാം നമ്പരുകാരന്‍ ദാവോർ സൂക്കേര്‍ പെനാലിറ്റി ബോക്സിലേക്ക് പന്തുമായി ഓടിക്കയറി. തടയാന്‍ ശ്രമിച്ച ഗോളിയെയും ഫ്രഞ്ച് പ്രതിരോധ നിരയെയും നിഷ്പ്രഭരാക്കി അയാൾ പന്ത് സുരക്ഷിതമായി വലയിലെത്തിച്ചു. സിനദീൻ സിദാൻ അടങ്ങുന്ന ഫ്രഞ്ച് നിര ആ ​ഗോളിൽ വിറച്ചു. ക്രെയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് സെമി ഫൈനലിന്‍റെ നിയന്ത്രണം ഏറ്റെടുത്ത നിമിഷങ്ങളായിരുന്നു അത്. 

തിരിച്ചുവരവ്

1998 ഫുട്ബോൾ ലോകകപ്പിന്‍റെ അത്ഭുതം എന്തെന്ന് ചോദിച്ചാൽ അതിനുളള ഉത്തരം ക്രൊയേഷ്യയെന്ന് മാത്രമായിരിക്കും. അന്നാണ് അവര്‍ ആദ്യമായി ലോകകപ്പിന് യോ​ഗ്യത നേടിയത്. എന്നാൽ, ​ഗ്രൂപ്പ് പോരാട്ടങ്ങൾ മുതൽ മൂന്നാം സ്ഥാനക്കാർക്കായുളള മത്സരം വരെ ആവേശത്തോടെ കളിച്ച അവർക്ക് മുന്നിൽ ലോകകപ്പ് കിരീടനേട്ടത്തിന് സാധ്യത കൽപ്പിച്ചിരുന്ന ഹോളണ്ട് പോലും വീണുപോയി.

1998 ലോകകപ്പിൽ സെമിയിൽ ഒരു ​ഗോളിന് ലീഡ് ചെയ്ത ശേഷം, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാൻസിനോട് തോറ്റുപോയ അവർക്ക് അന്ന് മൂന്നാം സ്ഥാനം കൊണ്ട് ത്യപ്തിപ്പെടേണ്ടിവന്നു. സെമിഫൈനലിലെ 46-ാമത്തെ മിനിറ്റിൽ ക്രൊയേഷ്യയെ മുന്നിലെത്തിച്ച ആ ഒൻപതാം നമ്പര്‍ കുപ്പായക്കാരന്‍ ദാവോർ സൂക്കേറാണ് ഇപ്പോഴത്തെ ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍ പ്രസിഡന്‍റ് എന്നത് മറ്റൊരു യാദൃച്ഛികത.

അന്ന് ഫ്രഞ്ച് മണ്ണില്‍ ദൃശ്യമായ ക്രൊയേഷ്യൻ ഫുട്ബോൾ സൗന്ദര്യം പിന്നെയും ആസ്വദിക്കാൻ ലോകത്തിന് കാത്തിരിക്കേണ്ടി വന്നത് നീണ്ട 20 വര്‍ഷങ്ങളാണ്. 2018ൽ റഷ്യൻ ലോകകപ്പിലെത്തിയപ്പോൾ ക്രൊയേഷ്യന്‍ ഫുട്ബോളിന് വീഞ്ഞ് പോലെ വീര്യം കൂടിയിരിക്കുന്നു.

ഫ്രഞ്ച് ലോകകപ്പിൽ സ്വന്തം നാട്ടിലിറങ്ങിയവര്‍ക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്ന അവരുടെ കുതിപ്പിന് തടയിടാൻ പക്ഷേ ഈ ലോകകപ്പിലെ ആതിഥേയരായ റഷ്യയ്ക്ക് സാധിച്ചില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് റഷ്യയെ തകർത്ത് അവർ വീണ്ടും ഒരു സെമി പോരാട്ടത്തിന് തയ്യാറെടുക്കുന്നു. സെമിയിൽ ഇം​ഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

ഫുട്ബോള്‍ പോലെ മുന്നോട്ട് കുതിച്ച് ക്രൊയേഷ്യ

1991 ജൂണ്‍ എട്ടിനാണ് ഫെഡറല്‍ റിപ്ലബിക്ക് ഓഫ് യുഗോസ്ലേവാക്യ വിഭജിച്ച് ക്രൊയേഷ്യ രൂപീകൃതമായത്. 1992 മെയ് 22 ന് അവര്‍ക്ക് ഐക്യരാഷ്ട്രസഭ അംഗത്വവും ലഭിച്ചു. പുതിയതായി രൂപീകൃതമായ ഒരു രാജ്യമെന്ന നിലയിലുളള സാമ്പത്തിക പ്രശ്നങ്ങള്‍ ക്രൊയേഷ്യ ഏറെ നേരിട്ടു. അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യം അവരെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.

മദ്ധ്യ- കിഴക്കന്‍ രാജ്യമായ അവര്‍ കൂടുതലായി വിദേശ ബാങ്കുകളെ ആശ്രയിച്ചതാണ് സാമ്പത്തിക മാന്ദ്യം കടുക്കാന്‍ കാരണമായത്. 2013ല്‍ ക്രൊയേഷ്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം സാധ്യമായതോടെ സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. യൂറോപ്യന്‍ യൂണിയന്‍റെ സ്ട്രക്ച്ചറല്‍ ഫണ്ടുകള്‍ ക്രെയേഷ്യന്‍ സമ്പദ്ഘടനയെ പുരോഗതിയുടെ പടവുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

ശരിക്കും ക്രൊയേഷ്യക്കാര്‍ പറയുന്നത് തങ്ങളുടെ ഫുട്ബോളും സമ്പദ്ഘടനയും ഒരേപോലെയാണെന്നാണ്. രണ്ടും കഴിഞ്ഞ നാല് വര്‍ഷമായി ശക്തമായി ഉയര്‍ന്നുവരുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് നിന്ന് 2017 ആയപ്പോഴേക്കും വര്‍ഷികമായി സമ്പദ്ഘടന കൈവരിക്കുന്ന പുരോഗതി 2.8 ശതമാനമാണ്. ഈ വര്‍ഷം അന്താരാഷ്ട്ര നാണയനിധി ക്രൊയേഷ്യ കൈവരിക്കുമെന്ന് പ്രവചിച്ചിരുന്ന വളര്‍ച്ച നിരക്കിലേക്കാണ് അവര്‍ കുതിച്ചുകയറുന്നത്. 

ഫുട്ബോള്‍ നെഞ്ചോട് ചേര്‍ത്ത ജനത

ക്രൊയേഷ്യ കടന്നുപോകുന്ന ഏറ്റവും വലിയ ഭീഷണികളിലെന്ന് പണപ്പെരുപ്പം രാജ്യത്ത് സൃഷ്ടിക്കാന്‍ സാധ്യതയുളള പ്രതിസന്ധികളെ കൈകാര്യം ചെയ്യുകയെന്നതാണ്. അതിനെ പ്രതിരോധിക്കാനായി അവര്‍ ബജറ്റിലൂടെ ശ്രമങ്ങള്‍ നടത്തിവരുകയാണ്. പൊതുകടത്തെ താഴ്ത്തുന്നതിനായി അവര്‍ രക്ഷാപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് സമ്പദ്ഘടനയെ സുരക്ഷിതമാക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ തൊഴിലില്ലായ്മയില്‍ അവര്‍ മുന്നിലാണ്. എന്നാല്‍, ഇത്തരം പ്രതിസന്ധികള്‍ രാജ്യത്തെ ഫുട്ബോളിനെ ബാധിക്കരുതെന്ന കാര്യത്തില്‍ ക്രൊയേഷ്യന്‍ രാഷ്ട്രിയ നേതൃത്വത്തിനും ജനങ്ങള്‍ക്കും ഏക അഭിപ്രായമായിരുന്നു.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധമായി ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളിലേക്ക് കൂടുതല്‍ കുട്ടികളെത്തിയതോടെ ഫുട്ബോള്‍ ഒരു വികാരമായി രാജ്യത്ത് വളര്‍ന്നു. യുഗോസ്ലേവാക്യയ്ക്കായി തൊണ്ണൂറുകള്‍ വരെ ബൂട്ട് കെട്ടുകയും കൈയടിക്കുകയും ചെയ്തുകൊണ്ടിരുന്ന ക്രൊയേഷ്യന്‍ ജനത ഫുട്ബോള്‍ വളര്‍ച്ചയ്ക്കായുളള പദ്ധതികളെ വൈകാരികമായാണ് സ്വീകരിച്ചത്. ഇതോടെ ചെറുപ്പത്തില്‍ തന്നെ യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബുകളിലേക്ക് ക്രെയേഷ്യയുടെ കുട്ടികള്‍ കയറിപ്പറ്റി. ഇത് അവരുടെ ഫുട്ബോളിനെ വളര്‍ത്തി. 

റഷ്യന്‍ ലോകകപ്പിനിറങ്ങിയ സ്ക്വാഡില്‍ യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ സ്വാധീനം ഏറെയാണ്. ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് (റയല്‍ മാഡ്രിഡ്) ഇവാന്‍ റാക്കിറ്റിച്ച് (ബാഴ്സിലോണ) എന്നിവര്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ നിറസാന്നിധ്യമാണ്. ക്രൊയേഷ്യയുടെ ആഭ്യന്തര ഫുട്ബോള്‍ ടൂര്‍ണമെന്‍റുകളിലേക്ക് കഴിഞ്ഞ നാല് വര്‍ഷമായി സ്പോര്‍സര്‍ഷിപ്പുകളുടെ കുത്തൊഴുക്കുണ്ടായത് ക്രൊയേഷ്യന്‍ ഫുട്ബോളിനെ ഇനി അങ്ങോട്ടുളള നാളുകളില്‍ ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ശക്തിയാക്കി മാറ്റി.

ഫുട്ബോള്‍ ക്രൊയേഷ്യക്കാര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്നതിനുളള തെളിവായിരുന്നു ക്വാര്‍ട്ടര്‍ ജയിച്ച സ്വന്തം  ടീമിനെ പ്രോത്സാഹിപ്പിക്കാനായി ടീമിന്‍റെ ജേഴ്സി അണിഞ്ഞ് അവര്‍ക്കൊപ്പം നൃത്തം ചെയ്ത ക്രൊയേഷ്യന്‍ പ്രസിഡന്‍റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ചിയുടെ നടപടി. 

സ്വാതന്ത്രത്തിന് മുന്‍പ്

സ്വാതന്ത്രത്തിന് മുന്‍പ് വരെ ഒരു രാജ്യമായി നിന്ന സെര്‍ബിയക്കാരും ക്രൊയേഷ്യക്കാരും 1991നും 1995നും ഇടയില്‍ നടന്ന ക്രൊയേഷ്യന്‍ സ്വാതന്ത്ര യുദ്ധത്തില്‍ പരസ്പരം ഏറ്റുമുട്ടി. ക്രൊയേഷ്യയും സ്ലോവാക്യന്‍ സേനയും തമ്മില്‍ നടന്ന യുദ്ധം ഫലത്തില്‍ ക്രൊയേഷ്യ സെര്‍ബിയ യുദ്ധമായി മാറി. സെര്‍ബിയ നേരിട്ടല്ലെങ്കിലും, യുഗോസ്ലോവാക്യന്‍ സേനയില്‍ അധികവും സെര്‍ബിയക്കാരായിരുന്നതാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.

ക്രൊയേഷ്യ സ്വതന്ത്രമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ക്രൊയേഷ്യയും സെര്‍ബിയയും ചിരവൈരികളാണ്. റഷ്യന്‍ ലോകകപ്പില്‍ സെര്‍ബിയയും യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഇ യില്‍ നിന്ന് ഒരു ജയം മാത്രം സ്വന്തമാക്കാനായ അവര്‍ക്ക് പ്രീക്വര്‍ട്ടര്‍ പ്രവേശനം ലഭിച്ചില്ല.  ക്രൊയേഷ്യയുടെ വിജയങ്ങളോടൊപ്പം സെര്‍ബിയയുടെ പുറത്താകലും ക്രൊയേഷ്യയുടെ ചില പ്രദേശങ്ങളില്‍ ആഘോഷിച്ചതിന് കാരണം ഈ പഴയ വൈര്യമാകാം.

 

വീണ്ടും ക്രൊയേഷ്യ- ഫ്രാന്‍സ് പോര് നടക്കുമോ?

1998 ലെ മൂന്നാം സ്ഥാനക്കാരായ അവര്‍ക്ക് ഈ ലോകകപ്പില്‍ കിരീട നേട്ടത്തില്‍ കുറഞ്ഞ ലക്ഷ്യങ്ങളൊന്നുമില്ല. ഫ്രഞ്ച് ലോകകപ്പിനിറങ്ങിയ ടീമിനെ ക്രൊയേഷ്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ്ണ തലമുറയെന്നാണ് അറിയപ്പെടുന്നത്. അതെ സുവര്‍ണ്ണ തലമുറ വീണ്ടും റഷ്യന്‍ മണ്ണില്‍ നിന്ന് തങ്ങള്‍ക്കായി ലോകകിരീടം കൊണ്ടുവരും എന്ന് തന്നെയാണ് ക്രൊയേഷ്യന്‍ ജനതയുടെ വിശ്വാസം.

1998 ഫിഫ ലോകകപ്പിന്‍റെ സെമിഫൈനലിന്‍റെ ആവര്‍ത്തനം മോസ്കോയില്‍ ജൂലൈ 15ന് സംഭവിക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ റഷ്യന്‍ തലസ്ഥാനത്ത് തീപാറുമെന്നുറപ്പാണ്. പഴയ സെമി തോല്‍വിക്ക് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പകരം വീട്ടാന്‍ ക്രൊയേഷ്യയ്ക്ക് ലഭിക്കുന്ന സുവര്‍ണ്ണ അവസരമായിരിക്കും അത്.       

          

 

Show Full Article


Recommended


bottom right ad