ഉണക്കമാങ്ങയിട്ട നത്തോലി കറി തയ്യാറാക്കാം
ചോറിന്റെ കൂടെ ഉണക്കമാങ്ങയിട്ട നല്ല നത്തോലി കറി ഉണ്ടെങ്കിൽ പിന്നെ വെറെയൊന്നും വേണ്ട. ഒരു പറ ചോറുണ്ണാൻ ഈ മീൻ കറി മതി. കൊതിയൂറും ഉണക്കമാങ്ങയിട്ട നത്തോലി കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ...
നത്തോലി മീൻ ഒരു കിലോ
ഉണക്കമാങ്ങാ ഒരു പിടി
അരപ്പിന്:
തേങ്ങാ രണ്ടു പിടി
മുളക് പൊടി അര ടേബിൾസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മല്ലിപൊടി അര ടീസ്പൂൺ
എല്ലാം കൂടി മിക്സിയിൽ അരച്ച് പേസ്റ്റ് പോലെ ആക്കിയെടുക്കാം.
കടുക് വറുക്കാൻ:
കടുക്
വറ്റൽ മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം...
ആദ്യം ഉണക്കമാങ്ങാ കുറച്ച് നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കണം.
ഇനി അത് ഒരു ചട്ടിയിൽ ആ വെള്ളം ഉൾപ്പടെ വേവിക്കാൻ വയ്ക്കാം . അതിലേക്ക് അൽപം ഉപ്പും നത്തോലിയും ചേർത്ത് കൊടുക്കുക.
ശേഷം തേങ്ങാ അരച്ചത് ചേർത്ത് കൊടുക്കാം. ആവശ്യത്തിന് വെള്ളവും ചേർക്കാം. എല്ലാം വെന്തു തിളച്ച ശേഷം കടുക് താളിച്ചു ചേർക്കാം. കറി തയ്യാറായി...