Onam 2023 : ഓണത്തിന് സ്പെഷ്യൽ പഞ്ചധാന്യ പായസം തയ്യാറാക്കാം

വ്യത്യസ്തമായി ഒരു പായസം തയ്യാറാക്കിയാലോ?. ഹെൽത്തിയും രുചികരവുമാണ് ഈ പായസം. 

onam 2023 how to make easy and tasty pancha dhanya payasam -rse-

ഓണത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് അഞ്ചു ധാന്യങ്ങൾ ചേർന്ന പായസം തയ്യാറാക്കിയാലോ? ഹെൽത്തിയും രുചികരവുമായ പഞ്ചധാന്യ പായസം എളുപ്പം ഉണ്ടാക്കാം. 

വേണ്ട ചേരുവകൾ...

ചെറുപയർ                     1/2 കപ്പ് 
ചൗവരി                          1 കപ്പ് 
നുറുക്ക് ഗോതമ്പ്         1/2 കപ്പ് 
കടല പരിപ്പ്                  1 കപ്പ് 
മില്ലെറ്റ്                            1/2 കപ്പ് 
ശർക്കര                          1/2 കിലോ 
തേങ്ങാ പാൽ ഒന്നാം പാൽ  3  ഗ്ലാസ്സ് 
രണ്ടാം പാൽ                    4 ഗ്ലാസ്സ് 
ഏലക്ക                              2 സ്പൂൺ 
നെയ്യ്                               3 സ്പൂൺ 
ബദാം                               100 ഗ്രാം 

തയ്യാറാക്കുന്ന വിധം...

ധാന്യങ്ങളെല്ലാം ഒരു ബൗളിലേക്ക് എടുത്തതിനുശേഷം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കുക.  അതിനുശേഷം ഒരു കുക്കറിലേക്ക് ഇത് മാറ്റുക, അതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ഒഴിച്ചുകൊടുത്ത് രണ്ടാം പാലിൽ വേണം ഇത് വേവിച്ചെടുക്കേണ്ടത്.  ധാന്യങ്ങളെല്ലാം നന്നായി വെന്തു വരാൻ പാകത്തിന് തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. അത് നന്നായി വെന്തതിനു ശേഷം.

ഇത് മറ്റൊരു പാത്രത്തിലേക്ക് ചുവടുകട്ടിയുള്ള പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് ശർക്കര പാനി  ഉരുക്കി അരിച്ചത് കൂടി ഒഴിച്ചു കൊടുക്കുക. ഇത് നന്നായിട്ട് കുറുകി വരണം, തേങ്ങാപ്പാലിൽ വെന്ത ധാന്യങ്ങളിലേക്ക്, ശർക്കരപ്പാനി ചേർന്ന് നന്നായിട്ട് വെന്ത് കുറുകി വരുമ്പോൾ മാത്രം തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചു കൊടുക്കുക. ഇത് നന്നായിട്ട് തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഏലക്ക പൊടി കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.

രണ്ടു സ്പൂൺ നെയ്യ് കൂടി ഈ സമയത്ത് ഒഴിച്ചു കൊടുക്കാം.  പായസം നന്നായി കുറഞ്ഞു കുറുകി ഒരു പ്രഥമൻ രൂപത്തിലായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യിൽ വറുത്തെടുത്തിട്ടുള്ള ബദാം കൂടി ചേർത്തു കൊടുക്കാം. ഇഷ്ടമുള്ള നട്സ് ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ്. പക്ഷേ ധാന്യങ്ങൾ കൊണ്ടുള്ള പായസം ആയതുകൊണ്ട് തന്നെ ധാന്യങ്ങളുടെ സ്വാദ്മുഴുവനായും കിട്ടുന്നതിനായിട്ട് വളരെ കുറച്ചു നട്സ് മാത്രമേ ചേർക്കുന്നുള്ളൂ. തേങ്ങാക്കൊത്ത് ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തുകൊടുക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ 

ഈ ഓണത്തിന് സ്പെഷ്യൽ മിക്സഡ് ഫ്രൂട്ട് പായസം തയ്യാറാക്കിയാലോ ?

 

Latest Videos
Follow Us:
Download App:
  • android
  • ios