Asianet News MalayalamAsianet News Malayalam

പട്ടിണി മൂലം ഓരോ മണിക്കൂറിലും ആറ് കുഞ്ഞുങ്ങള്‍ വീതം മരിച്ചുവീഴുന്ന നാട്

ആഭ്യന്തരയുദ്ധം ആദ്യം രാജ്യത്തെ ഭക്ഷണശൃംഖലയെ നശിപ്പിച്ചു. ഇതിന് പിന്നാലെ രാജ്യത്തേക്കുള്ള ഇറക്കുമതിയും നിര്‍ത്തലാക്കപ്പെട്ടു. അതോടെ, മുഴുപട്ടിണിയിലേക്ക് വരെ ഇവിടത്തെ വലിയൊരു വിഭാഗം ജനത എടുത്തെറിയപ്പെട്ടു. പോഷകാഹാരക്കുറിന് പുറമെ കുടിവെള്ളത്തിന് പോലും ക്ഷാമം വന്നതോടെ രാജ്യത്ത് കോളറ പടര്‍ന്നുപിടിച്ചു
 

six children die every hour from starvation in yemen
Author
Yemen, First Published Oct 2, 2019, 8:21 PM IST

പട്ടിണി മൂലം മണിക്കൂറില്‍ ആറ് കുഞ്ഞുങ്ങള്‍ വീതം മരിച്ചുവീഴുന്നൊരു നാടിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് യെമന്‍ ആണ് ഇത്തരത്തില്‍ ദാരുണമായ ഒരവസ്ഥയിലെത്തിയിരിക്കുന്നത്. ആഭ്യന്തരയുദ്ധം ആദ്യം രാജ്യത്തെ ഭക്ഷണശൃംഖലയെ നശിപ്പിച്ചു. ഇതിന് പിന്നാലെ രാജ്യത്തേക്കുള്ള ഇറക്കുമതിയും നിര്‍ത്തലാക്കപ്പെട്ടു. 

അതോടെ, മുഴുപട്ടിണിയിലേക്ക് വരെ ഇവിടത്തെ വലിയൊരു വിഭാഗം ജനത എടുത്തെറിയപ്പെട്ടു. പോഷകാഹാരക്കുറിന് പുറമെ കുടിവെള്ളത്തിന് പോലും ക്ഷാമം വന്നതോടെ രാജ്യത്ത് കോളറ പടര്‍ന്നുപിടിച്ചു. ശരാശരി അയ്യായിരം പേര്‍ക്കെങ്കിലും ദിവസവും കോളറ സ്ഥിരീകരിക്കുന്നയത്രയും ഭീകരമായ അവസ്ഥ വന്നു. ആയിരക്കണക്കിന് പേര്‍ കോളറ പിടിപെട്ട് മരിച്ചുവീണു. ഇതില്‍ മുക്കാല്‍ഭാഗവും കുഞ്ഞുങ്ങളായിരുന്നുവെന്ന് ഓര്‍ക്കണം.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ പല തവണ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം നടന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല. സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും യെമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഹൂത്തികള്‍ക്കെതിരെ സൈന്യവുമായി പക്ഷം ചേര്‍ന്ന് നിന്നിരുന്നു. 

ഒരിക്കലും അവസാനിക്കാത്ത കലഹം പോലെ യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നത് രാജ്യത്തെ അടിമുടി ഉലയ്ക്കുക തന്നെ ചെയ്തു. ഭക്ഷണമില്ലാതെ മെലിഞ്ഞ്, ഒട്ടിയുണങ്ങിയ ദേഹവുമായി യെമനി കുഞ്ഞുങ്ങളുടെ നിസഹായമായ മുഖം എത്രയോ തവണ വാര്‍ത്താമാധ്യമങ്ങളില്‍ വന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് യെമന്‍ ആരോഗ്യമന്ത്രാലയം ഇപ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ഓരോ പത്ത് മിനുറ്റിലും ഒരു കുട്ടിയെങ്കിലും ഇവിടെ പട്ടിണി മൂലം മരിച്ചുവീഴുന്നുവെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇരുപത് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവോ പട്ടിണിയോ നേരിടുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഭക്ഷണത്തിനായി ലോകത്തിലേക്ക് വച്ചേറ്റവും ബുദ്ധിമുട്ടുന്ന രാജ്യമായി ഐക്യരാഷ്ട്രസഭയുടെ 'ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍' അടുത്തിടെ തെരഞ്ഞെടുത്ത രാജ്യവും യെമന്‍ തന്നെ. 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ യെമനിലെ അവസ്ഥ അപകടകരമായ തലത്തിലേക്കെത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മാനുഷികപ്രശ്‌നങ്ങള്‍ ഏറ്റവുമധികം നേരിടുന്ന ലോകരാജ്യവും യെമന്‍ തന്നെയെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios