Asianet News MalayalamAsianet News Malayalam

മെസ്സിയെ ലോക ഫുട്ബോളറാക്കാന്‍ ഫിഫ വോട്ടിംഗില്‍ തിരിമറി നടത്തിയെന്ന് ആരോപണം

എന്തുകൊണ്ടാണ് മെസ്സിക്ക് വോട്ട് ചെയ്തതെന്ന നിക്കാരഗ്വന്‍ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബറേറ താന്‍ ഇത്തവണ വോട്ടേ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം താന്‍ മെസ്സിക്ക് വോട്ട് ചെയ്തിരുന്നുവെന്നും ഈ വര്‍ഷം ആര്‍ക്കും ചെയ്തിട്ടില്ലെന്നും ബറേറ പറഞ്ഞു.

Fifa accused of RIGGING World Player of the Year
Author
Milan, First Published Sep 26, 2019, 8:33 PM IST

സൂറിച്ച്: ബാഴ്സലോണ നായകന്‍ ലിയോണല്‍ മെസ്സിയെ ലോക ഫുട്ബോളറായി തെര‍ഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ ഒത്തുകളി നടത്തിയെന്ന് ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫിഫ വ്യക്തമാക്കി. നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ജുവാന്‍ ബറേറയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. മികച്ച ഫുട്ബോളറെ തെര‍ഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ താന്‍ വോട്ടേ ചെയ്തിരുന്നില്ലെന്ന് ബറേറ പറഞ്ഞു. എന്നാല്‍ ഫിഫയിലെ വോട്ടിംഗ് രേഖകള്‍ പ്രകാരം ബറേറയുടെ ആദ്യ വോട്ട് മെസ്സിക്കും രണ്ടാം വോട്ട് സാഡിയോ മാനെക്കും മൂന്നാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമാണ്.

എന്തുകൊണ്ടാണ് മെസ്സിക്ക് വോട്ട് ചെയ്തതെന്ന നിക്കാരഗ്വന്‍ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബറേറ താന്‍ ഇത്തവണ വോട്ടേ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം താന്‍ മെസ്സിക്ക് വോട്ട് ചെയ്തിരുന്നുവെന്നും ഈ വര്‍ഷം ആര്‍ക്കും ചെയ്തിട്ടില്ലെന്നും ബറേറ പറഞ്ഞു. കഴിഞ്ഞവര്‍ഷം എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കുന്ന ഈ മെയില്‍ തനിക്ക് ലഭിച്ചിരുന്നുവെന്നും ഈ വര്‍ഷം അത്തരത്തിലൊരു നിര്‍ദേശവും തനിക്ക് ലഭിച്ചില്ലെന്നും ബറേറ പറഞ്ഞു.

ഇതിന് പിന്നാലെ ഈജിപ്തില്‍ നിന്ന് ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്ക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ കണക്കിലെടുത്തില്ലെന്ന ആരോപണവുമായി ഈജിപ്ത് ഫുട്ബോള്‍ ഫെഡറേഷനും രംഗത്തെത്തി. എന്നാല്‍ ഈജിപ്ത് ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കിയ വോട്ടിംഗ് ഫോമുകളിലെ ഒപ്പുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തിലായതും വോട്ടിംഗ് ഫോമുകളില്‍ ഫെഡറേഷന്‍റെ ഒപ്പ് ഇല്ലാത്തുമാണ് ഈ വോട്ടുകള്‍ അസാധുവാകാന്‍ കാരണമെന്ന് ഫിഫ വക്താവ് പറഞ്ഞു.

Fifa accused of RIGGING World Player of the Yearനിക്കാരഗ്വന്‍ നായകന്‍ വോട്ട് ചെയ്യാതെ തന്നെ മെസ്സിക്ക് വോട്ട് ലഭിച്ചുവെന്ന ആരോപണം പരിശോധിച്ചുവെന്നും തങ്ങളുടെ കൈവശമുള്ള വോട്ടിംഗ് ഫോമുകളില്‍ ബറേറയുടെ ഒപ്പും നിക്കാരഗ്വന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സീലും ഉണ്ടെന്നും വ്യക്തമാക്കിയ ഫിഫ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിക്കാരഗ്വന്‍ ഫുട്ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

തങ്ങളുടെ വോട്ടും അട്ടിമറിച്ചുവെന്ന ആരോപണവുമായി സുഡാന്‍ ഫുട്ബോള്‍ അസോസിയേഷനും ഫിഫക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സുഡാന്‍ ദേശീയ ടീം പരിശീലകന്‍  ഡ്രവ്കോ ലുഗാരിസിക്കാണ് താന്‍ വോട്ട് ചെയ്തത് മുഹമ്മദ് സലായ്ക്ക് ആണെന്നും എന്നാല്‍ ഇത് മായ്ചു കളഞ്ഞ് മെസ്സിക്ക് വോട്ട് ചെയ്തതായി തിരുത്തിയെന്നും ആരോപിച്ച് രംഗത്തെത്തിയത്.

തിങ്കളാഴ്ച മിലാനില്‍ നടന്ന ചടങ്ങില്‍ വിര്‍ജില്‍ വാന്‍ഡിക്ക്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസ്സി ആറാം തവണ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്. മെസ്സിക്ക് 46ഉം വാന്‍ഡിക്കിന് 38ഉം റൊണാള്‍ഡോയ്ക്ക് 36ഉം വോട്ടുകളാണ് ലഭിച്ചത്. ദേശീയ ടീം ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍മാര്‍ക്കുമാണ് വോട്ടിംഗിന് അവകാശമുണ്ടായിരുന്നത്.

Also Read: ഇത് ഫുട്ബോളിലെ എക്കാലത്തെയും മികച്ച രക്ഷപ്പെടുത്തലോ?; ഈജിപ്ത് ഗോള്‍ കീപ്പറുടെ അത്ഭുത സേവില്‍ കണ്ണുതള്ളി ആരാധകര്‍

Follow Us:
Download App:
  • android
  • ios