Asianet News MalayalamAsianet News Malayalam

മാറക്കാനയിലും നാണംകെട്ട് ബ്രസീല്‍, ഹാട്രിക് തോല്‍വി; 'തല' കുലുക്കി പാഞ്ഞ് അര്‍ജന്‍റീന

മാറക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്

FIFA World Cup 2026 qualifiers Nicolas Otamendi scores Brazil lose to Argentina at Maracana jje
Author
First Published Nov 22, 2023, 8:26 AM IST

മാറക്കാന: ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ാം മിനുറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ 0-1ന്‍റെ ജയം സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. 

ഗോളില്ലാ ആദ്യ പകുതി

മാറക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിനീഷ്യസ് ജൂനിയറിന് ഇറങ്ങാനാവാതെ വന്നപ്പോള്‍ പരിക്ക് മാറി ഗബ്രിയേല്‍ ജെസ്യൂസ് ബ്രസീലിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് മടങ്ങിവന്നു. ഗ്യാലറിയിലെ ആരാധകരുടെ കൂട്ടയടി കാരണം വൈകിയാരംഭിച്ച മത്സരത്തില്‍ മൈതാനവും തീപിടിച്ചു. ബ്രസീല്‍-അര്‍ജന്‍റീന താരങ്ങള്‍ പലതവണ മൈതാനത്ത് മുഖാമുഖം വന്നു. അര്‍ജന്‍റീനയുടെ ലിയോണല്‍ മെസിയും ബ്രസീലിന്‍റെ റോഡ്രിഗോയും കൊമ്പുകോര്‍ത്തു. കളി പരുക്കനായി തുടര്‍ന്നതോടെ ബ്രസീലിയന്‍ താരങ്ങള്‍ക്ക് നേര്‍ക്ക് മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ തന്നയെത്തി. ഒടുവില്‍ ആദ്യപകുതി പിരിയുമ്പോള്‍ ഇരു ടീമും വല ചലിപ്പിക്കാന്‍ മറന്നു. നിര്‍ണായകമായ ഫ്രീകിക്കുകളില്‍ ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായില്ല. 

ഫലമെഴുതി ഒട്ടാമെന്‍ഡി

മാര്‍ക്വീഞ്ഞോസിന് പകരം നിനോയെ ഇറക്കിയാണ് ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയത്. എന്നാല്‍ 63-ാം മിനുറ്റില്‍ എത്തിയ കോര്‍ണര്‍ കിക്ക് അര്‍ജന്‍റീനയ്‌ക്ക് ആശ്വാസ ഗോളും ബ്രസീലിന് നെഞ്ചിടിപ്പുമൊരുക്കി. ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒട്ടാമെന്‍ഡി ഉയര്‍ന്ന് ചാടി തലകൊണ്ട് ബ്രസീലിയന്‍ ഗോളി അലിസന്‍ ബെക്കറിനെ മറികടന്ന് വല ചലിപ്പിക്കുകയായിരുന്നു. 81-ാം മിനുറ്റില്‍ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ബ്രസീല്‍ കൂടുതല്‍ പരുങ്ങലിലായി. പിന്നീട് മടക്ക ഗോളിനുള്ള കരുത്ത് സ്വന്തം കാണികള്‍ക്ക് മുന്നിലും ബ്രസീലിനുണ്ടായിരുന്നില്ല. 

സ്റ്റാര്‍ട്ടിംഗ് ഇലവനുകള്‍

ബ്രസീല്‍: ഗബ്രിയേല്‍ ജെസ്യൂസ്, റഫീഞ്ഞ, റോഡ്രിഗോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ആന്ദ്രേ നെറ്റോ, ബ്രൂണോ ഗ്വിമാറസ്, എമേഴ്‌സണ്‍ റോയല്‍, മാര്‍ക്വീഞ്ഞോസ്, ഗബ്രിയേല്‍ മഗാല്‍ഹോസ്, കാര്‍ലോസ് അഗസ്റ്റോ, അലിസണ്‍ ബെക്കര്‍. 

അര്‍ജന്‍റീന: ജൂലിയന്‍ ആല്‍വാരസ്, ലിയോണല്‍ മെസി, അലെക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡീ പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലോ സെല്‍സോ, മാര്‍ക്കസ് അക്യൂന, നിക്കോളാസ് ഒട്ടാമെന്‍ഡി, ക്രിസ്റ്റ്യന്‍ റൊമീറോ, നഹ്വല്‍ മൊളീന, എമി മാര്‍ട്ടിനസ്.

Read more: കൂവല്‍, പോര്‍വിളി, ഒടുവില്‍ ബ്രസീല്‍-അര്‍ജന്‍റീന ആരാധകരുടെ കൂട്ടയടി; കിക്കോഫ് വൈകി, കളംവിട്ട് മെസിയും സംഘവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios