Asianet News MalayalamAsianet News Malayalam

കൊച്ചി പഴയ കൊച്ചി തന്നെ; മണിക്കൂറുകള്‍ക്ക് മുന്‍പേ നഗരം മഞ്ഞക്കടലാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

എടികെയ്‌ക്കെതിരായ ഉദ്ഘാടന മത്സരം നേരില്‍ കാണാനായി 41 ബസുകളിലാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകരെത്തിയത്.

ISL 2019 20 Kerala Blasters vs ATK Manjappada Fans in Kochi
Author
Kochi, First Published Oct 20, 2019, 5:36 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണ്‍ കിക്കോഫിന് മണിക്കൂറുകള്‍ക്ക് മുന്‍പേ കൊച്ചിയെ മഞ്ഞക്കടലാക്കി 'മഞ്ഞപ്പട ആരാധകര്‍'. എടികെക്കെതിരായ ഉദ്ഘാടന മത്സരം നേരില്‍ കാണാനായി 41 ബസുകളിലാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെത്തിയത്. ആരാധകരുടെ ചിത്രങ്ങള്‍ ക്ലബ് സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

രാത്രി ഏഴരയ്‌ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മത്സരം ആരംഭിക്കുക. പുതിയ പരിശീലകന്‍, പുതിയ നായകന്‍, പുതിയ തന്ത്രങ്ങള്‍ അങ്ങനെ എല്ലാം പുതുക്കിയാണ് മഞ്ഞപ്പട എത്തുന്നത്. നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകന്‍ എൽക്കോ ഷാറ്റോറിയെയും നൈജീരിയന്‍ ഗോളടിയന്ത്രം ബർത്തലോമിയോ ഓഗ്‌ബെച്ചേയെയും മഞ്ഞപ്പടയിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെ‌ന്‍റ്  ആറാം സീസണ് കോപ്പുകൂട്ടിയത്. 

കളത്തിന് പുറത്തെ അവകാശവാദങ്ങളിലേക്കൊതുങ്ങിയ രണ്ട് സീസണിന് ഒടുവില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തുടക്കമാണ് മഞ്ഞപ്പട തേടുന്നത്. സന്തുലിതമായ ടീമെന്ന സ്വപ്നം ഒരുപരിധി വരെ മഞ്ഞപ്പട യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. പ്രതിരോധകോട്ടയിലെ വിശ്വസ്തന്‍ സന്ദേശ് ജിംഗാനും ചില വിദേശതാരങ്ങളും പരിക്കിന്‍റെ പിടിയിലായത് തിരിച്ചടിയാണെങ്കിലും സഹലും സിഡോഞ്ചയും അടങ്ങുന്ന മധ്യനിര അധ്വാനിച്ച് കളിക്കുമെന്നുറപ്പ്. 

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബ്ലാസ്റ്റേഴ്‌സും എടികെയും ഉദ്ഘാടനമത്സരത്തിൽ നേര്‍ക്കുനേര്‍ വരുന്നത്. 2017ൽ സമനിലയും കഴിഞ്ഞ വര്‍ഷം കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്‌സിന് വിജയവും നേടാനായി. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങില്‍ സൗരവ് ഗാംഗുലിയുടെയും ബോളിവുഡ് താരങ്ങളുടെയും സാന്നിധ്യം ആകര്‍ഷകമാകും. ദുൽഖര്‍ സൽമാനാണ് ഉദ്ഘാടനച്ചടങ്ങിന്‍റെ അവതാരകന്‍. 

Follow Us:
Download App:
  • android
  • ios