Asianet News MalayalamAsianet News Malayalam

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; സച്ചിന്‍ സുരേഷിന് ശസ്ത്രക്രിയ വേണ്ടിവരും, സീസണ്‍ നഷ്ടമാകാന്‍ സാധ്യത

ചെന്നെയിന്‍ എഫ്സിയുമായുള്ള അവസാന മത്സരത്തിനിടെയാണ് സച്ചിൻ സുരേഷിന്‍റെ തോളിന് ഗുരുതരമായി പരിക്കേറ്റത്

ISL 2023 24 big setback to Kerala Blasters as first choice goalkeeper Sachin Suresh will undergo surgery in Mumbai
Author
First Published Feb 20, 2024, 6:00 PM IST

കൊച്ചി: ഐഎസ്എല്‍ 2023-24 സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കേ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും. താരം ഉടൻ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാകും എന്ന് ക്ലബ് അറിയിച്ചു. സച്ചിന് സുരേഷിന് തോളെല്ലില്‍ ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. ചികില്‍സക്കായി അടുത്ത ദിവസം സച്ചിൻ മുംബൈയിലേക്ക് പോകും. ഇനി ഈ സീസണിൽ സച്ചിൻ സുരേഷ് കളിക്കാൻ സാധ്യതയില്ല.

ചെന്നെയിന്‍ എഫ്സിയുമായുള്ള അവസാന മത്സരത്തിനിടെയാണ് സച്ചിൻ സുരേഷിന്‍റെ തോളിന് ഗുരുതരമായി പരിക്കേറ്റത്. ആദ്യം ചെന്നൈയിലും പിന്നീട് കൊച്ചിയിലും സച്ചിന്‍ സുരേഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. താരം രണ്ട് ദിവസത്തിനകം മുംബൈയിലേക്ക് പോയേക്കും. കൊച്ചിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷമാകും സച്ചിന്‍ സുരേഷ് മുംബൈയിലേക്ക് പോവുക. സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത സച്ചിന്‍റെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാവും. പെനാല്‍റ്റി സമ്മര്‍ദത്തെ അടക്കം അനായാസം മറികടന്ന താരമാണ് സച്ചിന്‍ സുരേഷ്. ഇനിയുള്ള മത്സരങ്ങളിൽ കരൺ ജിത്താകും കേരള ബ്ലാസ്റ്റേഴ്സിന്‍റെ വല കാക്കുക. 

ഐഎസ്എല്‍ സീസണില്‍ 15 മത്സരങ്ങളില്‍ എട്ട് ജയവും രണ്ട് സമനിലയും സഹിതം 26 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. പരിക്കിന്‍റെ ആശങ്കകള്‍ക്കിടയിലും പ്ലേ ഓഫ് സാധ്യത ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തുന്നു. വരുന്ന ഞായറാഴ്‌ച (ഫെബ്രുവരി 25) കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ എഫ്‌സി ഗോവയ്ക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികളില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നു. സച്ചിന്‍ സുരേഷിന് പരിക്കേറ്റ അവസാന മത്സരത്തില്‍ ചെന്നെയിനോട് എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. 

Read more: ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി, ഇത്തവണ വീഴ്ത്തിയത് ചെന്നൈയിന്‍ എഫ് സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios