Asianet News MalayalamAsianet News Malayalam

എഫ്‌സി ഗോവ ഗോളടി മേളം, കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കട്ട ശോകം; രണ്ട് ഗോളിന് പിന്നില്‍

തുടര്‍ച്ചയായ മൂന്ന് തോല്‍വികളില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ഇറങ്ങിയത്

ISL 2023 24 Kerala Blasters conceded two goal against FC Goa in first 45 minutes
Author
First Published Feb 25, 2024, 8:20 PM IST

കൊച്ചി: ഐഎസ്എല്‍ 2023-24 സീസണില്‍ അനിവാര്യ ജയം തേടി കൊച്ചിയിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യപകുതിയില്‍ നിരാശ. കിക്കോഫായി 17 മിനുറ്റിനിടെ തന്നെ എതിരാളികളായ എഫ്‌സി ഗോവ ഇരട്ട ഗോളിന് മുന്നിലെത്തി. ഏഴാം മിനുറ്റില്‍ റൗളിന്‍ ബോര്‍ജെസും 17-ാം മിനുറ്റില്‍ മുഹമ്മദ് യാസിറുമാണ് പന്ത് മഞ്ഞപ്പടയുടെ വലയിലെത്തിച്ചത്. 23-ാം മിനുറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡായത് ബ്ലാസ്റ്റേഴ്‌സിന്‍റെ കിതപ്പ് കുറച്ചു.  

തുടര്‍ച്ചയായ മൂന്ന് തോല്‍വികളില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ഇറങ്ങിയത്. പരിക്ക് കനത്ത തിരിച്ചടി നല്‍കിയതിനാല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് നിര്‍ബന്ധിതനായി. തോളിന് പരിക്കേറ്റ സച്ചിന്‍ സുരേഷിന് പകരം കരണ്‍ജിത് സിംഗാണ് വല കാക്കാനിറങ്ങിയത്. ഫെദോർ ചെർണിച്ചും ദിമിത്രോസ് ഡയമന്‍റക്കോസും സ്ട്രൈക്കര്‍മാരായി 4-4-2 എന്ന പതിവ് ശൈലിയാണ് ഇവാന്‍ അവലംബിച്ചത്. രാഹുല്‍ കെ പിയും ജീക്‌സണ്‍ സിംഗും വിബിന്‍ മോഹനും ദൈസുകെ സകായും മധ്യനിരയിലും സന്ദീപ് സിംഗും ഹോര്‍മിപാമും മിലോസ് ഡ്രിന്‍സിച്ചും നാച്ചോ സിംഗും പ്രതിരോധത്തിലും എത്തി. 

കൊച്ചിയിലെ ആദ്യപകുതി കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു തരത്തിലും പ്രതീക്ഷ നല്‍കുന്നതായില്ല. പന്ത് കൃത്യമായി സ്വീകരിക്കാന്‍ സ്ട്രൈക്കര്‍മാര്‍ ബോക്സില്‍ പലപ്പോഴും എത്തിയില്ല. ദിമിത്രോസ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോളായി മാറ്റാന്‍ സാധിച്ചില്ല. 41-ാം മിനുറ്റില്‍ ദിമിയുടെ മികച്ച ട്രൈ ഗോളായില്ല. മൂന്ന് മിനുറ്റ് ഇഞ്ചുറിടൈമും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ കഴിയാതെപോയി. ഐഎസ്എല്‍ 2023-24 സീസണില്‍ 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. 28 പോയിന്‍റുമായി എഫ്‌സി ഗോവ നാലാമതും. ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഗോവയെ മറികടന്ന് നാലാമതെത്താം. 

Read more: പരിക്കില്‍ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്! തലപുകഞ്ഞ് വുകോമാനോവിച്ച്; ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios