Asianet News MalayalamAsianet News Malayalam

12,000 രൂപയ്ക്ക് താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ ഇന്ത്യ: റിപ്പോർട്ട്

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയിലെ വിലകുറഞ്ഞ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കമ്പനികളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. 

India Seeks To Ban Chinese Phones Cheaper Than price 12000
Author
New Delhi, First Published Aug 9, 2022, 11:44 AM IST

ദില്ലി: 12,000 രൂപയില്‍ കുറവുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഷവോമി പോലുള്ള ഇന്ത്യന്‍ വിപണിയിലെ മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ആഭ്യന്തര വ്യവസായത്തിന് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം വരാന്‍ ഇടയാകുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയിലെ വിലകുറഞ്ഞ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കമ്പനികളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ചൈറിയ വിലക്കുറവുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനീസ് ഫോണുകള്‍ മേധാവിത്വം നേടുന്നത് വളരെ ഗൌരവമേറിയ വിഷയമാണെന്നും ഇത് തീര്‍ച്ചയായും അഭിസംബോധന ചെയ്യേണ്ട കാര്യമാണെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത് എന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഈ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ എൻട്രി ലെവൽ സ്മാര്‍ട്ട് ഫോണ്‍ മാർക്കറ്റിൽ നിന്ന് നിരോധിക്കാനുള്ള നീക്കം ഷവോമി അടക്കം ചൈനീസ് ബ്രാന്‍റുകള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും. ഈ കമ്പനികളുടെ സ്വന്തം വിപണിയായ ചൈനയില്‍ കൊവിഡ് കാല തിരിച്ചടികള്‍ നേരിട്ടപ്പോഴും ചൈനീസ് ബ്രാന്‍റുകള്‍ ശക്തരായി തുടര്‍ന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വിപണിയിലെ പങ്കാളിത്തത്തിലൂടെയായിരുന്നു. 2022 ജൂൺ വരെയുള്ള പാദത്തിൽ 12,000ത്തിന് താഴെയുള്ള സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയുടെ വിൽപ്പന അളവിന്റെ മൂന്നിലൊന്ന് ചൈനീസ് ബ്രാന്‍റുകളാണ് നേടിയത് എന്നാണ്  വിപണി ട്രാക്കർ കൗണ്ടർപോയിന്‍റ് പറയുന്നത്. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 80 ശതമാനം ചൈനീസ് ബ്രാന്‍റുകളാണ് എന്നും കണക്കുകള്‍ പറയുന്നു.

നരേന്ദ്ര മോദി സർക്കാർ ചൈനീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ അതിന് മുന്‍പ് ഔപചാരികമായോ, അനൌദ്യോഗികമായോ ചൈനീസ് കമ്പനികളുമായി വിഷയത്തില്‍ കേന്ദ്രം സംസാരിക്കുമോ എന്ന് വ്യക്തമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം ചൈനീസ് കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമീപ മാസങ്ങളില്‍ സാമ്പത്തിക അന്വേഷണങ്ങള്‍ ശക്തമാക്കിയിരുന്നു.  ഷവോമി, ഒപ്പോ, വിവോ എന്നീ കമ്പനികള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടക്കുകയാണ്. വിവോ ഡയറക്ടര്‍മാര്‍ അന്വേഷണത്തെതുടര്‍ന്ന് ഇന്ത്യ വിട്ടു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

നേരത്തെ തന്നെ ചൈനീസ് കമ്പനികളുടെ ടെലികോം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ അനൗദ്യോഗിക മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ചൈനീസ് നെറ്റ്‌വർക്കിംഗ് ഗിയറിനെ നിരോധിക്കുന്ന ഔദ്യോഗിക നയമൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യന്‍ ടെലികോം കമ്പനികളെ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കേന്ദ്രം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

2020 അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് മുകളില്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു . ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യ 300 ലധികം ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാകാം പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍.

ഇതില്‍ ടിക്ടോക്ക് അടക്കം അന്ന് ജനപ്രിയമായ ആപ്പുകള്‍ ഉണ്ടായിരുന്നു.  ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ശക്തമായ കാലത്താണ് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ കടന്നുവന്നു മുന്നേറ്റം നടത്തിയത്. 

ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികളുടെ ആധിപത്യമാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍. എന്നാൽ അവരുടെ വിപണി ആധിപത്യം "സൗജന്യവും ന്യായവുമായ മത്സരത്തിന്റെ അടിസ്ഥാനത്തിലല്ല", എന്നാണ് കേന്ദ്ര ഐടിമന്ത്രി ആഴ്ച ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തോട് പറഞ്ഞത്. ഇന്ത്യയിലെ മിക്ക ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളും മുന്‍നിരയില്‍ ഉണ്ടായിട്ടും വാര്‍ഷിക നഷ്ടം രേഖപ്പെടുത്തുന്നു. ഇത് അന്യായമായ മത്സരത്തെതുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നിരോധനം വരുമോ എന്ന വാര്‍ത്തയില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോ, കേന്ദ്ര സര്‍ക്കാറോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് ബ്ലൂം ബെര്‍ഗ് പറയുന്നത്.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചു; സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Latest Videos
Follow Us:
Download App:
  • android
  • ios