Asianet News MalayalamAsianet News Malayalam

നദിയില്‍ വീണ് നഷ്ടമായ ഐഫോണ്‍ 13 മാസത്തിന് ശേഷവും പുപ്പുലി; തെളിവുമായി ഫോട്ടോഗ്രാഫര്‍

 ഓഗസ്റ്റ് 4,2018 ലാണ് തെക്കന്‍ ഐസ്‌ലൻഡിലെ സ്‌കാഫ്റ്റാ നദിയില്‍ പ്രളയത്തിന്‍റെ ചിത്രമെടുക്കുന്നതിന്‍റെ ഇടയിലാണ് ഹൗകുറിന്‍റെ ഐഫോണ്‍ 6 എസ് നദിയില്‍ വീണത്. പ്രദേശത്ത് പതിമൂന്ന് മാസത്തിന് ശേഷം ടൂറ് പോയ സംഘത്തിനാണ്  സെപ്റ്റംബര്‍ 13 ന് ഐഫോണ്‍ 6 എസ് കിട്ടിയത്

iPhone 6s survives 13 months in water in iceland
Author
Iceland, First Published Oct 6, 2019, 3:54 PM IST

ഐസ്‍ലന്‍ഡ്: വെള്ളപ്പൊക്കം ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ വിമാനത്തില്‍ നിന്ന് നദിയില്‍ വീണ് ഐഫോണ്‍ പതിമൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം കണ്ടെത്തി. എന്നാല്‍ കണ്ടെത്തിയവരെ ഞെട്ടിക്കുന്നതായിരുന്നു ഫോണിന്‍റെ പ്രവര്‍ത്തനം. ഐസ്ലന്‍ഡില്‍ നിന്നുള്ളതാണ് വാര്‍ത്ത. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹൗകുര്‍ സോണോറാസണാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. 

തെക്കന്‍ ഐസ്‌ലൻഡിലെ സ്‌കാഫ്റ്റാ നദിയില്‍ പ്രളയത്തിന്‍റെ ചിത്രമെടുക്കുന്നതിന്‍റെ ഇടയിലാണ് ഹൗകുറിന്‍റെ ഐഫോണ്‍ 6 എസ് നദിയില്‍ വീണത്. ഓഗസ്റ്റ് 4,2018 ലാണ് സംഭവം നടന്നത്. ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് തന്നെ കരുതിയെങ്കിലും നദിക്കരയിലെ ചില കര്‍ൽകരോട് ഫോണിനേക്കുറിച്ച് പറഞ്ഞാണ് ഹൗകുര്‍ മടങ്ങിയത്. കര്‍ഷകര്‍ക്ക് കിട്ടിയില്ലെങ്കിലും പതിമൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം ഹൈക്കിങിന് പോയ സംഘത്തിന് ഫോണ്‍ കിട്ടുകയായിരുന്നു. 

വെള്ളത്തില്‍ കിട്ടന്ന ഫോണല്ലേയെന്ന് കരുതി കളയാതെ വീട്ടിലെത്തി ചാര്‍ജ് ചെയ്തതോടെ ഫോണ്‍ പ്രവര്‍ത്തിച്ചു. സ്ക്രീനില്‍ ഫോട്ടോഗ്രാഫറുടെ ചിത്രം കണ്ടെത്തിയ സംഘം ഹൗകുറിനെ ബന്ധപ്പെടുകയായിരുന്നു. വെള്ളത്തിലേക്ക് വീഴുന്നതിന് തൊട്ട് മുന്‍പ് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ വരെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടില്ലെന്ന് ഹൗകുര്‍ വിശദമാക്കുന്നു. 

എന്നാല്‍ ഫോണിന്‍റെ മൈക്രോഫോണിന് തകരാറുണ്ടെന്ന് ഹൗകുര്‍ പറയുന്നു. പതിമൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം സെപ്റ്റംബര്‍ 13, 2019 ലാണ് ഐഫോണ്‍ ഹൈക്കിംഗിന് പോയ സംഘത്തിന് ലഭിച്ചത്. നദിയിലെ കട്ടിയേറിയ പായലില്‍ പതിച്ചതാവാം തന്‍റെ ഫോണിനെ രക്ഷപ്പെടുത്തിയതെന്നാണ് ഹൗകുര്‍ പറയുന്നത്. 

വിമാനത്തില്‍ നിന്നുള്ള വീഴ്ചയില്‍ ഫോണിന് കാര്യമായി പരിക്കൊന്നുമേറ്റില്ലെന്നും ഫോണില്‍ നിന്ന് ലഭിച്ച അവസാന വിഡിയോയിൽ കാണാന്‍ സാധിക്കും. എന്നാല്‍ ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തല്‍ വെറും തള്ളാണെന്നും ചാറ്റല്‍ മഴയത്ത് ഐഫോണ്‍ 6 എസ് കേടായെന്നും നിരവധിപ്പേര്‍ പ്രതികരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios