Asianet News MalayalamAsianet News Malayalam

സ്വര്‍ണ വില കുതിക്കുമോ? നിക്ഷേപത്തിനുള്ള മികച്ച മാര്‍ഗം ഏതാണ്?

നിക്ഷേപം സ്വർണത്തിലായാലോ? റിസ്ക് എടുക്കാൻ ഭയമുണ്ടോ.. സ്വർണ നിക്ഷേപത്തിന്റെ സാധ്യതകളെ കുറിച്ചറിയാം. സ്വര്‍ണത്തിലുള്ള നിക്ഷേപത്തിനുള്ള മികച്ച മാര്‍ഗം ഇവയാണ് 
 

know the best way to invest in gold
Author
First Published Dec 13, 2022, 11:21 AM IST

തു സാഹചര്യത്തിലും സ്വര്‍ണത്തിലുള്ള നിക്ഷേപം സുരക്ഷിതമാണെന്നൊരു വിശ്വാസം പൊതുവേയുണ്ട്. അതിനാലാണ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തിന്മേലുള്ള നിക്ഷേപത്തോട് താത്പര്യം കൂടുതലായുള്ളത്. ഇതിനു പുറമെ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ സ്വര്‍ണം മികച്ച നിക്ഷേപ മാര്‍ഗമാണെന്നും മുന്‍കാല ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു.

പൊതുവില്‍ വ്യക്തിഗത നിക്ഷേപത്തിന്റെ 10 ശതമാനമെങ്കിലും സ്വര്‍ണത്തില്‍ കരുതിവെയ്ക്കുന്നത് ഗുണകരമാണ്. കാരണം ആപത്ഘട്ടങ്ങളിലും സാമ്പത്തികമായ അസ്ഥിരത നേരിടമ്പോഴും ഒരു ഇന്‍ഷൂറന്‍സ് പോളിസി പോലെ സ്വര്‍ണം പ്രവര്‍ത്തിക്കുന്നു. അതിനാല്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം, മൊത്തം നിക്ഷേപ മൂല്യം തകരുന്നതിനും തടയിടുന്നു. കൂടാതെ നിക്ഷേപത്തിന്റെ വൈവിധ്യവത്കരണത്തിനും സഹായിക്കുന്നു.

റിസ്‌ക് എടുക്കാന്‍ വിമുഖതയുള്ളവരാണ് സ്വര്‍ണത്തിനായുള്ള ശരിയായ നിക്ഷേപകര്‍. അതുപോലെ ജോലിയില്‍ നിന്നും വിരമിക്കാനുള്ള സമയം അടുത്തു വരുന്നവരാണ് സ്വര്‍ണത്തിലുള്ള നിക്ഷേപത്തിന് പ്രാമുഖ്യം നല്‍കേണ്ട മറ്റൊരു വിഭാഗം. അതേസമയം ഭൗതികമായും ഇലക്ട്രോണിക് രീതിയിലും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്നു നിരവധി മാര്‍ഗങ്ങളുണ്ട്. ഓണ്‍ലൈന്‍ മുഖേന സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനായി ഗോള്‍ഡ് ഇടിഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട് എന്നിങ്ങനെയുള്ള അവസരങ്ങള്‍ ലഭ്യമാണ്.

ഏത് തെരഞ്ഞെടുക്കണം?

ഇടക്കാലയളവ് കണക്കാക്കി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നിലുള്ള മികച്ച മാര്‍ഗം ഗോള്‍ഡ് ഇടിഫ് അല്ലെങ്കില്‍ ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട് ആണ്. മികച്ച ലിക്വിഡിറ്റി (വേഗത്തില്‍ പണമാക്കി മാറ്റാവുന്ന), കുറഞ്ഞ ചെലവ്, കുറഞ്ഞ ചാഞ്ചാട്ടം എന്നിവ സവിശേഷതകളാണ്. അതേസമയം ദീര്‍ഘകാലളവിലേക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) ആയിരിക്കും ഉചിതമായ മാര്‍ഗം. വാര്‍ഷികമായി 2.5 ശതമാനം നിരക്കില്‍ പലിശ ലഭിക്കുമെന്നതും നികുതി ആനകൂല്യങ്ങളും എസ്ജിബിയെ വേറിട്ടതാക്കുന്നു.

ഗോള്‍ഡ് ഇടിഎഫ്

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ ഗണത്തിലുള്ളവയാണ് ഗോള്‍ഡ് ഇടിഎഫ്. സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുന്നതിന് സമാനമാണിത്. സ്വര്‍ണത്തില്‍ നിക്ഷേപം ആഗ്രഹിയ്ക്കുന്നവര്‍ക്ക് സുരക്ഷിതവും താരതമ്യേന എളുപ്പവുമായ മാര്‍ഗം കൂടിയാണിത്. സ്വര്‍ണത്തിന്റെ ഒരു ഗ്രാം മുതല്‍ 0.01 ഗ്രാം വരെ അളവില്‍ ഗോള്‍ഡ് ഇടിഎഫ് യൂണിറ്റുകള്‍ ലഭ്യമാണ്. ഓരോ യൂണിറ്റിനും 99.5 ശതമാനം പരിശുദ്ധിയുള്ള ഭൗതിക സ്വര്‍ണത്തിന്റെ പിന്തുണയുമുണ്ട്.

ഓഹരി നിക്ഷേപത്തിന് ആവശ്യമായ ഡീമാറ്റ് അക്കൗണ്ട് തന്നെയാണ് ഗോള്‍ഡ് ഇടിഎഫുകളിലെ നിക്ഷേപത്തിനും വേണ്ടത്. അതിനാല്‍ ഓഹരി പോലെ തന്നെ ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ മുഖേന എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനുമാകും. പണയ വസ്തുവായി ഗോള്‍ഡ് ഇടിഎഫുകളെ അംഗീകരിട്ടുള്ളതിനാല്‍ അത്യാവശ്യ ഘട്ടത്തില്‍ വായ്പ തേടാനും ഉപയോഗപ്പെടുത്താം. ഇലക്ട്രോണിക് രൂപത്തിലായതിനാല്‍ മോഷ്ടിക്കപ്പെടുമെന്ന പേടിയും വേണ്ട. അതിനാല്‍ ബാങ്ക് ലോക്കറിനു വേണ്ടി മുടക്കുന്ന ചെലവുകള്‍ ഒഴിവാക്കാനുമാകും. വളരെ ചെറിയ അളവില്‍ പോലും ഗോള്‍ഡ് ഇടിഫ് വാങ്ങാന്‍ കഴിയുമെന്നതിനാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ദീര്‍ഘകാലയളവില്‍ സ്വര്‍ണത്തിന്മേലുള്ള സമ്പാദ്യം സ്വരൂപിക്കാനും സഹായിക്കുന്നു.

എസ്ജിബി

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് അഥവാ എസ്ജിബി. ഭൗതിക സ്വര്‍ണ്ണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ ഇതു വാഗ്ദാനം ചെയ്യുന്നു. വിപണിയിലെ സ്വര്‍ണ നിരക്കിനൊപ്പം തന്നെ സ്വര്‍ണ ബോണ്ടിന്റെ മൂല്യവും മാറും. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപം പിന്‍വലിക്കാന്‍ അവസരമുള്ള ഈ പദ്ധതിക്ക് എട്ട് വര്‍ഷത്തെ കാലാവധിയാണുള്ളത്. കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, നിക്ഷേപകര്‍ക്ക് അന്നത്തെ സ്വര്‍ണ നിരക്കിനു തുല്യമായ തുക പണമായി ലഭിക്കും.

ഒരു സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ബോണ്ട് പദ്ധതിയിലെ ചുരുങ്ങിയ വ്യക്തിഗത നിക്ഷേപം 1 ഗ്രാമും പരമാവധി 4 കിലോഗ്രാമായും നിജപ്പെടുത്തിയിരിക്കുന്നു. ഗോള്‍ഡ് ബോണ്ട് സ്‌കീം ഡീമാറ്റ്, പേപ്പര്‍ രൂപത്തില്‍ ലഭ്യമാണ്. വായ്പ ലഭിക്കുന്നതിന് സ്വര്‍ണ്ണ ബോണ്ട് പണയപ്പെടുത്താം. എട്ട് വര്‍ഷത്തെ നിക്ഷേപ കാലാവധിയും പൂര്‍ത്തിയാക്കുന്നവരെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ പീരിയഡിനു ശേഷം നിക്ഷേപം പിന്‍വലിക്കുന്നവര്‍ക്ക് അവരുടെ നികുതി സ്ലാബിന് വിധേയമായി നികുതി നല്‍കേണ്ടിവരും. 

Latest Videos
Follow Us:
Download App:
  • android
  • ios