Asianet News MalayalamAsianet News Malayalam

പങ്കാളിയുമായി വൈകാരിക അടുപ്പം നഷ്ടമായോ? ജീവിതം സന്തോഷകരമാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ...

രണ്ട് പേരും അവരുടെ ജോലികളിൽ നേരിടുന്ന സ്ട്രെസ്സ്, പരസ്പരം സമയം കണ്ടെത്താൻ കഴിയാതെ വരിക, ലൈംഗിക പ്രശ്നങ്ങൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും വൈകാരികമായി അകന്നുപോകുന്ന അവസ്ഥ ഉണ്ടാകാം.

how to build emotional intimacy with your partner
Author
First Published Jan 4, 2024, 3:44 PM IST

വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾ കഴിഞ്ഞു. ഇനി എന്ത് സംസാരിക്കാനാ, ഇനി എന്ത് പ്രണയം. മുൻപ് ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എങ്ങനെ പരിഹരിക്കാം എന്ന് രണ്ടുപേരും ആലോചിച്ചില്ല. ജോലിയുടെ തിരക്കിൽ, കുട്ടികളുടെ പഠനവും ഉത്തരവാദിത്വങ്ങളുമായി അങ്ങനെ മുന്നോട്ടുപോയി. ഇപ്പോൾ രണ്ടുപേരും തമ്മിൽ ഒന്നും മിണ്ടാതെയായി. 

സ്നേഹം നിലനിക്കുന്നതിനും പ്രശ്നങ്ങൾ വന്നാൽ ഒരുമിച്ചു നേരിടണം എന്ന തോന്നൽ ഉണ്ടാകുന്നതിനും വൈകാരിക അടുപ്പം പങ്കാളികൾക്കിടയിൽ ഉണ്ടായേ മതിയാവൂ. രണ്ട് പേരും അവരുടെ ജോലികളിൽ നേരിടുന്ന സ്ട്രെസ്സ്, പരസ്പരം സമയം കണ്ടെത്താൻ കഴിയാതെ വരിക, ലൈംഗിക പ്രശ്നങ്ങൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും വൈകാരികമായി അകന്നുപോകുന്ന അവസ്ഥ ഉണ്ടാകാം. ഒരു വീട്ടിൽ താമസിക്കുന്ന രണ്ട് വ്യക്തികൾമാത്രം എന്ന നിലയിലേക്ക് മാനസികമായി അടുപ്പമില്ലാത്ത അവസ്ഥ അവരെ കൊണ്ടുപോയേക്കാം.

എങ്ങനെ പരിഹരിക്കാം?
 
●    ഒരാൾക്ക് പങ്കാളി ഒപ്പം വേണം എന്ന തോന്നൽ ഉണ്ടാകുന്ന സമയത്ത് ഒപ്പം ഉണ്ടാകുക, അവർക്ക് എന്താണ് വേണ്ടതെന്നു മനസ്സിലാക്കുക എന്നതെല്ലാം വൈകാരിക അടുപ്പം നിലനിർത്താൻ വളരെ പ്രധാനമാണ്. 
●    രണ്ട് പേർക്കും അർത്ഥവത്തായി തോന്നുന്ന കാര്യങ്ങൾക്കായി ഒരുമിച്ചു സമയം കണ്ടെത്താം. ഉദാ: ഒരുമിച്ച് അല്പദൂരം നടക്കാൻ പോകുക, വീട്ടിലെ കാര്യങ്ങളിൽ ചിലത് ഒരുമിച്ചു ചെയ്യുക, കുറച്ചു നേരം രണ്ടുപേരും മാത്രമായി ചിലവഴിക്കുക.
●    പങ്കാളിയുടെ ഇഷ്ടങ്ങൾ എന്താണ്, ഓരോ കാര്യത്തെയും കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നതൊക്കെ അറിയാൻ ഉള്ള കൗതുകം പ്രകടമാക്കുക എന്നത് വളരെ പ്രധാനമാണ്. ഞാൻ പറയുന്നത് കേൾക്കാനും എന്റെ ചിന്തകളെപ്പറ്റി അറിയാനും എന്റെ പങ്കാളി ആഗ്രഹിക്കുന്നു എന്ന വിശ്വാസം അവർ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കും. 
●    സാധാരണ താല്പര്യം കാണിക്കാത്ത കാര്യങ്ങളിൽ ചിലതിൽ പങ്കാളിക്കൊപ്പം നിന്നുകൊണ്ട് അവർക്ക് സന്തോഷം നല്കാൻ ശ്രമിക്കാം. മുൻകൂട്ടി അറിയാത്തതുകൊണ്ട് ആ സർപ്രൈസ് അവരെ സന്തോഷിപ്പിക്കും.
● പരസ്പരം അഭിനന്ദിക്കുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് തുറന്നു സംസാരിക്കാം. ഒരുമിച്ചുള്ള ജീവിതത്തിന്റെ നന്മകളെക്കുറിച്ച് രണ്ടുപേരും ചേർന്നു സംസാരിക്കാം.

ഇതെല്ലാം ഒരുമിച്ചായത്തിന്റെ ആദ്യ നാളുകളിൽ നടക്കേണ്ട കാര്യങ്ങൾ അല്ലേ? ഇനി വൈകാരിക അടുപ്പം തിരിച്ചു കൊണ്ടുവരേണ്ടതുണ്ടോ എന്ന സംശയത്തിൽ ആയിരിക്കാം പലരും. എന്നാൽ ജീവിതത്തിൽ എനിക്കൊപ്പം എല്ലായ്പ്പോഴും സ്നേഹിക്കാനും വിശ്വസിക്കാനും ഒരാൾ വേണമെന്ന് ആഗ്രഹിക്കാത്തവർ ആരാണ്. എല്ലാ പ്രായത്തിലും ഒറ്റപ്പെടൽ എന്നത് വലിയ ദുഃഖം ഉണ്ടാക്കും എന്നതിനാൽ വീണ്ടും സ്നേഹം തിരിച്ചുപിടിക്കാൻ ശ്രമിക്കാം.

ലേഖനം തയ്യാറാക്കിയത്:

പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM - Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

അവഗണനകൾ ഏൽക്കേണ്ടി വരുമ്പോൾ തളരാതിരിക്കാൻ നാം ചെയ്യേണ്ടത്

 

Follow Us:
Download App:
  • android
  • ios