Asianet News MalayalamAsianet News Malayalam

പരീക്ഷാക്കാലത്തെ കുട്ടികളിലെ അമിത ഉത്കണ്ഠ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പല ദിവസങ്ങളും രണ്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങാനാവാതെ മുഴുവൻ സമയവും പഠിച്ചില്ലെങ്കിൽ മാർക്ക് കുറയുമോ എന്ന ഭയവും കുട്ടിക്കുണ്ടായി. ഇതേത്തുടർന്നാണ് ചുമയും വയ്യായ്കയും ആരംഭിച്ചത്.
 

how to help your child overcome anxiety
Author
First Published Jan 22, 2024, 10:41 PM IST

പഠിക്കുന്ന സമയത്തു നിർത്താതെ ചുമ. പല ആശുപത്രിയിലും കുട്ടിയെ കാണിച്ചു എങ്കിലും എത്ര മരുന്ന് കഴിച്ചു എങ്കിലും അതു മാറാതെ വന്നു. ഒടുവിൽ അവരുടെ ബന്ധുവായ ഒരു ഡോക്ടർ പറഞ്ഞതനുസരിച്ചാണ് ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാൻ അവർ തീരുമാനിച്ചത്. ഏക മകൾ, പഠനത്തിൽ മിടുക്കി. എന്നാൽ പത്താംക്ലാസ് പരീക്ഷ എടുക്കുന്നതിന്റെ മൂന്നു മാസം മുൻപേ അവൾക്ക് നിരന്തരം ചുമയും വയ്യായ്കയും തുടങ്ങി. 

ബുക്ക് എടുത്ത് പഠിക്കാൻ തുടങ്ങുമ്പോൾ തന്നെ ചുമ കാരണം തീരെ പഠിക്കാൻ കഴിയാത്ത അവസ്ഥ. എന്നാൽ പത്രം വായിക്കുമ്പോഴോ, കഥകൾ വായിക്കുമ്പോഴോ ഒന്നും തന്നെ ഈ പ്രശ്നം ഇല്ലതാനും. തനിക്കിനി പഠിക്കാൻ കഴിയില്ല, ഈ ചുമ മാറില്ല എന്നതരം പ്രതീക്ഷ ഇല്ലായ്മയിലേക്ക് അവളും എത്തിത്തുടങ്ങി.

പിന്നീട് സൈക്കോളജിസ്റ്റിനെ സമീപിച്ചതിനു ശേഷമാണ് ഇത് സ്ട്രെസ്/ ഉത്കണ്ഠ കാരണം ഉണ്ടാകുന്ന അവസ്ഥയാണ് എന്ന് അവൾക്കു മനസ്സിലാകുന്നത്. മാതാപിതാക്കൾ പഠിക്കണം എന്ന് കർശനമായി അവളോട് പറയാറില്ല. പക്ഷേ അവരുടെ പ്രതീക്ഷ താൻ ആണ്. അവരെ ഒരിക്കലും നിരാശപ്പെടുത്തരുത് എന്ന ചിന്ത പരീക്ഷ അടുക്കുന്ന സമയത്ത് അവളുടെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. അതു പതുക്കെ വലിയ സമ്മർദ്ദം മനസ്സിൽ ഉണ്ടാക്കാൻ തുടങ്ങി. രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിയാതെയായി. 

പല ദിവസങ്ങളും രണ്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങാനാവാതെ മുഴുവൻ സമയവും പഠിച്ചില്ലെങ്കിൽ മാർക്ക് കുറയുമോ എന്ന ഭയവും കുട്ടിക്കുണ്ടായി. ഇതേത്തുടർന്നാണ് ചുമയും വയ്യായ്കയും ആരംഭിച്ചത്.

സ്ട്രെസ് / ഉത്കണ്ഠയുള്ളപ്പോൾ പഠനത്തിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും. ആവശ്യത്തിന് ഉറക്കം ഇല്ലാതെ വരുന്നത് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കും.

പഠനവുമായി ബന്ധപ്പെട്ട ഉത്കണ്ഠ ഉള്ള കുട്ടികളിൽ പല വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളുടെ രീതിയിൽ ലക്ഷണങ്ങൾ പ്രകടമാകാം. ഉദാ: വിശപ്പില്ലായ്മ, ക്ഷീണം, തലവേദന, തലകറക്കം, വയറുവേദന, ഛർദി, ശ്വാസ തടസ്സം എന്നിവ. ഇത് ഉത്കണ്ഠകൊണ്ടാണ് ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെ പലപ്പോഴും ചികിത്സയും മരുന്നും എല്ലാം ശ്രമിച്ചിട്ടും മാറാതെ ഈ ബുദ്ധിമുട്ടുകൾ നീണ്ടു നിന്നേക്കാം. അതുകൊണ്ടുതന്നെ അവർക്കു പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥയും ഇതുണ്ടാക്കിയേക്കാം. 

ഉത്കണ്ഠയുള്ള കുട്ടികളൊടു സംസാരിക്കുമ്പോൾ അവരുടെ ചിന്താ രീതികളിലും മാറ്റം വരുത്തേണ്ടതുണ്ട് എന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും. ആത്മവിശ്വാസം കുറഞ്ഞ അവസ്ഥ, തനിക്കിതെല്ലാം നേടാൻ കഴിയുമോ എന്ന സംശയം, സ്വന്തം പരിമിതികളെപ്പറ്റി അമിതമായി ചിന്തിക്കുക, സ്വന്തം കഴിവുകളെ നിസ്സാരമായി കാണുക എന്നീ രീതികൾ അവർക്കുണ്ടായിരിക്കും.

മനസ്സിന്നെ ശാന്തമാക്കാൻ സഹായിക്കുന്ന ബ്രീത്തിങ്ങ് എക്സർസൈസ്, ഉത്കണ്ഠ നിറഞ്ഞ ചിന്തകളെ കുറയ്ക്കാനുള്ള CBT എന്ന മനഃശാസ്ത്ര മാർഗ്ഗങ്ങൾ എന്നിവയാണ് പഠനവുമായി ബന്ധപ്പെട്ട ഉത്കണ്ഠ മാറ്റിയെടുക്കാൻ ആവശ്യം.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

കുട്ടികളോട് സ്ട്രിക്റ്റ് ആകുന്നത് നല്ലതാണോ?

 

Follow Us:
Download App:
  • android
  • ios