Asianet News MalayalamAsianet News Malayalam

പൂ പറിക്കും പോലെ മനുഷ്യരുടെ ജീവനെടുത്ത് 'കില്ലര്‍' കൊതുക്; മരിച്ചത് 14 പേര്‍

മരണത്തിന്റെ വിത്തുമായി മൂളിനടക്കുന്ന കൊതുകിനെ ഭയന്ന് ജീവിക്കുകയാണിവര്‍. കാരണം 14 ജീവനുകളാണ് മാസങ്ങള്‍ക്കുള്ളില്‍ ഈ കൊതുകുകളെടുത്തത്. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മനുഷ്യജീവന്‍ നുള്ളിയെടുക്കുന്ന 'കില്ലര്‍' കൊതുകുകളിലെ വൈറസിനെ ചെറുക്കാന്‍ ചികിത്സയില്ലെന്നതാണ് ഏറ്റവും ഭയാനകം
 

killer mosquito which cause eastern equine encephalitis
Author
USA, First Published Oct 18, 2019, 12:14 PM IST

ഒരു കൊതുക് കടിച്ചാല്‍ ജീവന്‍ പോകുമോ? അങ്ങനെയെങ്കില്‍ എന്ത് സുരക്ഷയാണ് നമുക്ക് നമ്മുടെ ജീവന് തന്നെ നല്‍കാനാവുക? എത്രമാത്രം അരക്ഷിതമാണ് അങ്ങനെയൊരു അവസ്ഥ. അതെ, ഈ അവസ്ഥയിലൂടെയാണ് യുഎസിലെ പലയിടങ്ങളിലെയും ജനങ്ങള്‍ കടന്നുപോകുന്നത്.

മരണത്തിന്റെ വിത്തുമായി മൂളിനടക്കുന്ന കൊതുകിനെ ഭയന്ന് ജീവിക്കുകയാണിവര്‍. കാരണം 14 ജീവനുകളാണ് യുഎസില്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ കൊതുകുകളെടുത്തത്. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മനുഷ്യജീവന്‍ നുള്ളിയെടുക്കുന്ന 'കില്ലര്‍' കൊതുകുകളിലെ വൈറസിനെ ചെറുക്കാന്‍ ചികിത്സയില്ലെന്നതാണ് ഏറ്റവും ഭയാനകം.

തലച്ചോറിനെ ബാധിക്കുന്ന 'ഈസ്‌റ്റേണ്‍ ഇക്വിന്‍ എന്‍സെഫലൈറ്റിസ്' (ഇഇഇ) എന്ന രോഗമാണ് കൊതുകുകളില്‍ കാണപ്പെടുന്ന ഒരിനം വൈറസ് പരത്തുന്ന രോഗം. ചിലരില്‍ ലക്ഷണങ്ങള്‍ കണ്ടേക്കാം. ചിലരില്‍ യാതൊരു ലക്ഷണവും കാണില്ല. എന്നാല് രോഗം മൂര്‍ച്ഛിക്കുന്നതും രോഗി മരണത്തിന് കീഴടങ്ങുന്നതുമെല്ലാം വളരെ വേഗത്തിലായിരിക്കും.

യുഎസില്‍ ഇത്തരത്തില്‍ മരിച്ച പതിനാലാമത്തെയാളാണ് മുന്‍ സൈനികനായ ഹെന്‍ഡ്രി ഹെസ്. എഴുപത്തിരണ്ടുകാരനായ ഹെന്‍ഡ്രി വളരെ ഊര്‍ജ്ജസ്വലനായ ഒരു വ്യക്തിയായിരുന്നുവെന്നാണ് മക്കള്‍ അവകാശപ്പെടുന്നത്. വീടിന് ചുറ്റുമായി കൃഷിയും പരിസ്ഥിതിപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു പിതാവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

killer mosquito which cause eastern equine encephalitis
(ഹെൻഡ്രി ഹെസ്...)

വീടിന് പിന്നിലായി അദ്ദേഹം ഒറ്റയ്ക്ക് പണിയെടുത്ത് ഒരു കുളം നിര്‍മ്മിച്ചിരുന്നുവത്രേ. ഇതിന്റെ പണിക്കിടയിലാകാം 'കില്ലര്‍' കൊതുക് കടിച്ചതെന്ന് ഇവര്‍ ഊഹിക്കുന്നു. ചെറുപ്രാണികളെ കൊല്ലാനുപയോഗിക്കുന്ന സ്‌പ്രേകള്‍ ഉപയോഗിക്കാന്‍ ഹെന്‍ഡ്രി എപ്പോഴും വിസമ്മതിച്ചിരുന്നുവെന്നും അത് പ്രകൃതിക്ക് ഇണങ്ങുന്നതല്ലെന്ന് വാദിച്ച് തങ്ങളുമായി വഴക്ക് കൂടിയിരുന്നുവെന്നും മക്കള്‍ ഓര്‍മ്മിക്കുന്നു. അത്തരം മരുന്നുകളെന്തെങ്കിലും പ്രയോഗിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. 

കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഹെന്‍ഡ്രിക്ക് കടുത്ത പനി അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി വേണ്ട പരിശോധനകളെല്ലാം നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഹെന്‍ഡ്രിയുടെ നില വഷളായി. ഒന്നിനോടും പ്രതികരണമില്ലാത്ത തരത്തില്‍ 'കോമ'യിലായി ഹെന്‍ഡ്രി. തുടര്‍ന്നാണ് വീട്ടുകാര്‍ ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിക്കുന്നത്. 

പക്ഷേ അപ്പോഴേക്കും തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് അവസാനിച്ചിരുന്നു. ഇക്കഴിഞ്ഞ 8ന് ഹെന്‍ഡ്രി ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 'ഇഇഇ' ബാധിക്കുന്നവരില്‍ മുപ്പത് ശതമാനം പേരും മരിക്കുകയാണ് പതിവ്. ബാക്കി പേരില്‍ അസുഖം മൂര്‍ധന്യത്തിലെത്താതെ മടങ്ങും. എന്നാല്‍ ഇവരില്‍ വിവിധ ന്യൂറോ പ്രശ്‌നങ്ങള്‍ ബാക്കിവച്ചാണ് വൈറസ് മടങ്ങുക. അതായത്, മാനസികമായ പല പ്രശ്‌നങ്ങളും പിന്നീട് ആജീവനാന്തകാലത്തേക്ക് ഇവരിലുണ്ടാകും. 

എല്ലാക്കൊല്ലവും അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ ഈ രോഗം കണ്ടെത്താറുണ്ട്. മുമ്പ് കുതിരകളെയായിരുന്നു പ്രധാനമായും ഇത് ബാധിച്ചിരുന്നത്. എന്നാല്‍ പിന്നീട് മനുഷ്യരിലും രോഗം കണ്ടെകത്തുകയായിരുന്നു. കുതിരകളിലാണെങ്കില്‍ ഇതിനെതിരായ വാക്‌സിന്‍ ലഭ്യമാണ്. എന്നാല്‍ മനുഷ്യരില്‍ ഇപ്പോഴും വാക്‌സിന്‍ ലഭ്യമല്ല.

Follow Us:
Download App:
  • android
  • ios