Asianet News MalayalamAsianet News Malayalam

തൈറോയിഡ്; ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

Signs and Symptoms of Hypothyroidism
Author
Trivandrum, First Published Oct 17, 2019, 2:23 PM IST

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍.

വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയും. തുടക്കത്തിലെ ഉണ്ടാകാവുന്ന ചില ലക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

ഒരു കാരണവുമില്ലാതെ ക്ഷീണം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്‌ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. ഹൈപ്പർതൈറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഉർജസ്വലരായി കാണപ്പെടാറുമുണ്ട്. 

രണ്ട്...

വിഷാദം പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. എന്നാല്‍ ചില രോഗങ്ങളുടെ കാരണമായി വരാറുണ്ട്. ഡിപ്രഷന് പിന്നില്‍ ഹൈപ്പോതൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്ക് കാരണമാകുന്നത് ഹൈപ്പർതൈറോയിഡിസവും. തൈറോയ്‌ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്‍റിഡിപ്രസീവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല. 

മൂന്ന്...

ഹൈപ്പോതൈറോയിഡിസമുള്ളവരിൽ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്ക് കാരണമാകാം. 

നാല്...

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കഴുത്തിൽ മുഴപോലെ കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയിഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയിഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.

അഞ്ച്...

 മുടിയുടെയും ചർമ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരിൽ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചർമ്മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പർ തൈറോയിഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചർമ്മം നേർത്തു ദുർബലമാകുന്നു.

Follow Us:
Download App:
  • android
  • ios