Asianet News MalayalamAsianet News Malayalam

സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം.
 

sunburn and when you go outside take these precautions
Author
Thiruvananthapuram, First Published Mar 24, 2019, 12:07 PM IST

അന്തരീക്ഷ താപനില വർദ്ധിച്ച തോതിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നതിനാൽ, മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത ഏറെയാണ്.  സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപ്പോർട്ടും ചെയ്തിട്ടുണ്ട്. 

ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഗൗരവമായി കണക്കിലെടുത്ത് വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരും, തൊഴിൽ ഉടമകളും  ജാഗ്രത പാലിക്കണം. സൂര്യാഘാതത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

എന്താമ് സൂര്യാഘാതം?

അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. 

സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം. ഫലങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ  അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

മുതിർന്ന പൗരന്മാർ (65 വയസിനു മുകളിൽ), കുഞ്ഞുങ്ങൾ (4 വയസ്സിനു താഴെയുള്ളവർ), ഗുരുതരമായ രോഗം ഉളളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാർഗങ്ങൾ

  • ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
  • പാടത്തും പറമ്പിലും ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കരുതുക. മണിക്കൂറിൽ 1 ലിറ്റർ വെള്ളം വീതം കുടിക്കേണ്ടതാണ്. 
  • വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. 
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
  • കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. 
  • കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, വലിയ വട്ടമുള്ള തൊപ്പി, കണ്ണുകളുടെ സംരക്ഷണത്തിന് കണ്ണട എന്നിവയും ധരിക്കേണ്ടതാണ്. 
  • വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.


 

Follow Us:
Download App:
  • android
  • ios