Asianet News MalayalamAsianet News Malayalam

'വീട്ടിലെ പ്രശ്നങ്ങൾ, പ്രണയ ബന്ധത്തിലെ തകർച്ച, ആത്മവിശ്വാസക്കുറവ്' ; കൗമാരക്കാരിൽ കൂടിവരുന്ന ആത്മഹത്യാ പ്രവണത

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള കൗമാരക്കാർ പൊതുവെ പറയുന്ന പ്രശ്നം  മാതാപിതാക്കൾ, അധ്യാപകർ അങ്ങനെ അവർക്കു ചുറ്റുമുള്ളവർ പലപ്പോഴും അവരെ കുറ്റപ്പെടുത്തുന്നു, അവർ പറയുന്ന കാര്യങ്ങൾ സീരിയസ് ആയി എടുക്കുന്നില്ല എന്നെല്ലാമാണ്. 

things parents can do to help prevent suicide rse
Author
First Published Jun 9, 2023, 3:47 PM IST

ഇതവൾ എപ്പോഴും പറയുന്നതാ, വെറുതെ പേടിപ്പിക്കാൻ- കൂടെയുള്ളവർ ഇങ്ങനെ നിസ്സാരമായി ഇതിനെ കണ്ടേക്കാം. പലപ്പോഴും ആത്മഹത്യകൾ തടയാൻ കഴിയാതെപോകുന്നത് അവരുടെ മനസ്സിലുള്ള വിഷാദത്തെ നാം തിരിച്ചറിയാതെ പോകുന്നതോ ആരെയും അറിയിക്കാതെ അവർ ഉള്ളിൽ ഒളിപ്പിക്കുന്നതോ ആയിരിക്കും. 

ഇനി ഒരു നിമിഷം പോലും മുന്നോട്ടു പോകുക സാധ്യമല്ല എന്ന വല്ലാത്ത നിരാശ മനസ്സിൽ കടന്നുകൂടാൻ ചിലപ്പോൾ നിമിഷങ്ങൾ മതി. പഠനത്തിൽ പിന്നോക്കമാവുക , വീട്ടിലെ പ്രശ്നങ്ങൾ, പ്രണയ ബന്ധത്തിലെ തകർച്ച, കൂട്ടുകാരുടെ കളിയാക്കലുകൾ, ആത്മവിശ്വാസക്കുറവ്, അതിക്രമങ്ങൾക്ക് ഇരയാവുക ഇങ്ങനെ നിരവധി കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. 

 ആത്മഹത്യ ചെയ്യാന് സാധ്യതയുണ്ട് എന്നതിന്റെ ലക്ഷണങ്ങൾ...

●    മുൻപ് ആത്മഹത്യാ ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവുക 
●    സങ്കടം വരുമ്പോൾ കൈ ഞരമ്പുകളോ, ശരീരത്തിൽ എവിടെയെങ്കിലും പലതവണ കത്തികൊണ്ടോ ബ്ലേഡുകൊണ്ടോ  വരഞ്ഞ പാടുകൾ 
●    സുഹൃത്തുക്കളോടും വീട്ടിലുള്ളവരോടും കുറച്ചുനാളായി സംസാരിക്കാതെ ഇരിക്കുക, അവരെ ഒഴിവാക്കുക 
●    മരിക്കുന്നതാണ് നല്ലത് എന്നോ, ആത്മഹത്യയെക്കുറിച്ചോ സംസാരിക്കുക
●    ഞാൻ ഇനി അധികനാള് ഉണ്ടാവില്ല  എന്ന തരത്തില് സംസാരിക്കുക 
●    കുറ്റബോധം താങ്ങാന് വയ്യ, ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ല എന്നൊക്കെ സംസാരത്തിനിടയില് പറയുക
●    എടുത്തു ചാടി പ്രവർത്തിക്കുന്ന സ്വഭാവരീതി 
●    മരണത്തെക്കുറിച്ചോ, നഷ്ടബോധത്തെക്കുറിച്ചോ സോഷ്യൽ മീഡിയ പോസ്റ്റുകള് ഇടുക, കവിതകള് എഴുതുക 
●    അതുവരെ വളരെ പ്രിയപ്പെട്ടതായിരുന്ന വസ്തുക്കൾ സുഹൃത്തുക്കൾക്കോ പ്രിയപ്പെട്ടവർക്കോ ഇനി ഇതു നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറഞ്ഞു കൊടുക്കുക 
●    ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള് പ്രകടമാക്കുക
●    മുന്പ് താല്പര്യമുണ്ടായിരുന്ന കാര്യങ്ങളില് താല്പര്യം നഷ്ടപ്പെടുക
●    ക്ലാസ്സിൽ പോകാനും, മറ്റെന്തു കാര്യത്തിനും മടി 
●    അമിത വേഗതയില് റോഡിലൂടെ ഇരുചക്രവാഹനമോടിക്കുക പോലെ വളരെ അപകടകരമായ പ്രവർത്തികൾ ചെയ്യുക 
●    കുടുംബത്തിൽ ആത്മഹത്യാ പ്രവണത ഉള്ള മറ്റാളുകൾ ഉണ്ടാവുക.
 
ഡിപ്രെഷൻ, ബോർഡർലൈൻ പേഴ്സണാലിറ്റി... 

ഡിപ്രെഷൻ, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നിവ ഉള്ള കൗമാരക്കാരെ പലപ്പോഴും ചികിത്സയ്ക്ക് എത്തിക്കുന്നില്ല എന്നത് ആത്മഹത്യയുടെ സാധ്യത കൂട്ടുന്നു. അവർക്ക് വികാരങ്ങളെ നിയന്ത്രിക്കുക വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ആലോചിക്കാതെ എടുത്തുചാടി പ്രവർത്തിക്കുക, ഒരു പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കാനാവാതെ ഇനി ജീവിച്ചിട്ടു കാര്യമില്ല എന്ന് ചിന്തിക്കുക, മറ്റുള്ളവരോട് അഡ്ജസ്റ്റ് ചെയ്യുന്നതിൽ ബുദ്ധിമുട്ടു നേരിടുക, വിമർശനങ്ങളെ അൽപംപോലും  നേരിടാൻ കഴിയാതെ വരിക എന്നിവയും അവർ നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഉൾപെടും.

“എനിക്ക് മൂഡ് സ്വിങ്സ് ഉണ്ട്, എന്റെ മനസ്സ് എന്റെ പിടി വിട്ടു പോകുന്നപോലെ, ഞാൻ എന്താ ചിന്തിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല, ഞാൻ ചിന്തിക്കുന്നത് ഒന്നും ശരിക്കും അങ്ങനെ അല്ല എന്ന് എനിക്കറിയാം- പക്ഷേ എനിക്കത് മാറ്റാൻ കഴിയുന്നില്ല”- ഇങ്ങനെ പല വിധത്തിൽ അവരുടെ മനസ്സിന്റെ വിഷാദം അവർ നമ്മളോട് പറയും. പക്ഷേ ഇതൊക്കെ നിന്റെ തോന്നലാണ്, നിന്റെ അഹങ്കാരമാണ് എന്നൊക്കെ പറഞ്ഞതിനെ തള്ളിക്കളയുന്ന പ്രവണത വലിയ അപകടമാണ്.

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള കൗമാരക്കാർ പൊതുവെ പറയുന്ന പ്രശ്നം  മാതാപിതാക്കൾ, അധ്യാപകർ അങ്ങനെ അവർക്കു ചുറ്റുമുള്ളവർ പലപ്പോഴും അവരെ കുറ്റപ്പെടുത്തുന്നു, അവർ പറയുന്ന കാര്യങ്ങൾ സീരിയസ് ആയി എടുക്കുന്നില്ല എന്നെല്ലാമാണ്. വൈകാരികമായി വളരെ ദുർബലരായ ഇവരെ കുറ്റപ്പെടുത്തലിലൂടെയും ശിക്ഷനൽകലിലൂടെയും മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് ആത്മഹത്യാ ചിന്തകളിലേക്ക് ഇവരെ നയിക്കാനുള്ള സാധ്യത കൂട്ടുന്നു. 

Read more എന്താണ് ട്രിപ്പോഫോബിയ? ലക്ഷണങ്ങൾ അറിയാം

ഓരോ കുട്ടികളും വ്യത്യസ്തരാണ് എന്ന് തിരിച്ചറിഞ്ഞുവേണം കൗമാരക്കാരെ കൈകാര്യം ചെയ്യേണ്ടത്. കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാതാപിതാക്കൾക്കും, എങ്ങനെ വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാം എന്ന് അദ്ധ്യാപകർക്കും കൂടുതൽ ബോധവൽകരണം ആവശ്യമാണ്.

എല്ലാ സ്കൂളുകളിലും കോളേജുകളിലും സൈക്കോളജിസ്റ്റിന്റെ സേവനം അത്യാവശ്യമാണ് എന്നതാണ് തുടരെ തുടരെ ഉള്ള കൗമാരക്കാരുടെ ആത്മഹത്യകൾ മനസ്സിലാക്കി തരുന്നത്. കൗമാരക്കാരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ കണ്ടാൽ നിസ്സാരമായി കാണാതെ ചികിത്സ ഉറപ്പാക്കിയാലേ ആത്മഹത്യകൾ തടയാൻ കഴിയൂ.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ Telephonic consultation available 
www.breathemindcare.com

 

Follow Us:
Download App:
  • android
  • ios