Asianet News MalayalamAsianet News Malayalam

തിരശ്ശീലയ്‍ക്ക് തീപിടിപ്പിച്ച് യുക്രൈൻ സംഘര്‍ഷം! ഡോണ്‍ബാസ് റിവ്യൂ

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡോണ്‍ബാസ് എന്ന ചിത്രത്തിന്റെ റിവ്യു. ജോമിറ്റ് ജോസ് എഴുതുന്നു

 

IFFK2018 donbass review
Author
Thiruvananthapuram, First Published Dec 10, 2018, 11:57 AM IST

കിഴക്കന്‍ യുക്രൈനിലെ ആഭ്യന്തര ലഹള പ്രമേയമാക്കി സെര്‍ജി ലോസ്നിറ്റ സംവിധാനം ചെയ്ത ചിത്രമാണ് 'ഡോണ്‍ബാസ്'. റഷ്യയെ പിന്തുണയ്ക്കുന്ന ഡൊണെക്‌സ് പീപ്പിള്‍സ് റിപ്പബ്ലിക്കും യുക്രൈനിയന്‍ ദേശീയവാദികളും തമ്മില്‍ കിഴക്കന്‍ യുക്രൈനില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ ചിത്രം 13 അധ്യായങ്ങളായി അവതരിപ്പിക്കുന്നു. സാങ്കേതിക മികവുകൊണ്ട് 'പെര്‍ഫക്ഷന്‍' എന്ന് വിളിക്കാവുന്ന സിനിമ, ഉടലറക്കുന്ന വയലന്‍സും അസ്‌തമിക്കാത്ത രാഷ്‍ട്രീയ അസ്ഥിരതയും കൊണ്ട് പ്രേക്ഷകന് ഒരു നല്ല രാഷ്‌ട്രീയ വായന കൂടിയാണ്.

IFFK2018 donbass review

രാഷ്‍ട്രീയകലഹം നിലനില്‍ക്കുന്ന കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസാണ് സിനിമയുടെ പശ്ചാത്തലം. 2014-15 കാലഘട്ടമാണ് പ്രതിപാദിക്കുന്നത്. രണ്ടാം ലോക മഹായുദ്ധാനന്തരം ക്ലേശവും രാഷ്‍ട്രീയഭിന്നത രൂക്ഷവുമായ ഇവിടുത്തെ സാഹചര്യങ്ങള്‍ അത്ര സുന്ദരമല്ല. ഡൊണെക്‌സ് പീപ്പിള്‍സ് റിപ്പബ്ലിക്കും യുക്രൈനിയന്‍ ദേശീയവാദികളും തമ്മില്‍ നിലനില്‍ക്കുന്ന അതിരൂക്ഷമായ ഭിന്നതക്കിടയില്‍ നിരത്തുകള്‍ സുരക്ഷാസേന കയ്യടക്കിയിരിക്കുകയാണ്. ഈ അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി മാധ്യമങ്ങളിലൂടെ പടച്ചുവിടുന്ന വ്യാജവാര്‍ത്തകള്‍ പൊന്തിവരുന്നു‍. ഇങ്ങനെ സംഭവബഹുലമാണ് ഇവിടുത്ത രാഷ്‍ട്രീയ പശ്ചാത്തലം.

ഒരു വ്യാജവാര്‍ത്താ നിര്‍മ്മതിയിലൂടെയാണ് ചിത്രത്തിന്‍റെ ആരംഭം. ഒരു ബ്യൂട്ടിപാര്‍ലറില്‍ കുറച്ച് അഭിനേതാക്കളെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മ്മിക്കുകയാണ്. വളരെ റിയലസ്റ്റിക് എന്ന് തോന്നിക്കുംവിധമാണ് അഭിനയവും ഇതിന്‍റെ അവതരണവും. ക്യാമറകളും മൈക്കുമായി ഓടുന്ന മാധ്യമപ്രവര്‍ത്തകരും സൈനികരുമെല്ലാം ഈ നാടകത്തിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് പിന്നാലെ വ്യാജവാര്‍ത്തയെ ചൊല്ലി പ്രാദേശിക ഭരണസമിതി യോഗത്തിനിടയില്‍ അപ്രതീക്ഷിത പ്രതിഷേധമുണ്ടാകുന്നു. ഭരണത്തലവന്‍റെ തലയില്‍ മാലിന്യമൊഴിച്ചാണ് ഒരു ജൂനിയര്‍ ഉദ്യോഗസ്ഥ പ്രതികരിക്കുന്നത്.

ഇതുപോലെ തന്നെ വ്യാജനിര്‍മ്മിതിയായി മറ്റൊരു സംഭവവും അരങ്ങേറുന്നുണ്ട്. അടിസ്ഥാന സൗകര്യമില്ലെന്ന് ആരോപണമുയര്‍ന്ന ഒരു ആശുപത്രിയിലെ ഗുണനിലവാര പരിശോധന അട്ടിമറിക്കപ്പെടുന്നു. വളരെ വിദഗ്ധമായാണ് ഇത് നടപ്പാക്കുന്നത്. ജര്‍മന്‍കാരനായതിന്‍റെ പേരില്‍ സൈന്യത്തിന്‍റെ വിചാരണ നേരിടുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ മറ്റൊരു ഉദാഹരണം. താന്‍ ഫാസിസ്റ്റ് അല്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറയുമ്പോള്‍ 'നീ ഫാസിസ്റ്റ് അല്ലായിരിക്കാം, നിന്‍റെ മുത്തച്ഛന്‍ ഫാസിസ്റ്റായിരുന്നു' എന്നാണ് ഒരു സൈനികന്‍റെ മറുപടി. ഈ ഫാസിസ്റ്റ് വിരുദ്ധര്‍ തന്നെ ഫാസിസ്റ്റുകളായി സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നുമുണ്ട്. 

IFFK2018 donbass review

നേരില്‍ കാണുന്ന ഏതൊരു ആളില്‍ നിന്ന് സുരക്ഷാസൈന്യത്തിന് അറിയേണ്ടത് ഫാസിസ്റ്റുകളെ പിന്തുണക്കുന്നുണ്ടോ എന്നാണ്. അത്തരമൊരു വിഘടനവാദിയെ സൈന്യം പിടികൂടുന്നു. തെരുവില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിടയില്‍ മര്‍ദ്ദനമേറ്റ് ഇയാള്‍ നിഷ്‌ഠൂരമായി കൊല്ലപ്പെടുന്നു. വിഘടനവാദി എന്നാരോപിച്ച് പിടികൂടുന്ന അയാളെ യുവാക്കളും സ്ത്രീകളും ചേര്‍ന്ന് ഏറെ നേരും മര്‍ദ്ദിച്ച് കൊല്ലുമ്പോള്‍ സൈനികര്‍ നോക്കുകുത്തികളാണ്. കാണിയുടെ ചങ്കിലുടക്കും വിധമാണ് ഈ ആള്‍ക്കൂട്ട കൊലപാതകം ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ സിനിമയില്‍ ഞെട്ടിച്ച രംഗവും ഇതുതന്നെ.

മഞ്ഞുവീഴുന്ന പശ്‌ത്തലങ്ങളില്‍, കനത്ത സൈനിക സുരക്ഷകള്‍ക്കിടയിലും കുഴിബോംബ് സ്‌ഫോടനങ്ങള്‍ അടിക്കടി അരങ്ങേറുന്നു. മികവുറ്റ ദൃശ്യ- ശബ്ദ വിന്യാസങ്ങളോടെ കാണിയെ ഭയപ്പെടുത്തും വിധമാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് മിനുറ്റിലേറെ നീളുന്ന ഒറ്റ ഷോട്ടില്‍ യുദ്ധാനന്തര ലോകം പറയുന്ന ക്ലൈമാക്‌സും ഒലേഗിന്‍റെ ക്യാമറയുടെ മികവ് തെളിയിക്കുന്നു. മികവുറ്റ തിരക്കഥയും അവതരണത്തിലെ അച്ചടക്കവും പിടിച്ചിരുത്തുന്ന ഫ്രയ്മുകളും തീവ്രത ത്രില്ലടിപ്പിക്കുന്ന എഡിറ്റിംഗും കൊണ്ട് മികച്ച ദൃശ്യഭാഷ്യമായും 'ഡോണ്‍ബാസ്' അനുഭവപ്പെടുകയാണ്.

ആഭ്യന്തര യുദ്ധവും ബ്യൂറോക്രസിയുടെ നാശവും സൈന്യത്തിന്‍റെ പരിഹാസവും പൊതുജന മനോഭാവവും വ്യാജവാര്‍ത്തയും എല്ലാം കാമ്പോടെ ചിത്രീകരിച്ച് നമുക്ക് പരിചിത കഥയായി സിനിമ മാറുന്നുണ്ട്. ആരുടെയും പക്ഷം പിടിക്കാതെയാണ് സിനിമ അവസാനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ത്രില്ലര്‍, വയലന്‍സ്, ഡ്രാമ എന്നിങ്ങനെയുള്ള ജോണറുകളില്‍ ഉള്‍പ്പെടുത്താവുന്ന ഈ സിനിമ 2018ല്‍ പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നാണ്.

 

Follow Us:
Download App:
  • android
  • ios