Asianet News MalayalamAsianet News Malayalam

കാര്‍ലിറ്റോ എങ്ങനെയാണ് കൊടുംകുറ്റവാളിയായത്?; എല്‍ ഏയ്ഞ്ചല്‍ റിവ്യു

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'എല്‍ ഏയ്ഞ്ചല്‍'  എന്ന ചിത്രത്തിന്റെ റിവ്യു. ബിബിൻ ബാബു എഴുതുന്നു.

IFFK2018 el angel review
Author
Thiruvananthapuram, First Published Dec 11, 2018, 9:00 PM IST

നീണ്ട ചുരുണ്ട തലമുടി, തിളങ്ങുന്ന കണ്ണുകള്‍; ഒപ്പം ഒരു പതിനേഴുകാരന്‍ കുട്ടിയുടെ എല്ലാ നിഷ്കളങ്കതയും. ഒരു രാജ്യത്തെ ആകെ വിറപ്പിച്ച ക്രിമിനലിന് ഇങ്ങനെ ഒരു മുഖം നല്‍കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഒരുപക്ഷേ സംവിധായകന്‍ ലൂയിസ് ഒര്‍ട്ടേഗ പോലും ചിന്തിച്ചിരുന്നിരിക്കാം. പക്ഷേ, യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അര്‍ജന്‍റീനയിലെ ഏറ്റവും വലിയ കുറ്റവാളിയെന്ന വിശേഷണമുള്ള കാർലോസ് ലൊബ്രേഡോ പുച്ചിന്‍റെ കഥ സിനിമയായി വരുമ്പോള്‍ വിശ്വാസീയത തെല്ലും ചോരാത്ത ദൃശ്യമികവാണ് കാണികള്‍ക്ക് ലഭിക്കുന്നത്.IFFK2018 el angel review

അര്‍ജന്‍റീനയിലെ, ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ച, ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്ന കാർലോസ് ലൊബ്രേഡോ പുച്ച് എന്ന കൊടും കുറ്റവാളിയുടെ കഥയാണ് എല്‍ ഏയ്ഞ്ചല്‍ പറയുന്നത്. യാഥാര്‍ഥ്യത്തിനൊപ്പം ഭാവനയും കലര്‍ത്തി പറഞ്ഞ കഥയില്‍ ചെറുപ്രായത്തില്‍ തന്നെ കൊലപാതകങ്ങളും മോഷണങ്ങളും തുടര്‍ക്കഥയാക്കിയ കാര്‍ലിറ്റോയെ കാണാം.

അര്‍ജന്‍റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ 1971ലാണ് കഥ തുടങ്ങുന്നത്.  ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു കൗമാരക്കാരന്‍  പ്രഭാതത്തില്‍ അതിക്രമിച്ച് കടക്കുന്നു. ആ വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് നൃത്തം വെയ്ക്കുന്നു. പുറത്തെത്തി ഒരു കാറില്‍ ഇരുക്കുമ്പോഴാണ് മറ്റൊരു ബൈക്ക് അവിടെ കാണുന്നത്. അതുമായി കടക്കുന്ന കൗമാരക്കാരന്‍ നാട് ചുറ്റിയ ശേഷം വീട്ടില്‍ തിരിച്ചെത്തുന്നു. തന്‍റേതല്ലാത്ത ബൈക്കുമായി വീട്ടിലെത്തിയ മകനോട് അത് എവിടെ നിന്നാണെന്ന് അമ്മ അന്വേഷിക്കുമ്പോള്‍ സുഹൃത്ത് കടം തന്നതാണെന്ന മറുപടിയാണ് കൊടുക്കുന്നത്. പിന്നീട് പിതാവിനോടും ഇതേ കള്ളം ആ കൗമാരക്കാരന്‍ ആവര്‍ത്തിക്കുന്നുണ്ട്. തന്‍റെ ഉപയോഗത്തിന് ശേഷം അവന്‍ ആ ബൈക്ക് ഉപേക്ഷിക്കുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്ന് തുടക്കത്തില്‍ തന്നെ പ്രേക്ഷകനോട് സമര്‍ഥിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നു. അവനാണ് കാര്‍ലിറ്റോ... അര്‍ജന്‍റീന കണ്ട എക്കാലത്തെയും വലിയ കുറ്റവാളി.IFFK2018 el angel review

പിന്നീട് പുതുതായി എത്തുന്ന സ്കൂളില്‍ കാര്‍ലിറ്റോ, റാമോണ്‍ എന്ന തന്‍റെ സീനിയര്‍ വിദ്യാര്‍ഥിയുമായി ചങ്ങാത്തത്തില്‍ ആകുന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന റാമോണിനെ ആദ്യം കാണിക്കുമ്പോള്‍ തന്നെ തനിക്ക് ചേര്‍ന്ന സുഹൃത്തിനെ കണ്ടെത്തിയ ചിരിയാണ് കാര്‍ലിറ്റോയുടെ ചുണ്ടില്‍ വിരിയുന്നത്. പിന്നീട് റാമോണിന്‍റെ വീട്ടിലെത്തുന്ന കാര്‍ലിറ്റോ തന്‍റെ മനസിനിണങ്ങുന്ന റാമോണിന്‍റെ പിതാവിനെ പരിചയപ്പെടുന്നു. അവിടെ നിന്ന് കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും ഒരു നീണ്ട കാലത്തിലേക്കാണ് സിനിമ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.

IFFK2018 el angel review

ഓരോ മോഷണവും കൊലപാതകങ്ങളും നടക്കുമ്പോഴും ഇത് എന്തിനാണ് കാര്‍ലിറ്റോ ചെയ്യുന്നതെന്ന തോന്നല്‍ പ്രേക്ഷകന് ഉണ്ടായേക്കാം. പണം ഒരിക്കലും അവന്‍റെ ലക്ഷ്യമേയല്ല, മറിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒരു അനുഭൂതി കാര്‍ലിറ്റോയില്‍ പ്രകടമാണ്. കവര്‍ച്ചാ രംഗങ്ങളില്‍ പിടിക്കപ്പെടാതിക്കാനുള്ള വഴികള്‍ റാമോണ്‍ നോക്കുമ്പോള്‍ സാഹസികത തേടുകയാണ് കാര്‍ലിട്ടോ ചെയ്യുന്നത്. ഒടുവില്‍ സുഹൃത്തായ റാമോണിനെ പോലും ആസൂത്രിതമായി കൊല്ലുന്ന കാര്‍ലിട്ടോയില്‍ ഒരു സൈക്കോപ്പാത്തിനെ പ്രേക്ഷകന് കണ്ടെത്താനാകും.

തന്‍റെ 20 വയസിനുള്ളില്‍ 11 കൊലപാതകങ്ങളും 46 മോഷണക്കേസുകളുമാണ് കാര്‍ലിറ്റോയുടെ പേരില്‍ വരുന്നത്. അവസാനം പിടിക്കപ്പെട്ട ശേഷവും പൊലീസില്‍ നിന്ന് രക്ഷപ്പെടുന്ന സീനുകളില്‍ പോലും ഒരു 'അഡ്വന്‍ജറസ് ക്രമിനലാവുകയാണ് കാര്‍ലിട്ടോ. യാഥാര്‍ഥ്യവും ഭാനവയും ഇടകലരുന്ന എല്‍ ഏയഞ്ചലില്‍ കൊമേഴ്സല്‍ സിനിമയ്ക്ക് വേണ്ട എല്ലാ രസക്കൂട്ടുകളും സംവിധാകയന്‍ ലൂയിസ് ഒര്‍ട്ടിഗോ അവശേഷിപ്പിക്കുന്നുണ്ട്. എങ്കിലും ഒരു സൈക്കോപ്പാത്ത് കഥാപാത്രത്തിലെ ജീവിതം കാണിക്കുമ്പോഴുള്ള വേഗം പല ഘട്ടത്തിലും സിനിമയ്ക്ക് നഷ്ടമാകുന്നുണ്ടോ എന്ന് തോന്നലുമുണ്ടായേക്കാം. ഐഎഫ്എഫ്‍കെ 2018ന്‍റെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ അര്‍ജന്‍റീനിയന്‍ ചിത്രം പക്ഷേ കണ്ടിറങ്ങുന്ന പ്രേക്ഷകനെ ഒട്ടും നിരാശനാക്കില്ലെന്ന് തീര്‍ച്ച.
   

Follow Us:
Download App:
  • android
  • ios