Asianet News MalayalamAsianet News Malayalam

72 രാജ്യങ്ങള്‍, 488 പ്രദര്‍ശനങ്ങള്‍, 164 ചിത്രങ്ങള്‍; ഐഎഫ്എഫ്കെയ്‍ക്ക് നാളെ കൊടിയേറ്റം

ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍  ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

iffk2018
Author
Thiruvananthapuram, First Published Dec 6, 2018, 9:32 PM IST

ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍  ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് മേയര്‍ വി കെ പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം കെ മുരളീധരന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ശേഷം ഉദ്ഘാടന ചിത്രമായ 'എവരിബഡി നോസ്' പ്രദര്‍ശിപ്പിക്കും. അസ്ഗര്‍ ഫര്‍ഹാദിയാണ് ഈ ഇറാനിയന്‍ ചിത്രത്തിന്റെ സംവിധായകന്‍.

ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവന സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍  പ്രദര്‍ശിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ദ  ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. മെല്‍ ഗിബ്സണിന്റെ അപ്പോകാലിപ്റ്റോ, ജയരാജിന്റെ വെള്ളപ്പൊക്കത്തില്‍, ഫിഷര്‍ സ്റ്റീവന്‍സിന്റെ ബിഫോര്‍ ദി ഫ്ളഡ്, മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

നഷ്‍ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക്  അതിജീവനത്തിന്റെ  സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തിലെ 92 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.
    
അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ 'പോയ്സണസ് റോസസ്', ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ 'വിഡോ ഓഫ് സൈലന്‍സ്' എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ' എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്‍ദിയോടനുബന്ധിച്ച് സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
    
'റിമെംബെറിങ് ദി മാസ്റ്റര്‍' വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ മലയാള സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ആറ് ചിത്രങ്ങള്‍  ക്രോണിക്ലര്‍ ഓഫ് ഔര്‍ ടൈംസ് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മായാനദി, ബിലാത്തിക്കുഴല്‍, ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളാണ് 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ 13 വരെ നഗരങ്ങളിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക.

Follow Us:
Download App:
  • android
  • ios