Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ നിന്ന് ജമ്മുകശ്മീരിലേക്ക് ഇനി 'വന്ദേഭാരത് എക്സ്‍പ്രസും'; കശ്മീര്‍ ഏറ്റവും വികസിത സംസ്ഥാനമാകുമെന്ന് അമിത് ഷാ

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ട്രെയിന്‍ 18 വിഭാഗത്തില്‍ പെട്ട വന്ദേഭാരത് എക്സ്പ്രസ്. സാധാരണ ട്രെയിനുകള്‍ക്ക് ദില്ലിയില്‍ നിന്ന് കത്രയിലേക്കെത്താന്‍ 12 മണിക്കൂര്‍ സമയമാണ് വേണ്ടിവരുന്നത്.

amith shah flag off vandematharam express from delhi to jammu kashmir
Author
Delhi, First Published Oct 3, 2019, 11:10 AM IST

ദില്ലി: പത്തു വർഷത്തിനുള്ളിൽ ജമ്മു കശ്മീർ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാകും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ 370ാം അനുഛേദം കശ്മീരിനെ പിന്നോട്ടടിക്കുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നിന്ന് ജമ്മു കശ്മീരിലെ കത്രയിലേക്കുള്ള സെമി ഹൈസ്‍പീഡ് ട്രെയിന്‍ സര്‍വ്വീസ് വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.  പുതിയ  ട്രെയിന്‍ സര്‍വ്വീസ് വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കും. മഹാത്മാഗാന്ധിയുടെ 'സ്വദേശി' എന്ന ആശയത്തിലാണ് ട്രെയിന്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതെന്നും അമിത് ഷാ പറഞ്ഞു. 

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ട്രെയിന്‍ 18 വിഭാഗത്തില്‍ പെട്ട വന്ദേഭാരത് എക്സ്പ്രസ്. സാധാരണ ട്രെയിനുകള്‍ക്ക് ദില്ലിയില്‍ നിന്ന് കത്രയിലേക്കെത്താന്‍ 12 മണിക്കൂര്‍ സമയമാണ് വേണ്ടിവരുന്നത്.  എന്നാല്‍ വന്ദേഭാരത് എട്ടു മണിക്കൂര്‍ സമയം കൊണ്ട് ഈ ദൂരം കടക്കും. ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ദില്ലി-കത്ര റൂട്ടില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. 

ദില്ലി- കത്ര വന്ദേമാതരം എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തും. ദില്ലിയില്‍ നിന്ന് കത്രയിലെ ശ്രീമാതാ വൈഷ്ണവ ദേവീക്ഷേത്രം വരെ 1630 രൂപ മുതല്‍ 3000 രൂപ വരെയായിരിക്കും ട്രെയിനിന്‍റെ ടിക്കറ്റ് നിരക്ക്.

16 കോച്ചുകളാണ് വന്ദേഭാരതില്‍ ഉള്ളത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ കോച്ചിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിസൗഹൃദമാണ് കോച്ചുകള്‍ എന്ന പ്രത്യേകതയുമുണ്ട്. 97 കോടി രൂപ മുതല്‍മുടക്കില്‍ 18 മാസം കൊണ്ടാണ് ചെന്നൈ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ട്രെയിന്‍ നിര്‍മ്മിച്ചത്. പൂര്‍ണമായും ശീതീകരിച്ചവയാണ് കോച്ചുകളെല്ലാം. മെട്രോട്രെയിന്‍ മാതൃകയില്‍ നിര്‍മ്മിച്ച, ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ എഞ്ചിനില്ലാ ട്രെയിന്‍ കൂടിയാണ് വന്ദേഭാരത്.നിലവിലെ ശതാബ്‍ദി എക്സ്പ്രസുകള്‍ക്ക് പകരമായിരിക്കും പുതിയ വന്ദേമാതരം എക്സ്പ്രസുകള്‍ ഓടിക്കുക. 

Read Also: കശ്മീര്‍ ഹര്‍ജികള്‍: നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Follow Us:
Download App:
  • android
  • ios