Asianet News MalayalamAsianet News Malayalam

വറ്റി വരണ്ട് ബെംഗളൂരു, ഒരു മഴ പോലുമില്ലാതെ 146 ദിനങ്ങൾ, പ്രതീക്ഷ നൽകി കാലാവസ്ഥാ പ്രവചനം

ഏറ്റവുമൊടുവിലായി നഗരത്തിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും മഴ നഗരവാസികളുടെ മേലെ കനിഞ്ഞില്ല

Bengaluru becoming heat capital of country 146 days passed without single rain
Author
First Published Apr 16, 2024, 10:45 AM IST


ബെംഗളുരു: 146 ദിവസങ്ങൾക്കിടയിൽ ഒരു മഴ പോലും ലഭിക്കാതെ വറ്റി വരണ്ട് ഇന്ത്യയിലെ സിലിക്കൺ വാലി. ജലക്ഷാമവും രൂക്ഷമായതോടെ കനത്ത ചൂടിന്റെ പിടിയിലാണ് ബെംഗളുരു നഗരമുള്ളത്. ചൂട് കൊണ്ട് വലഞ്ഞ ബെംഗളുരു നിവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നിരീക്ഷണം. ഏറ്റവുമൊടുവിലായി നഗരത്തിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും മഴ നഗരവാസികളുടെ മേലെ കനിഞ്ഞില്ല. ഒറ്റപ്പെട്ട മഴ പോലുമില്ലാതെ തുടർച്ചയായ 146 ദിവസങ്ങളാണ് ബെംഗളുരുവിൽ കടന്ന് പോയത്. 

മൂന്ന് കാരണങ്ങളാണ് ബെംഗളുരുവിൽ മഴയെത്താത്തതിന് കാരണമായി കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്. എൽ നിനോ പ്രതിഭാസം മൂലം രൂക്ഷമായ ചൂട് വടക്കൻ മേഖലയിലേക്ക് നീങ്ങുന്നതും, അന്തരീക്ഷത്തിൽ വ്യതിയാനങ്ങളൊന്നും സംഭവിക്കാത്തത് മേഘങ്ങൾ രൂപം കൊള്ളാൻ തടസമാകുന്നു, 2023ലെ വരൾച്ചാ സാഹചര്യം നിലനിൽക്കുന്നതിനാൽ മണ്ണിൽ ജലാംശം വളരെ കുറഞ്ഞ നിലയിലാണ് ഉള്ളത്.  ഇവയെല്ലാം മഴ നഗരത്തെ കനിയാത്തതിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. 

ബെംഗളുരുവിൽ മാത്രമല്ല രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലും താപനില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലാണ് അന്തരീക്ഷ താപനില രാജ്യത്തുള്ളത്. എന്നാൽ ബുധനാഴ്ച മുതൽ കർണാടകയുടെ തെക്കൻ മേഖലയിലേക്ക് മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിശദമാക്കുന്നത്. കഴിഞ്ഞ 42 വർഷങ്ങളെ അപേക്ഷിച്ച് ബെംഗളുരുവിലെ ശരാശരി താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധനവാണ് സംഭവിച്ചിട്ടുള്ളത്. ഇത് ജല ശ്രോതസുകളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഭൂർഗഭ ജലനിരപ്പിനേയും കനത്ത ചൂട് സാരമായി ബാധിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios