Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹ കേസ് പൊലീസ് അവസാനിപ്പിച്ചു

പരാതിക്കാരന്‍ മതിയായ തെളിവില്ലാതെയാണ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു. 

bihar police withdraw sedition case against celebrities
Author
Patna, First Published Oct 9, 2019, 8:59 PM IST

പട്ന: ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സെലിബ്രിറ്റികള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം ബിഹാര്‍ പൊലീസ് പിന്‍വലിച്ചു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്‍പി മനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടു. പരാതിക്കാരന്‍ മതിയായ തെളിവില്ലാതെയാണ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

സുധീര്‍ കുമാര്‍ ഓജയുടെ പരാതിയെതുടര്‍ന്നാണ് സാദര്‍ പൊലീസ് സ്റ്റേഷനില്‍ സെലിബ്രിറ്റികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ മൂന്നിനാണ് രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. രാജ്യത്തിന്‍റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രാജ്യവ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, എഴുത്തുകാരായ  അശോക് വാജ്പേയി, ജെറി പിന്‍റോ, അക്കാദമിഷ്യന്‍ ഇറ ഭാസ്കര്‍, കവി ജീത് തയില്‍, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, ചരിത്രകാരി റൊമിലാ ഥാപ്പര്‍, സിനിമാ നിര്‍മാതാവും ആക്ടിവിസ്റ്റുമായ സബാ ദേവന്‍ എന്നിവരുള്‍പ്പെടുന്ന 180 പേര്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയ അറിയിച്ച് തുറന്ന കത്തെഴുതിയിരുന്നു. 

Follow Us:
Download App:
  • android
  • ios