Asianet News MalayalamAsianet News Malayalam

കാസര്‍കോട് മോക്പോളിൽ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയതിൽ ഇതുവരെ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്നും 4 കോടി വിവി പാറ്റുകളിൽ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

BJP got more votes in Kasaragod mock poll technical error says Election commission at Supreme court
Author
First Published Apr 18, 2024, 1:55 PM IST

ദില്ലി: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ചതിനെ ചൊല്ലി സുപ്രീം കോടതിയിൽ വാദം. മോക് പോളിനിടെ, കക്ഷികൾക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാറാണെന്നും അത് ഉടൻ തന്നെ പരിഹരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. എന്നാൽ കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നൽകിയതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

എന്നാൽ മോക്പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോൾ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് നാസര്‍ ആരോപിച്ചു. എല്ലാ സ്ഥാനാർഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ വിവിപാറ്റിൽ ബിജെപി സ്ഥാനാർഥിക്ക് അധികമായി ഒരു വോട്ട്  കൂടി ലഭിച്ചു. സംഭവത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. അവസാന റൗണ്ടിൽ പ്രശ്നം പരിഹരിച്ചു. വോട്ടിംഗ് മെഷീനിൽ പ്രശ്നങ്ങളില്ലെന്നും പോളിംഗ് ദിവസം ഇത്തരത്തിലുള്ള അപാകതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

കാസര്‍കോട് ബിജെപിക്ക് മോക് പോളിൽ പോൾ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം ഇന്ന് സീനിയര്‍ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയതിൽ ഇതുവരെ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്നും 4 കോടി വിവി പാറ്റുകളിൽ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios