Asianet News MalayalamAsianet News Malayalam

ചെറിയൊരു കുറ്റത്തിന് 5-ാം ക്ലാസിൽ കിട്ടിയ അടിയുടെ ആഘാതം ഇന്നും മനസിലുണ്ട്; അനുഭവം പറഞ്ഞ് ചീഫ് ജസ്റ്റിസ്

"പ്രവൃത്തി പരിചയ ക്ലാസിൽ ശരിയായ അളവിലുള്ള സൂചി കൊണ്ടുവരാത്തതിനാണ് എന്നെ അടിച്ചത്. കൈയിൽ അടിക്കരുതെന്നും കാലിൽ അടിക്കാമോ എന്നും അധ്യാപകനോട് അപേക്ഷിച്ചത് ഇന്നും എനിക്ക് ഓർമയുണ്ട്"

chief justice of India speaks about the bitter experience when he studied in 5th standard but still haunts
Author
First Published May 5, 2024, 4:30 PM IST

ന്യൂഡൽഹി: കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ എന്ന പേരിൽ അവർക്ക് കൊടുക്കുന്ന ശാരീരിക ശിക്ഷാ നടപടികൾ അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഇപ്പോൾ സമൂഹവും അധ്യാപകരുമൊക്കെ തിരിച്ചറി‌ഞ്ഞിട്ടുണ്ടെങ്കിലും അൽപകാലം മുമ്പ് വരെ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് ക്രൂരമായ അടിയും നുള്ളുമൊന്നും അത്ര അപരിചിതമായ കാര്യങ്ങളല്ല. കാലങ്ങൾ എത്ര കഴിഞ്ഞാലും അത്തരം ശിക്ഷകൾ വേദനയായി വ്യക്തികളുടെ മനസിൽ പതിഞ്ഞുതന്നെ കിടക്കും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മനസിലുണ്ടെന്ന് തുറന്നു പറ‌ഞ്ഞിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്.

ശനിയാഴ്ച നടന്ന ഒരു സെമിനാറിൽ സംസാരിക്കവെയാണ് ചെറിയൊരു തെറ്റിന്റെ പേരിൽ അ‌ഞ്ചാം ക്ലാസിൽ കിട്ടിയ അടിയെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. "കുട്ടികളോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നുള്ളത് ജീവിതകാലം മുഴുവൻ അവരുടെ മനസിലുണ്ടാവും. സ്കൂളിലെ ആ ദിവസം ഞാനും ഒരിക്കലും മറക്കില്ല. കൈയിൽ വടി കൊണ്ട് അടികിട്ടിയ കാലത്ത് ഞാനൊരു കുട്ടിക്കുറ്റവാളിയൊന്നും ആയിരുന്നില്ല. പ്രവൃത്തി പരിചയ ക്ലാസിൽ ശരിയായ അളവിലുള്ള സൂചി കൊണ്ടുവരാത്തതിനാണ് എന്നെ അടിച്ചത്. കൈയിൽ അടിക്കരുതെന്നും കാലിൽ അടിക്കാമോ എന്നും അധ്യാപകനോട് അപേക്ഷിച്ചത് ഇന്നും എനിക്ക് ഓർമയുണ്ട്. അപമാനഭാരത്താൽ മാതാപിതാക്കളോട് പറയാൻ കഴിഞ്ഞില്ല. അടികൊണ്ട് അടയാളം പതിഞ്ഞ വലതു കൈപ്പത്തി പത്ത് ദിവസം ആരും കാണാതിരിക്കാൻ ഒളിപ്പിച്ചുവെച്ചിരുന്നു" ചീഫ് ജസ്റ്റിസ് പറ‌ഞ്ഞു.

"ശരീരത്തിലേറ്റ മുറിവ് ഉണങ്ങി. പക്ഷേ അത് മനസിൽ എക്കാലവും നിലനിൽക്കുന്ന ആഘാതമുണ്ടാക്കി. ഇപ്പോഴും എന്റെ ജോലി ചെയ്യുമ്പോൾ അത് കൂടെയുണ്ട്. കുട്ടികളോട് ചെയ്യുന്ന ഇത്തരം പ്രതികാരങ്ങളുടെ ആഘാതം വളരെ വലുതായിരിക്കും" - അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് നേപ്പാൾ സുപ്രീം കോടതി കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡി.വൈ ചന്ദ്രചൂഡ്. നിയമവ്യവഹാരങ്ങൾക്കിടയിൽ കുട്ടികളോട് അനുകമ്പാപൂർണമായ നിലപാടെടുക്കണമെന്നും അവരുടെ പുനരധിവാസവും സമൂഹത്തിന്റെ ഭാഗമാവാനുള്ള അവസരങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൗമാര പ്രായത്തിന്റെ വിവിധ തലത്തിലുള്ള പ്രത്യേകളും  അതിന് സമൂഹവുമായുള്ള ബന്ധവുമെല്ലാം മനസിലാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പ്രസംഗത്തിൽ പ്രതിപാദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios