Asianet News MalayalamAsianet News Malayalam

മോദി സർക്കാർ ചാര സർക്കാരെന്ന് കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന് ആരോപണം

മോദി സർക്കാർ "ചാര " സർക്കാർ ആണെന്ന് കോൺഗ്രസ്‌. ഫോൺ ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ നടപടി എടുത്തില്ലെന്ന് ആരോപണം.

Congress alleges Priyanka Gandhi also received message from WhatsApp
Author
Delhi, First Published Nov 3, 2019, 4:29 PM IST

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ഫോണ്‍ സ്പൈവെയര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്. ഇന്ത്യക്കാരായ 121 പേരുടെ ഫോണ്‍ ചോര്‍ത്തിയ വിവരങ്ങള്‍ സെപ്റ്റംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് വാട്സാപ്പ് കൈമാറിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തല്‍. പ്രിയങ്ക ഗാന്ധി നിയമ നടപടിക്ക് ഒരുങ്ങുന്നെന്നാണ് സൂചന

ഫോണ്‍ ചോര്‍ത്തലില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷത്തിന് ഒരു കാരണം കൂടി. മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും പശ്ചിമ ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജിയ്ക്കും പിന്നാലെ ഫോണ്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയും. വിവരം ചോര്‍ത്തലില്‍ സന്ദേശം ലഭിച്ചെന്ന് സ്ഥിരീകരിച്ച കോണ്‍ഗ്രസ് മോദിസര്‍ക്കാര്‍ ചാര സര്‍ക്കാരെന്ന് ആരോപിച്ചു. 

അതിനിടെ ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി വാട്സാപ്പിന്‍റെ രണ്ടാമത്തെ വെളിപ്പെടുത്തല്‍ പുറത്തുവന്നു. ഇസ്രായേലി സ്പെവെയര്‍ പെഗാസസ് 121 ഇന്ത്യക്കാരുടെ വിവരം ചോര്‍ത്തിയെന്ന് സെപ്റ്റംബറില്‍ തന്നെ ഐടി മന്ത്രാലയത്തെ അറിയിച്ചു. മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പിന് പുറമെയാണിത്. 

വിവരം ഐടി മന്ത്രാലയം നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ്ന് കൈമാറി. ചോര്‍ച്ച തടയാൻ വാട്സാപ്പ് തന്നെ മുൻകൈ എടുക്കണമെന്ന് വാട്സാപ്പ് സിഇഒയോട് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള് പുറത്തുവന്നു. ഇതോടെ വിവരച്ചോര്‍ച്ച നേരത്തെ അറിഞ്ഞില്ലെന്നാവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. വാട്സാപ്പ് കൈമാറിയ സന്ദേശങ്ങളില്‍ വ്യക്തതയില്ലായിരുന്നെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios