Asianet News MalayalamAsianet News Malayalam

കലാമിന്‍റെ പേരിലുള്ള പുരസ്കാരം സ്വന്തം അച്ഛന്‍റെ പേരിലാക്കി ജഗന്‍ മോഹന്‍ റെഡ്ഡി; ആന്ധ്രയില്‍ വിവാദം പുകയുന്നു

  • എ പി ജെ അബ്ദുള്‍ കലാമിന്‍റെ പേരിലുള്ള പുരസ്കാരം സ്വന്തം പിതാവിന്‍റെ പേരിലാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി.
  • ഡോ. എ പി ജെ അബ്ദുള്‍ കലാം പ്രതിഭ വിദ്യാ പുരസ്കാര്‍ വൈ എസ് ആര്‍ വിദ്യാ പുരസ്കാര്‍ എന്ന പേരിലാക്കിയാണ് തിരുത്തിയത്.
controversy over Jagan Reddy replaces Abdul Kalam's name with his father in awards
Author
Andhra Pradesh, First Published Nov 5, 2019, 12:35 PM IST

അമരാവതി: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പുരസ്കാരം സ്വന്തം പിതാവിന്‍റെ പേരിലാക്കിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നടപടി വിവാദത്തില്‍. സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഡോ. എ പി ജെ അബ്ദുള്‍ കലാം പ്രതിഭ വിദ്യാ പുരസ്കാര്‍ വൈ എസ് ആര്‍ വിദ്യാ പുരസ്കാര്‍ എന്ന പേരിലാക്കി തിരുത്തിയ വിവരം അറിയിച്ചത്. 

ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കുന്ന പുരസ്കാരമാണിത്. മൊമന്‍റോ, സര്‍ട്ടിഫിക്കറ്റ്, ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ സ്കോളര്‍ഷിപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് പുരസ്കരം. ദേശീയ  വിദ്യാഭ്യാസ ദിനമായ നവംബര്‍ 11- ന് ഈ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 

രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയ ഡോ. കലാമിന്‍റെ പേരിലുള്ള പുരസ്കാരം പിതാവിന്‍റെ പേരിലാക്കിയത് കലാമിനോടുള്ള അനാദരവാണെന്ന് മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തീരുമാനത്തെ ബിജെപിയും കടന്നാക്രമിച്ചു. 'തന്‍റെ അച്ഛനാണ് ഭാരത്രത്ന ലഭിച്ച അബ്ദുള്‍ കലാമിനെക്കാള്‍ മികച്ച ശാസ്ത്രജ്ഞനെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി വിചാരിക്കുന്നത്. പുരസ്കാരങ്ങള്‍ക്കും പദ്ധതികള്‍ക്കും സ്റ്റേഡിയത്തിനും റോഡുകള്‍ക്കുമെല്ലാം നെഹ്‍റു-ഗാന്ധി കുടുംബത്തിലെ ആളുകളുടെ പേര് നല്‍കുന്ന പാര്‍ട്ടിയില്‍ നിന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി വരുന്നത്. അതുകൊണ്ട് പേരുമാറ്റത്തില്‍ അത്ഭുതമില്ല'- ബിജെപിയുടെ ദേശീയ ഐടി സെല്‍ തലവന്‍ അമിത് മാല്‍വിയ ട്വിറ്ററില്‍ കുറിച്ചു.  

Follow Us:
Download App:
  • android
  • ios