Asianet News MalayalamAsianet News Malayalam

സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മക്കെതിരെ സിവിസി; കേസുകളിൽ കോഴ വാങ്ങിയെന്ന് റിപ്പോര്‍ട്ട്

അലോക് വര്‍മ്മയെ സിബിഐ മേധാവി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നില്‍ സിവിസിയുടെ കണ്ടെത്തലുകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചെന്ന് വേണം കരുതാന്‍. 

cvc says three cases against ex CBI chief Alok Verma
Author
Delhi, First Published Oct 12, 2019, 10:48 AM IST

ദില്ലി: സിബിഐ മുൻ മേധാവി അലോക് വര്‍മ്മക്കെതിരെ ഗുരുതരമായ ആരോപണവുമായി സുപ്രീംകോടതിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ റിപ്പോര്‍ട്ട്. മൂന്ന് സാമ്പത്തിക ക്രമക്കേട് കേസുകളിലെ പ്രതികളെ രക്ഷിക്കാൻ അലോക് വര്‍മ്മ കോഴ വാങ്ങിയെന്നാണ് സിവിസിയുടെ കണ്ടെത്തൽ. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് അലോക് വര്‍മ്മക്കെതിരെ സിവിസി അന്വേഷണം നടത്തിയത്.

സിബിഐ തലപ്പത്തെ ഒന്നാമത്തെയും രണ്ടാമത്തെയും ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കഴിഞ്ഞ വര്‍ഷം വലിയ വിവാദങ്ങൾക്കും ഒടുവിൽ സുപ്രീംകോടതിയിലെ നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മക്കെതിരെ ഉപമേധാവിയായിരുന്ന രാകേഷ് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  

മാംസ വ്യാപാരിയായ മായിൻ ഖുറേഷിയെ ഒരു സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും റെയിൽവെ ഭൂമിയിടപാട് കേസിൽ ഐആര്‍സിടിസി ഡയറക്ടറായിരുന്ന രാകേഷ് സക്സേനയെ രക്ഷിക്കാൻ നടത്തിയ നീക്കങ്ങളിലും കോഴ വാങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ കണ്ടെത്തൽ. കൂടാതെ കളങ്കിതരായ ഉദ്യോഗസ്ഥരെ ഏജന്‍സിയില്‍ നിയമിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച വിവരങ്ങൾ സീൽവെച്ച കവറിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ നൽകിയത്.

 ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ ചര്‍ച്ചയായതോടെ രണ്ട് പേരെയും കേന്ദ്ര സര്‍ക്കാര്‍ സിബിഐയിൽ നിന്ന് നീക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മയെ വീണ്ടും സിബിഐ തലപ്പത്ത് സുപ്രീംകോടതി നിയമിച്ചു. എന്നാൽ പിന്നീട് നടപടിക്രമങ്ങൾ പാലിച്ചുതന്നെ അലോക് വര്‍മ്മയെ കേന്ദ്രം പുറത്താക്കി. കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ കണ്ടെത്തലിനെ കുറിച്ച് തുടര്‍ നപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്തായ സാഹചര്യത്തിൽ പുതിയ അന്വേഷണത്തിനുള്ള സാധ്യത തള്ളാനാകില്ല.
 

Follow Us:
Download App:
  • android
  • ios