Asianet News MalayalamAsianet News Malayalam

'ഇഡി സ്വതന്ത്രം, പ്രവര്‍ത്തനം സുഗമം, കാര്യക്ഷമം'; വിമര്‍ശനങ്ങള്‍ തള്ളി പ്രധാനമന്ത്രി

2014ന് മുമ്പ് 1800ല്‍ താഴെ കേസുകള്‍, എന്നാല്‍ 2014ന് ശേഷം 5000ലധികം കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തു എന്ന് പ്രധാനമന്ത്രി

Enforcement Directorate is fully free and not used as a political tool says PM Modi in Exclusive Interview with Asianet News
Author
First Published Apr 20, 2024, 8:29 PM IST

ദില്ലി: ഇഡിയും സിബിഐയും അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇഡി ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാലമാണിതെന്ന് മോദി പറഞ്ഞു. 'അഴിമതിമുക്ത ഇന്ത്യ പടുത്തുയര്‍ത്താന്‍ ഇഡിയുടെ പ്രവര്‍ത്തനം സുതാര്യവും സ്വതന്ത്രവുമായിരിക്കണം എന്ന കാഴ്ചപ്പാടോയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇഡിയെയും സിബിഐയെയും ദുരുപയോഗം ചെയ്യുന്നു എന്ന വിമര്‍ശനം അത്ഭുതമാണ്. ട്രെയിനില്‍ ഒരു ടിക്കറ്റ് പരിശോധകനോട് നിങ്ങളെന്തിനാണ് ടിക്കറ്റ് പരിശോധിക്കുന്നത് എന്ന ചോദിക്കുന്നത് യുക്തിഹീനമല്ലേ. യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുക എന്നത് ടിക്കറ്റ് ചെക്കറുടെ ചുമതലയാണ്. ഇതുപോലെ തന്നെയാണ് ഇഡി പ്രവര്‍ത്തിക്കുന്നതും.'-മോദി പറഞ്ഞു.

'ഇഡിക്കും സിബിഐക്കും അവരുടെതായ ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ഇഡിയെയും സിബിഐയെയും സര്‍ക്കാരുകള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നാണ് നിലപാട്. ഇരു ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇഡി എന്തുതരം ജോലിയാണ് ചെയ്തത് എന്ന് നോക്കൂ. സര്‍ക്കാര്‍ വൃത്തങ്ങളോ മാഫിയകളോ എന്ന വിവേചനമില്ലാതെ അഴിമതിക്കെതിരെ നിരവധി കേസുകള്‍ എടുത്തു. ഇഡി കേസ് എടുത്തവരില്‍ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമായി ബന്ധപ്പെട്ടത്. മറ്റ് മേഖലകളിലുള്ളവര്‍ക്കെതിരെയാണ് 97 ശതമാനം കേസുകളും. എത്രയോ ഓഫീസര്‍മാര്‍ ജയിലില്‍ കിടക്കുന്നു. എത്രയോ ഓഫീസര്‍മാര്‍ക്ക് ജോലി പോയി. അതിനെ കുറിച്ച് ആരും പരാമര്‍ശിക്കാറില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്' എന്നും പ്രധാനമന്ത്രി പറഞ്ഞു.

'2014-ന് മുമ്പ് ഇഡി 1800 കേസുകളില്‍ താഴെ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. ഇഡി അക്കാലത്ത് ഉറങ്ങുകയായിരുന്നു. 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5000-ലധികം കേസുകള്‍ ഇഡി എടുത്തത് അവരുടെ പ്രവര്‍ത്തന കാര്യക്ഷമത വ്യക്തമാക്കുന്നുണ്ട്. 2014-ന് മുമ്പ് 84 പരിശോധനകള്‍ മാത്രമാണ് നടന്നത് എങ്കില്‍ 2014ന് ശേഷം പരിശോധനകള്‍ 7000 ആയി ഉയര്‍ന്നു. 2014-ന് മുമ്പ് 5000 കോടി രൂപ മൂല്യമുള്ള വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയതെങ്കില്‍ 2014-ന് ശേഷം ഇത് 1.25 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെ എന്തിനാണ് പലരും വിമര്‍ശിക്കുന്നത്? രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കപ്പെടണമെങ്കില്‍ ഇഡി പോലുള്ള ഏജന്‍സികള്‍ സുതാര്യവും സ്വതന്ത്രവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാല്‍ പ്രധാനമന്ത്രിയായ എനിക്ക് പോലും ഇഡിയെയോ മറ്റ് ഏജന്‍സികളെയോ നിയന്ത്രിക്കാനോ അവയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനോ അവകാശമില്ല'- മോദി അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios