Asianet News MalayalamAsianet News Malayalam

മുൻ ആന്ധ്ര സ്‌പീക്കറുടെ മരണം ആത്മഹത്യയെന്ന് കുടുംബം; സ്ഥിരീകരിക്കാതെ പൊലീസ്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊഡേല സ്പീക്കറായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥി അമ്പാട്ടി രാംബാബുവിനോട് അദ്ദേഹം പരാജയപ്പെട്ടു.

Former Andhra Pradesh Speaker Kodela Sivaprasada Rao dies after alleged suicide attempt
Author
Hyderabad, First Published Sep 16, 2019, 4:05 PM IST

ഹൈദരാബാദ്: തെലുഗുദേശം പാർട്ടി മുതിർന്ന നേതാവും ആന്ധ്രപ്രദേശ് മുൻ സ്‌പീക്കറുമായിരുന്ന കൊഡേലു ശിവപ്രസാദിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. 72 കാരനായ ഇദ്ദേഹം ഹൈദരാബാദിലെ വസതിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടാതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ നന്ദമുറി ബസവരമ തരകം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. തൂങ്ങിമരണമാണോയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച് ഡോക്ടർമാർ ഇനിയും ബുള്ളറ്റിൽ പുറത്തുവിട്ടിട്ടില്ല. ഭാര്യ ശശികല, മക്കളായ ശിവറാം, വിജയലക്ഷ്മി എന്നിവർക്കൊപ്പമായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. രണ്ട് വർഷം മുൻപ് ഇദ്ദേഹത്തിന്റെ ഇളയ മകൻ മരിച്ചിരുന്നു.

ഡോക്ടറായിരുന്ന ഇദ്ദേഹം 1982 ലാണ് തെലുഗുദേശം പാർട്ടിയിൽ ചേർന്നത്. എൻടി രാമറാവുവിന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെട്ടിരുന്നത്. ആന്ധ്രപ്രദേശിലെ നരസരൊപേട് അസംബ്ലി മണ്ഡലത്തെ തുടർച്ചയായ അഞ്ച് വട്ടം നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. എൻടിആറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊഡേല സ്പീക്കറായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർത്ഥി അമ്പാട്ടി രാംബാബുവിനോട് അദ്ദേഹം പരാജയപ്പെട്ടു.

തന്റെ വസതിയിലേക്കും ക്യാംപ് ഓഫീസിലേക്കും രണ്ട്  കോടി വില വരുന്ന ഫർണിച്ചറുകൾ നിയമസഭയിൽ നിന്നും എടുത്തുകൊണ്ടുപോയ സംഭവത്തിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഈ ഫർണിച്ചറുകൾ തിരിച്ചെടുക്കാനോ അല്ലെങ്കിൽ അതിന്റെ വില ഈടാക്കാനോ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇദ്ദേഹം കോടതിയിൽ പറഞ്ഞത്. കേസ് കോടതിയുടെ പരിഗണനയിലാണ്.

Follow Us:
Download App:
  • android
  • ios