Asianet News MalayalamAsianet News Malayalam

'തെറ്റ് പറ്റിയാല്‍ ക്ഷമ പറയുന്നതില്‍ ലജ്ജയില്ല'; കഫീല്‍ ഖാനോട് മാപ്പ് പറഞ്ഞ് ബിജെപി മുന്‍ എംപി

തന്നോട് ക്ഷമ ചോദിച്ച പരേഷിനോട് കഫീല്‍ ഖാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. തന്നെ ബാധിച്ച വലിയ കാര്യമായിരുന്നു ആ സംഭവം. നമ്മളെല്ലാവരും കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് മാപ്പ് പറയണമെന്ന് കഫീല്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

former bjp mp Paresh Rawal says sorry to Gorakhpur doctor Kafeel Khan
Author
Delhi, First Published Oct 3, 2019, 12:50 PM IST

ദില്ലി: ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച  സംഭവത്തി ല്‍ആരോപണ വിധേയനായിരുന്ന ഡോക്ടർ കഫീല്‍ ഖാൻ നിരപരാധിയെന്ന് തെളിഞ്ഞതോടെ കഫീല്‍ഖാനോട് മാപ്പ് പറഞ്ഞ് ബിജെപി മുന്‍ എംപിയും നടനുമായ പരേഷ് റാവല്‍.   തെറ്റുപറ്റിയെന്ന് തോന്നിയാല്‍ മാപ്പ് പറയുന്നതില്‍ ഒരാള്‍ക്ക് ലജ്ജിക്കേണ്ട കാര്യമില്ല, കഫീല്‍ ഖാന്‍, താങ്കളോട് മാപ്പ് ചോദിക്കുന്നു- പരേഷ് റാവല്‍ ട്വിറ്ററില്‍ കുറിച്ചു. 

‌2017 ഓഗസ്റ്റ് 10നാണ് 60 ഓളം കുഞ്ഞുങ്ങൾ ഓക്സിജന്‍റെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ശിശുരോ​ഗ വിധ​ഗ്ദനായ ഡോക്ടർ കഫീൽ ഖാനെ സസ്പെന്‍റ് ചെയ്തു. പിന്നാലെ കഫീല്‍ഖാനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയായിരുന്നു. എംപി ആയിരുന്ന പരേഷ് റാവലടക്കം കഫീലിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്ത് വന്നിരുന്നു.

തന്നോട് ക്ഷമ ചോദിച്ച പരേഷിനോട് കഫീല്‍ ഖാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. തന്നെ ബാധിച്ച വലിയ കാര്യമായിരുന്നു ആ സംഭവം. നമ്മളെല്ലാവരും കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് മാപ്പ് പറയണമെന്ന് കഫീല്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

Read more: ഗൊരഖ്‍പൂരിലെ ശിശുമരണം: ഡോ. കഫീൽ ഖാന് ആശ്വാസം, കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട്

ആശുപത്രിയില്‍ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. സെപ്തംബര്‍ 27ന് ആണ് കഫീല്‍ഖാനെ കുറ്റവിമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്. 

Read more: 'ഗൊരക്പൂരിലെ ശിശുമരണം: മനുഷ്യ നിര്‍മ്മിത കൂട്ടക്കുരുതി, ഉത്തരവാദി ഒരാള്‍'; യോഗി സര്‍ക്കാരിനെതിരെ കഫീല്‍ ഖാന്‍

Follow Us:
Download App:
  • android
  • ios