Asianet News MalayalamAsianet News Malayalam

വീണ്ടും റഫാൽ: അനിൽ അംബാനിക്ക് ഫ്രാൻസ് നൽകിയത് ശതകോടികളുടെ വൻ നികുതിയിളവ്

അനിൽ അംബാനിയുടെ 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് 143 മില്യൺ യൂറോ നികുതി ഇളവ് നൽകിയെന്നാണ് ലെ മോൺടെ ദിനപത്രം റിപ്പോ‍ർട്ട് ചെയ്യുന്നത്. 

france government waved millions in tax exemption in favour of ambani following rafale announcment
Author
Delhi, First Published Apr 13, 2019, 12:12 PM IST

ദില്ലി: റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോൺടെ. അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ 143 മില്യൺ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നൽകിയെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോയുമായി കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണെന്നതാണ് ശ്രദ്ധേയം.

അനിൽ അംബാനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് നികുതി ഇളവ് നൽകിയെന്നാണ് ലെ മോൺടെ റിപ്പോ‍ർട്ട് ചെയ്യുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരന്നുത്. എന്നാൽ 7 മില്യൺ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. 

ഈ കേസിൽ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വാ ഒലാന്ദുമായി ചര്‍ച്ച നടത്തി 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 മില്യണ്‍ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.

റഫാൽ ഇടപാട് എന്നാലെന്ത്? വിവാദങ്ങളെന്ത്?

ജൂൺ 2001-നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങൾ വാങ്ങാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സർക്കാർ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമായ തരത്തിൽ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിർമിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

പിന്നീട് 2007 ആഗസ്റ്റിൽ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് ഫ്രാൻസിലെ വിമാനനിർമാണക്കമ്പനിയായ ദസോ ഏവിയേഷന് കരാർ ഏൽപിക്കാൻ ധാരണയായത്. ദസോ വികസിപ്പിച്ച 'റഫാൽ' എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങൾക്കുതകുന്നതാണെന്ന് കണ്ടാണ് കരാർ ഏൽപിച്ചത്. ആദ്യം 18 ജെറ്റ് വിമാനങ്ങൾ നിർമിച്ച് നൽകാനും, ബാക്കി വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ നൽകി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാർ നൽകിയത്. ദസോയുമായി തുടങ്ങിയ ചർച്ച 2014 വരെ നീണ്ടെങ്കിലും ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ യുപിഎ പരാജയപ്പെട്ടതോടെ, ചർച്ചകൾ തൽക്കാലം അവസാനിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വന്ന എൻഡിഎ സർക്കാർ ഏപ്രിൽ 2015-ന് ഫ്രാൻസിൽ നിന്ന് സർക്കാരുകൾ തമ്മിൽ 8.7 ബില്യൺ ഡോളർ ചെലവിൽ 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങൾ നിർമിക്കാനുള്ള യുപിഎ സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. 

എന്നാൽ ഇതിനെ ശക്തമായി എതിർത്ത കോൺഗ്രസ്, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയർത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോൾ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. പഴയ കരാർ പ്രകാരം വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറിൽ ഇതില്ലെന്നും കോൺഗ്രസ് ആരോപിച്ചു. 

എൻഡിഎ ഈ കരാറിൽ ഓരോ വിമാനത്തിനും നൽകുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാർലമെന്‍റിലോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ യുപിഎ കാലത്തെ കരാർ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാൻസുമായി കരാർ ഒപ്പിടുന്നത് വൈകാൻ കാരണം വിലയിലെ തർക്കമാണെന്നും മോദി സർക്കാർ അവകാശപ്പെട്ടു. 

എന്നാൽ റഫാലിന്‍റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാർ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്തെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയൻസ് ഗ്രൂപ്പും ആരോപണങ്ങൾ നിരന്തരം നിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios