Asianet News MalayalamAsianet News Malayalam

എല്ലാ സംസ്ഥാനങ്ങളോടും സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശിച്ച് കേന്ദ്രം; യുപിയിലെ സുരക്ഷ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്

ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ചീഫ് ജസ്റ്റിസ‌് വിളിച്ചുവരുത്തി ചർച്ച നടത്തും. ഇന്ന് ഉച്ചക്ക് ചീഫ് ജസ്റ്റിസിന്‍റെ ചേമ്പറിൽ വച്ചായിരിക്കും ചർച്ച.

home ministry instructs all states to increase security ahead of ayodhya verdict
Author
Delhi, First Published Nov 8, 2019, 9:38 AM IST

ദില്ലി: അയോധ്യകേസിൽ ഉടൻ വിധി പ്രസ്താവം ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. യുപിയിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിധി വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘർഷങ്ങളും തയാൻ കർശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.  ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള നിർദ്ദേശവും നൽകിയിരിക്കുന്നത്. 

സുരക്ഷകാര്യങ്ങൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേരിട്ട് പരിശോധിക്കുകയാണ്. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ചീഫ് ജസ്റ്റിസ‌് വിളിച്ചുവരുത്തി ചർച്ച നടത്തും. ഇന്ന് ഉച്ചക്ക് ചീഫ് ജസ്റ്റിസിന്‍റെ ചേമ്പറിൽ വച്ചായിരിക്കും ചർച്ച.

അയോധ്യവിധിക്ക് മുന്നോടിയായി സമ്പൂര്‍ണ മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ഇക്കാര്യത്തില്‍ മന്ത്രിമാർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടെന്നുമാണ് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. വിധിയെക്കുറിച്ച് സർക്കാർ കൂട്ടായി ആലോചിച്ച് പ്രതികരിക്കും. വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രിമാർ നടത്തരുത്. ഈ നിർദ്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുടെ യോഗത്തില്‍ നല്‍കിയത്. 

വിധി അനുകൂലമായാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് വിശ്വഹിന്ദു പരിക്ഷത്തും തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. അയോധ്യ കേസിലെ വിധി എന്തായാലും സമൂഹത്തിലെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 
 
അയോധ്യ വിധിയില്‍ അനാവശ്യ പ്രസ്താവന പാടില്ലെന്ന് ബിജെപി അധ്യക്ഷനും അഭ്യന്തരമന്ത്രിയുമായ അമിത് ഷായും വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്ഡയും നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി നേതൃത്വവും വിധിയോട് പ്രതികരിക്കുന്നത് വരെ കാത്തിരിക്കുക എന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios