Asianet News MalayalamAsianet News Malayalam

മോദിയുടെ വിവാദ പ്രസംഗത്തിൽ നടപടി വേണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും; കൂട്ട പരാതി നൽകാൻ ആഹ്വാനം ചെയ്ത് തൃണമൂൽ

മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

Huge Row After PM Says Congress To Distribute Assets Among Infiltrators
Author
First Published Apr 22, 2024, 11:10 AM IST

ദില്ലി: രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മോദിയുടേത് രാജ്യത്തിന്‍റെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.  

എന്ത് രാഷ്ട്രീയവും സംസ്കാരവും ആണിതെന്ന് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്കാരത്തിനും യോജിക്കാത്തത് ആണിത്. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന  മോദി മറുഭാഗത്ത് വിദ്വേഷം പരത്തുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഒരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത ഭാഷയാണെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടേത് വിഷം നിറഞ്ഞ ഭാഷയാണെന്ന് ജയറാം രമേശ് വിമർശിച്ചു. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം എന്നാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. 

മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷയാണ്. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് മോദി വോട്ട് തേടുന്നു. ഏകാധിപതി നിരാശയിലാണെന്നും  സിപിഎം പ്രതികരിച്ചു.

മോദി പറഞ്ഞത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് പ്രീണനമെന്ന് കെ സുരേന്ദ്രന്‍, ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല

മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷന് കൂട്ട പരാതി നൽകാൻ തൃണമൂൽ കോൺഗ്രസ് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇമെയിലിലൂടെ കൂട്ട പരാതി നൽകാനാണ് പൊതുജനങ്ങളോടുള്ള  ആഹ്വാനം. പ്രതിപക്ഷത്തെ അവഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കും ബിജെപിക്കും സർവ്വസ്വാതന്ത്ര്യവും നൽകുന്നുവെന്ന് സാകേത് ഗോഖലെ എംപി വിമർശിച്ചു.

കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കാണെന്ന് മോദി ഇന്നലെ രാജസ്ഥാനിലെ റാലിയിലാണ് പറഞ്ഞത്. കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകും. അവരുടെ പ്രകടന പത്രികയിൽ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, പെങ്ങൻമാരേ  നിങ്ങളുടെ കെട്ടുതാലി വരെ അവർ  വെറുതെ വിടില്ല. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി ചോദിച്ചു. 

Follow Us:
Download App:
  • android
  • ios