Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തു; വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

വിവാദ സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയെടുത്തത് 

Hyderabad woman cop Uma Devi suspended for hugging BJP candidate Kompella Madhavi Latha during poll rally
Author
First Published Apr 23, 2024, 8:03 PM IST

ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്‌തതിന് ഹൈദരാബാദില്‍ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്‌ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായ ഉമാ ദേവിക്കെതിരെ നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. 

ഹൈദരാബാദില്‍ ഔദ്യോഗിക കുപ്പായത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നതിനിടെ എഎസ്‌ഐയായ ഉമാ ദേവി ബിജെപി സ്ഥാനാര്‍ഥിയായ  കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്‌തദാനം ചെയ്‌ത ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും സിറ്റി പൊലീസ് കമ്മീഷണര്‍ കെ. ശ്രീനിവാസ റെഡ്ഢി നടപടിയെടുക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ ഇലക്ഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ആലിംഗനം ചെയ്‌ത ശേഷം ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

Read more: രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 89 മണ്ഡലങ്ങളില്‍; കേരളം അടക്കം രണ്ടിടങ്ങളില്‍ വിധിയെഴുത്ത് സമ്പൂര്‍ണമാകും

എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കെതിരെയാണ് ഹൈദരാബാദില്‍ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്. ബിആര്‍എസിന്‍റെ ഗദ്ദം ശ്രീനിവാസ് യാദവ് ആണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാര്‍ഥി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 282,186 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഒവൈസി വിജയിച്ച മണ്ഡലമാണിത്. 2004 മുതല്‍ ഒവൈസിയാണ് ഹൈദരാബാദില്‍ നിന്നുള്ള എംപി. 2004ല്‍ 100,145 വോട്ടിനും 2009ല്‍ 113,865 വോട്ടിനും 2014ല്‍ 202,454 വോട്ടിനുമാണ് അസദുദ്ദിന്‍ ഒവൈസി ഇവിടെ നിന്ന് വിജയിച്ച് പാര്‍ലമെന്‍റിലെത്തിയത്. 

Read more: 

Follow Us:
Download App:
  • android
  • ios