Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ട്വീറ്റിലൂടെ മുന്‍കൂര്‍ ജാമ്യമെടുത്ത് പാക് പ്രധാനമന്ത്രി

ജമ്മുകശ്മീരിൽ പാക് സേനയുടെ പിന്തുണയോടെ  എല്ലാ ദിവസവും ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്‍റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അധീന കശ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുത് എന്ന് ഇമ്രാൻഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
 

Imran khan tweeted that those living in pak occupied kashmir should not cross the border
Author
Anantnag, First Published Oct 5, 2019, 12:42 PM IST

ശ്രീഗനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിൽ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കശ്മീരിലെ നടപടികൾക്ക് പിന്തുണ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം സൗദി അറേബ്യ സന്ദർശിക്കും. ഇതിനിടെ പാക് അധീന കശ്മീരിലുള്ളവർ അതിർത്തി കടക്കരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാൻ ട്വീറ്റ് ചെയ്തു.

അനന്ത്നാഗിൽ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. പ്രദേശവാസികള്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജമ്മുകശ്മീരിൽ പാക് സേനയുടെ പിന്തുണയോടെ  എല്ലാ ദിവസവും ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്‍റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അധീന കശ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുത് എന്ന് ഇമ്രാൻഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നെന്നാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ ഇന്ത്യ ജമ്മുകശ്മീരിലെ നടപടികൾക്ക് മറയാക്കുമെന്നും ഇമ്രാൻ ട്വീറ്റില്‍ പറയുന്നു.  പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ഇന്ത്യ ലോകശ്രദ്ധ തിരിക്കുമ്പോഴാണ് ട്വീറ്റിലൂടെയുള്ള ഇമ്രാൻറെ ഈ മുൻകൂർ ജാമ്യം. 

അതേസമയം, ജമ്മുകശ്മീര്‍ വിഷയത്തെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാൻ വൻ ചർച്ചയാക്കുമ്പോൾ സൗദി അറേബ്യയെ ഒപ്പം നിറുത്താൻ ഇന്ത്യ നീക്കം തുടങ്ങി. ഈ മാസം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ എത്തും. കിരീടാവകാശി മെഹാമ്മദ് ബിൻ സൽമാനുമായി മോദി നടത്തുന്ന ചർച്ചയിൽ കശ്മീരിലെ നടപടികള്‍ വിശദീകരിക്കും. അടുത്തയാഴ്ച മഹാബലിപുരത്ത് നടക്കുന്ന നരേന്ദ്ര മോദി ഷി ജിൻപിങ്ങ് അനൗപചാരിക കൂടിക്കാഴ്ചയിലും കശ്മീർ ചർച്ചയാവും. പാക് അനുകൂല നിലപാട് ചൈന ഉപേക്ഷിക്കും എന്ന പ്രതീക്ഷ ഇന്ത്യക്കില്ല. എങ്കിലും, അന്താരാഷ്ട്ര വേദികളിലെ കടുത്ത നീക്കങ്ങളിൽ നിന്ന് ചൈനയെ പിന്തിരിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Read Also: കുപ്രസിദ്ധമായ 111 ബ്രിഗേഡിന്റെ അവധികൾ റദ്ദാക്കി, ഇമ്രാൻ ഖാനെതിരെ സൈനികകലാപത്തിന് സാധ്യത

Follow Us:
Download App:
  • android
  • ios