Asianet News MalayalamAsianet News Malayalam

അനധികൃത സ്വത്ത് സമ്പാദനം: ആള്‍ദൈവം കല്‍ക്കി ബാബയെ ഉടന്‍ ചോദ്യം ചെയ്യും

കല്‍ക്കി ബാബയുടെ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന  രാഷ്ട്രീയ നേതാക്കളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടങ്ങി. 

income tax department to soon question kalki baba
Author
Delhi, First Published Oct 23, 2019, 7:10 PM IST

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആള്‍ദൈവം കല്‍ക്കി ബാബയെ ആദായ നികുതി വകുപ്പ് ഉടന്‍ ചോദ്യം ചെയ്യും. കല്‍ക്കി ബാബയുടെ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന  രാഷ്ട്രീയ നേതാക്കളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടങ്ങി. ആശ്രമത്തിന്‍റെ പേരില്‍ കോടികളുടെ വിദേശ സംഭാവന സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആദായ നികുതി വകുപ്പ് പരിശോധനയില്‍ വ്യക്തമായി.

കല്‍ക്കി ബാബയുടെ മകന്‍ എന്‍കെവി കൃഷ്ണയെയും മരുമകള്‍ പ്രീതയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതില്‍ നിന്ന് നികുതി വെട്ടിപ്പിന്‍റെ നിര്‍ണായക വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു. ആന്ധ്രാ തമിഴ്നാട് അതിര്‍ത്തി, ഹൈദരാബാദ്, ബംഗളൂരൂ എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയത് റിയല്‍എസ്റ്റേറ്റ് കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്നാണ് കൃഷ്ണയുടെ മൊഴി. മരുമകള്‍ പ്രീതയുടെ പേരിലാണ് നാലായിരം ഏക്കറോളം ഭൂമി രജിസ്റ്റര്‍ ചെയ്തത്. 

വൈറ്റ് ലോട്ടസ് എന്ന സ്ഥാപനo കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ മുതിര്‍ന്ന ടിഡിപി നേതാക്കള്‍ക്കും പങ്ക് ഉള്ളതിന്‍റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. നികുതി വെട്ടിപ്പിന് ആന്ധ്രയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായാണ് സംശയം. ആശ്രമത്തിന്‍റെ പേരില്‍ ലഭിച്ച കോടികളുടെ വിദേശ നിക്ഷേപം മരുമകള്‍ പ്രീതയുടെ പേരില്‍ ദുബായിയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്.

 കൃഷ്ണയുടെ  പേരില്‍ ദുബായിലുള്ള കെട്ടിട നിര്‍മ്മാണ കമ്പനിയുടെ പേരിലും വന്‍ തുക മാറ്റിയിട്ടുണ്ട്. ഹവാല ഇടപാട് നടന്നതിന്‍റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ആദായ നികുതി ഓഫീസില്‍ എത്തിച്ച് കല്‍ക്കി ബാബയെയും ഭാര്യ പത്മാവതിയെയും ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.


 

Follow Us:
Download App:
  • android
  • ios