Asianet News MalayalamAsianet News Malayalam

ആർസിഇപി കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കില്ല: കരാർ അന്തിമമാക്കാനുള്ള നീക്കത്തിന് തിരിച്ചടി

കരാർ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് നരേന്ദ്രമോദി. തീരുമാനം ഇന്ത്യയിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനെന്ന് വിദേശകാര്യ സെക്രട്ടറി. ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ആർസിഇപി കരാറിൽ പ്രഖ്യാപനം.

India does not sign RCEP contract
Author
Bangkok, First Published Nov 4, 2019, 7:39 PM IST

ബാങ്കോക്ക്: ഇന്ത്യയുൾപ്പെടെയുള്ള 16  രാജ്യങ്ങളെ ഒന്നിപ്പിച്ച് സ്വതന്ത്ര്യ വ്യാപാരമേഖല ഉണ്ടാക്കാനുള്ള ആർസിഇപി കരാറിൽ സമവായമില്ല. കരാറിൽ ഒപ്പു വയ്ക്കില്ലെന്ന് ഇന്ത്യ ആർസിഇപി ഉച്ചകോടിയെ അറിയിച്ചു. കരാർ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറിൽ ഭാഗമാകാനില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചത്. പാവപ്പെട്ടവരുടെ ക്ഷേമത്തിനാകണം മുൻഗണനയെന്ന മഹാത്മാ ഗാന്ധിയുടെ വീക്ഷണമാണ് തന്നെ നയിക്കുന്നതെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു. വിഷയത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂർ സിംഗും പ്രതികരിച്ചു.

കരാറിൽ ഒപ്പിടാൻ മറ്റ് 15 രാജ്യങ്ങൾ തീരുമാനിച്ചെന്നാണ് ഉച്ചകോടിക്ക് ശേഷം വന്ന ആർസിഇപി കരാർ പ്രഖ്യാപനത്തിലുണ്ടായിരുന്നത്.  ഇതു വരെ പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങൾ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ ഉയർത്തിയ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കരാറിൽ ഭാഗമാകാനില്ലെന്ന് വിദേശകാര്യ സെക്രട്ടറി വീണ്ടും വ്യക്തമാക്കി.

വിഷയത്തിൽ തുടർചർച്ചകൾക്കും ഇല്ല. ദേശീയതാല്പര്യം സംരക്ഷിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സേവന, നിക്ഷേപ മേഖലകൾ ഇന്ത്യയ്ക്കായി തുറക്കാൻ ചില രാജ്യങ്ങൾക്ക് മടിയാണ് എന്ന കാരണമാണ് കരാറിനെ എതിർക്കാൻ ഇന്ത്യ ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യ, ചൈന, ജപ്പാൻ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും പത്തു ആസിയാൻ രാജ്യങ്ങളും ഉൾപ്പെടുന്ന സ്വതന്ത്ര്യവ്യാപാര കരാറാണ് ആർസിഇപി (റീജണൽ കോമ്പ്രിഹെൻസിവ് എക്കണോമിക് പാർട്ണർഷിപ്പ്) .കാർഷിക, വ്യാവസായിക, സേവന, എഞ്ചിനീയറിംഗ് മേഖലകളിലെല്ലാം ഉത്പന്നങ്ങൾ നികുതിയില്ലാതെ കയറ്റി അയക്കുന്നതിനും ഇറക്കാനുമുള്ള അനുമതിയാണ് കരാർ നൽകുന്നത്.

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പരിധിവിട്ട ഇറക്കുമതിയിലൂടെ ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് വില ഇടിയുന്ന സാഹചര്യം ഉണ്ടാകും എന്ന പരാതിയാണ് കരാറിനെതിരെ പ്രധാനമായും ഉയർന്നത്. 

രാഷ്ട്രീയ കിസാന്‍ മഹാസംഘ് , ഓണ്‍ ഇന്ത്യ കിസാന്‍ സംഖര്‍ഷ കോഡിനേഷന്‍ കമ്മിറ്റി തുടങ്ങി നിരവധി കാർഷക സംഘടനകൾ കരാറിനെതിരെ പ്രതിഷേധിച്ചിരുന്നു. കരാറിനെതിരെ കോൺഗ്രസും വിമര്‍ശനം ഉന്നയിച്ചിരുന്നു. കാർഷിക ചെറുകിട രംഗത്തെ കരാർ തകർക്കും, കരാർ വഴി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ഒടിക്കുകയാണ് എന്നിങ്ങനെയായിരുന്നു ആർസിഇപി കരാറിനെതിരെ കോൺഗ്രസ് ഉയർത്തിയ ആക്ഷേപങ്ങൾ. 

Follow Us:
Download App:
  • android
  • ios