Asianet News MalayalamAsianet News Malayalam

'രാഹുലിനെ ഇന്ത്യയ്ക്ക് വിശ്വാസമില്ല, മോദിയുടെ ​ഗ്യാരണ്ടിയിലാണ് ജനങ്ങളുടെ വിശ്വാസം': മോദി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ് തന്റെ സർക്കാർ. ഭാവി സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളും നിർണായകമെന്ന് മോദി പറഞ്ഞു.

India does not trust Rahul People's faith is in Modis guarantee says modi
Author
First Published Apr 15, 2024, 8:15 PM IST

ദില്ലി: രാഹുൽ ​ഗാന്ധിയെ ഇന്ത്യക്ക് വിശ്വാസമില്ലെന്നും മോദിയുടെ ​ഗ്യാരണ്ടിയിലാണ് ‍ജനങ്ങളുടെ വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ് തന്റെ സർക്കാർ. ഭാവി സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളും നിർണായകമെന്ന് മോദി പറഞ്ഞു. ബിജെപി കുടുംബ പാർട്ടിയല്ലെന്നും മോദി കൂട്ടിച്ചേർത്തു. ഭരണത്തുടർച്ചയിൽ ഭയം വേണ്ട. മിഷൻ 2047 ആണ് മുന്നിലുള്ളത്. തൻ്റെ ടീം അതിനായുള്ള പരിശ്രമത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡിനെതിരായ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. പൂർവമാതൃകകളൊന്നും മുൻപിലുണ്ടായിരുന്നില്ല. രാജ്യ നന്മയ്ക്ക് വേണ്ടി തൻ്റെ സർക്കാർ സത്യസന്ധമായി പ്രവർത്തിച്ചു. ആ ട്രാക്ക് റെക്കോർഡ് ജനങ്ങൾക്ക് മുന്നിൽ വച്ചാണ് 2024 ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി പറഞ്ഞു.

മുൻ സർക്കാർ പ്രവർത്തിച്ചത് ഒരു കുടുംബത്തെ ശക്തിപ്പെടുത്താനായിരുന്നു. താൻ മുൻപോട്ട് വയ്ക്കുന്ന പദ്ധതികൾ ആരെയും ഭയപ്പെടുത്താനല്ല. ജമ്മു കശ്മീർ പുനസംഘടന, മുത്തലാഖ് നിരോധനം ഇതൊക്കെ കഴിഞ്ഞ സർക്കാരിൻ്റെ ആദ്യ നൂറ് ദിനങ്ങളിൽ നടപ്പാക്കി. ഭാവി സർക്കാരിൻ്റെ ആദ്യ നൂറ് ദിനങ്ങളും നിർണ്ണായകമായിരിക്കും. പ്രതിപക്ഷത്തിൻ്റെ അഴിമതി രാഷ്ട്രീയ രംഗത്തെ സംശയത്തിൻ്റെ നിഴലിലാക്കിയെന്നും മോദി വിമർശിച്ചു. 

രാമ ക്ഷേത്രത്തെ വോട്ട് ബാങ്കാക്കാനാണ്  പ്രതിപക്ഷം ശ്രമിച്ചതെന്നും രാമക്ഷേത്രത്തിലേക്ക് പോയത് പ്രധാനമന്ത്രിയായല്ലെന്നും പറഞ്ഞ മോദി രാമഭക്തനായാണ് അവിടെ എത്തിയതെന്നും വിശദീകരിച്ചു. തമിഴ്നാട് സർക്കാരിനെ ജനം മടുത്തു. കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കണ്ട് ഡിഎംകെ സർക്കാരിനോട് ജനങ്ങൾക്ക് കടുത്ത രോഷമുണ്ട്. അണ്ണാമലൈ ഊർജ്ജസ്വലനായ നേതാവാണെന്നും മോദി പ്രശംസിച്ചു.

ബിജെപി കുടുംബ പാർട്ടിയല്ലാത്തതുകൊണ്ടാണ് അണ്ണാമലൈയെ പോലുള്ളവർക്ക് അവസരം കിട്ടിയത്. ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ ഉള്ള വിഭജനമില്ല. ഭാരതം ഒന്നാണ്, വൈവിധ്യമാണ് ശക്തി. തമിഴ് പ്രാചീന ഭാഷയാണ്. വൈവിധ്യത്തെ അംഗീകരിക്കുന്നതിനാണ് സംസ്ഥാന പര്യടനങ്ങളിൽ അതാതിടങ്ങളിലെ വേഷം താൻ ധരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios