Asianet News MalayalamAsianet News Malayalam

വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ നയതന്ത്രനീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ

അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകളും ഉന്നതതലത്തില്‍ തുടരുകയാണ്. ഇന്നലെ രാത്രിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല ചര്‍ച്ചകള്‍ നടന്നിരുന്നു. 

india's diplomatic move against pakistan to relief abhinandan vardhaman
Author
Delhi, First Published Feb 28, 2019, 6:29 AM IST

ദില്ലി: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സൈനികനെ തിരിച്ചെത്തിക്കാന്‍ നീക്കം ശക്തമാക്കി ഇന്ത്യ. നയതന്ത്രതലത്തില്‍ ഇതിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. അഭിനന്ദനെ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി സൈനികന്‍റെ കുടുംബവും രംഗത്തെത്തി. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് പുറമെ അഭിനന്ദനെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകളും ഉന്നതതലത്തില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു. 

ഇതിനിടെ പാകിസ്ഥാന്‍റെ പ്രകോപനത്തിനെതിരെ പാക് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് വര്‍ധമാനോട് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അപമാനകരവും അപകടകരവുമായ രീതിയില്‍ ആണ് പാകിസ്താനില്‍ നിന്നും പുറത്തു വന്ന വീഡിയോകളിലും ചിത്രങ്ങളിലും അദ്ദേഹത്തെ കണ്ടത്. 

നയതന്ത്ര ഇടപെടൽ ഉണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാൻ. 

1949 ലെ ജനീവ കരാർ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികൾക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനിക‌‌‌‌ർ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നൽകി വേണം കസ്റ്റഡിയിൽ വയ്ക്കാൻ. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏൽപിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാൻ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.

1971 ൽ ബംഗ്ലാദേശ് -യുദ്ധ കാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടി. കാർഗിൽ ഓപ്പറേഷനിടയിൽ കസ്റ്റഡിയിലെടുത്ത വൈമാനികൻ കെ നാച്ചികേതയെ പാക്കിസ്ഥാൻ എട്ടു ദിവത്തിനകം വിട്ടയച്ചു. 2008 ലെ ഇന്ത്യ - പാക് കരാര്‍ അനുസരിച്ചും അഭിനന്ദിനെതിരെ പാക്ക് സിവിൽ- -പട്ടാള കോടതികൾക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല.

ഇന്നലെ രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി. 

കണ്ടെത്തിയ ഘട്ടത്തില്‍ പ്രദേശവാസികളില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമാണ് അഭിനന്ദിന് ഏല്‍ക്കേണ്ടി വന്നത്. അതേസമയം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ രണ്ടാമതൊരു ഇന്ത്യന്‍ പൈലറ്റുണ്ടെന്ന മുന്‍നിലപാട് പാകിസ്ഥാന്‍ തള്ളി. ഒരാള്‍ മാത്രമേ കസ്റ്റഡിയില്‍ ഉള്ളൂ എന്നും. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് ഇയാള്‍ക്ക് വേണ്ട ചികിത്സയും സംരക്ഷണവും നല്‍കുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. 

അതിനിടെ പാകിസ്ഥാനിലെ മുഴുവൻ വിമാന സർവ്വീസുകളും താൽക്കാലികമായി നിർത്തി. ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസ് എയർ കാനഡയും തത്കാലത്തേക്ക് നിർത്തിവച്ചു. പാക് പ്രകോപനത്തെ എത് രീതിയിലും തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്രം സൈന്യത്തിന് നൽകിയിരിക്കുന്നത്. ശ്രീനഗറിലെ തീവ്രവാദ വിരുദ്ധ പോരാട്ടവും തുടരുകയാണ്.

Follow Us:
Download App:
  • android
  • ios