Asianet News MalayalamAsianet News Malayalam

വിംഗ് കമാൻഡർ അഭിനന്ദനെ പീഡിപ്പിച്ചതിൽ ഇന്ത്യ നയതന്ത്ര തലത്തിൽ പ്രതിഷേധം അറിയിക്കും

ശാരീരിക മർദ്ദനം നേരിട്ടില്ലെങ്കിലും പാകിസ്ഥാൻ കരസേനയും ഐഎസ്ഐ ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം. ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്ന് കാട്ടി  ഇന്ത്യ പാകിസ്ഥാനെ നയതന്ത്രതലത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കും.

India will raise its protest to Pakistan in diplomatic grounds against the mental harassing IAF Pilot Abhinandan in Pakistan captivity
Author
Delhi, First Published Mar 3, 2019, 1:07 PM IST

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിക്കാൻ സാധ്യത. പാകിസ്ഥാൻ തടങ്കലിൽ ശാരീരിക മർദ്ദനം നേരിട്ടില്ലെങ്കിലും പാകിസ്ഥാൻ കരസേനയും ഐഎസ്ഐ ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം. ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്ന് കാട്ടി നയതന്ത്രതലത്തിൽ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. വ്യോമസേനയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടിയതിന് ശേഷം ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം തീരുമാനം എടുക്കും. അതേസമയം അഭിനന്ദനെ തിരിച്ചു കിട്ടിയത് കാരണം അന്താരാഷ്ട്ര സംഘടനകളോട് ഇന്ത്യ ഈ വിഷയത്തിൽ പാകിസ്ഥാനെതിരെ പരാതിപ്പെടാൻ സാധ്യതയില്ല.

പാക് അധീന കശ്മീരിൽ നിന്ന് പാകിസ്ഥാൻ സൈന്യം പിടികൂടിയ അഭിനന്ദൻ വർദ്ധമാനെ തടങ്കലിൽ വച്ചിരിക്കുമ്പോൾ ചിത്രീകരിച്ച നിരവധി വീഡിയോകൾ പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. പാകിസ്ഥാൻ സേന തന്നോട് മാന്യമായാണ് പെരുമാറിയതെന്നാണ് ഈ വീഡിയോകളിൽ അഭിനന്ദൻ പറയുന്നത്. എന്നാൽ ഇവ തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിച്ചതായിരുന്നുവെന്ന് അഭിനന്ദൻ പിന്നീട് വെളിപ്പെടുത്തിയെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു.

അഭിനന്ദനെ ദില്ലിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ പരിശോധനയിൽ അഭിനന്ദന്‍റെ വാരിയെല്ലിന് നേരിയ പരിക്കുണ്ടെന്നാണ് വിവരം. എന്നാൽ ഈ പരുക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അഭിനന്ദൻ വർദ്ധമാന് ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്.  

ഫെബ്രുവരി 26-ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്‍റെ വെടിയേറ്റ് അഭിനന്ദന്‍റെ മിഗ് 21 വിമാനം പാക് അധീന കശ്മീരിൽ ചെന്ന് പതിച്ചത്. വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദനെ പാക് അധീന കശ്മീരിലെ നാട്ടുകാർ പിടികൂടി മർദ്ദിച്ചിരുന്നു. വാരിയെല്ലിന് പരിക്ക് പറ്റിയത് അവിടെ നിന്നാകാനാണ് സാധ്യത.  പിന്നീട് പാകിസ്ഥാൻ പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാക് കസ്റ്റഡിയെക്കുറിച്ച് അഭിനന്ദൻ പറഞ്ഞതെന്ത്?

വ്യോമസേനാ ഉദ്യോഗസ്ഥർ നടത്തിയ 'ഡീ ബ്രീഫിംഗ്' സെഷനുകളിലാണ് പാക് കസ്റ്റഡിയിൽ താൻ നേരിട്ട മാനസികപീഡനത്തെക്കുറിച്ച് അഭിനന്ദൻ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദൻ വ്യക്തമാക്കി. അഭിനന്ദന്‍റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. പാകിസ്ഥാൻ പുറത്തു വിട്ട വീഡിയോകളിൽ പാക് സൈന്യം നല്ല രീതിയിൽ പെരുമാറിയെന്ന് പറഞ്ഞതും കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് ഡീ ബ്രീഫിംഗ് സെഷനിലാണ് വെളിവായത്.

വിമാനാപകടത്തിൽ പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്ലൈയിംഗ് സർവീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തേത് തീർച്ചയായും പരിശോധനകളാണ്. അതിന് ശേഷം എംആർഐ സ്കാൻ വേണം. അഭിനന്ദന് കാലിന് പരിക്കേറ്റിട്ടുണ്ട് സൂചന. മാത്രമല്ല, പാക് അധീന കശ്മീരിൽ ചെന്ന് വീണ അഭിനന്ദനെ തദ്ദേശവാസികൾ മർദ്ദിക്കുകയും ചെയ്തിരുന്നു.

'അസെസ്‍മെന്‍റ് ഓഫ് ഫൈറ്റർ ഫ്ലൈറ്റ് ഫ്ലയിംഗ്' എന്ന രീതിയിൽ ഒരു യുദ്ധവിമാനം ഓടിക്കാൻ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്‍ധ ചികിത്സയും ലഭിക്കും. അതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അവിടെയാണ് വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും എത്താറുള്ളത്. അവിടെ അഭിനന്ദനും എത്തി ചികിത്സ നേടും.

Follow Us:
Download App:
  • android
  • ios