Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ പാക് ഭീകരര്‍ ആക്രമിക്കുമെന്ന് അമേരിക്ക; സുരക്ഷാ നടപടികള്‍ ശക്തം

കശ്മീരിന്‍റെ പേരിൽ യുദ്ധമുണ്ടാവുന്നതിന് ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസം. എന്നാല്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന തീവ്രവാദ സംഘങ്ങളെ പാകിസ്ഥാന്‍ നിയന്ത്രിക്കാന്‍ സാധ്യതയില്ലെന്ന് അമേരിക്ക

Indo Pacific Security Affairs Assistant Secretary of Defense gives attack alert on indian army
Author
Washington D.C., First Published Oct 2, 2019, 3:03 PM IST

വാഷിങ്ടണ്‍: പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് നിരവധി രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി അടിസ്ഥാനമാക്കി പാക് ഭീകരസംഘടനകള്‍ ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇന്ത്യന്‍ സേനാ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്ന തീവ്രവാദ സംഘങ്ങളെ പാകിസ്ഥാന്‍ നിയന്ത്രിക്കാന്‍ സാധ്യതയില്ലെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്.

പാകിസ്ഥാനും ഇന്ത്യക്കും ഇടയില്‍ അത്തരം സാഹചര്യമുണ്ടാവുന്നതില്‍ ചൈനക്കും താല്‍പര്യമില്ലെന്നും ഇന്തോ പസഫിക് സുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി റെന്‍ഡാള്‍ ഷ്രിവര്‍ പറഞ്ഞു. പാകിസ്ഥാന് ചൈന നല്‍കുന്ന പിന്തുണ നയതന്ത്രപരമാണെന്നും ഷ്രിവര്‍ വാഷിങ്ടണില്‍ പറഞ്ഞു. കശ്മീരിന്‍റെ പേരിൽ യുദ്ധമുണ്ടാവുന്നതിന് ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവർ പറഞ്ഞു. അത്തരം ആക്രമണങ്ങള്‍ക്ക് ചൈനയുടെ പിന്തുണ ലഭിക്കില്ല. ഇന്ത്യയുമായി മത്സര സ്വഭാവം പുലര്‍ത്തുന്ന ചൈനക്ക് പാകിസ്ഥാനുമായുള്ളത് ദീര്‍ഘകാല ബന്ധമാണ്. പല വേദിയിലും ചൈന പാകിസ്ഥാന് നല്‍കിയ പിന്തുണ കശ്മീര്‍ വിഷയത്തില്‍ ലഭിക്കില്ലെന്നും പെന്‍റഗണ്‍ വക്താവ് വ്യക്തമാക്കി.

പത്ത് പേരോളം അടങ്ങുന്ന ചാവേര്‍ സംഘത്തിന്‍റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അമൃത്‌സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപുർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. നേരത്തെ ബാലാകോട്ടിൽ ഇന്ത്യ തകർത്ത  ഭീകരക്യാംപ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്.

Follow Us:
Download App:
  • android
  • ios