Asianet News MalayalamAsianet News Malayalam

തന്ത്രപ്രധാന രേഖകൾ സുരക്ഷിതം, ആക്രമിക്കപ്പെട്ടത് ബ്രൗസിംഗ് കമ്പ്യൂട്ടറുകളെന്ന് ഇസ്രൊ

ഉത്തരകൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച ഡിട്രാക്ക് വൈറസ് കൂടംകുളം അണവനിലയത്തിലും, ഇസ്രൊയിലും സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു സ്വതന്ത്ര സൈബർ നിരീക്ഷകരായ ഇഷ്യുമേക്കേഴ്സ് ലാബിന്‍റെ മുന്നറിയിപ്പ്.

ISRO INSIDERS CONFIRM THAT INTERNAL NETWORK WAS NOT AFFECTED BY DTRACK
Author
Chennai, First Published Nov 7, 2019, 3:15 PM IST

ചെന്നൈ: ഐഎസ്ആർഒയുടെ തന്ത്രപ്രധാനമായ ആന്തരിക നെറ്റ്‍വർക്കുമായി ബന്ധിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളിൽ ഒന്നും സൈബ‌‌ർ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരണം. പിആർഒ വെബ്സൈറ്റുകളും അത് സംബന്ധിച്ച വിവരങ്ങളും മറ്റും സൂക്ഷിക്കുന്ന ഇൻ്റർനെറ്റ് ബ്രൗസിംഗ് സംവിധാനം നൽകിയിട്ടുള്ള കംമ്പ്യൂട്ടറുകളിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. കൂടംകുളം അണവനിലയത്തിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കംമ്പ്യൂട്ടറുകളിലും സൈബര്‍ ആക്രമണം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു.

ഉത്തരകൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച ഡിട്രാക്ക് വൈറസ് കൂടംകുളം അണവനിലയത്തിലും, ഇസ്രൊയിലും സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു സ്വതന്ത്ര സൈബർ നിരീക്ഷകരായ ഇഷ്യുമേക്കേഴ്സ് ലാബിന്‍റെ മുന്നറിയിപ്പ്. ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിന്‍റെ രണ്ട് മണിക്കൂര്‍ മുമ്പ് ആക്രമണം നടത്തിയെന്നായിരുന്നു വിവരം. എന്നാല്‍ പുറമേ നിന്നുള്ള നെറ്റ്‍വർക്കുകളുമായി ബന്ധപ്പെടുത്താത്ത കംമ്പ്യൂട്ടര്‍ ശൃംഖലയിലാണ് ഇസ്റോയുടെ നിർണ്ണായക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് രേഖകള്‍ സൂക്ഷിച്ചുള്ള ബ്രൗസിങ് സംവിധാനമുള്ള കംമ്പ്യൂട്ടറികളില്‍ മാത്രമാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് ഒരു കാരണവശാലും ഇസ്റോയുടെ അതീവ സുരക്ഷാ പ്രധാന്യമുള്ള സാങ്കേതിത പ്രവര്‍ത്തനവുമായി ബന്ധമുള്ളവയല്ല. 

ഈ സാഹചര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കേണ്ടെന്നാണ് ഇസ്രൊയുടെ തീരുമാനം. കൂടംകുളം ആണവനിലയത്തിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സുരക്ഷാ പ്രധാന്യമേറിയ കംമ്പ്യൂട്ടറുകളും പുറമേ നിന്നുള്ള നെറ്റ്‍വർക്കിലൂടെ ഇടപെടല്‍ നടത്താന്‍ കഴിയുന്നതല്ല. ഓഫീസ് രേഖകള്‍ സൂക്ഷിച്ചിട്ടുള്ള ബ്രൗസിങ് സംവിധാനമുള്ള കംമ്പ്യൂട്ടര്‍ നെറ്റ്‍വർക്കിലാണ് കൂടംകുളത്തും വൈറസ് ബാധ കണ്ടെത്തിയത്.  ഇത് സുരക്ഷാവീഴ്ചയായി കാണേണ്ടെന്നും ആശങ്ക വേണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios