Asianet News MalayalamAsianet News Malayalam

ചോദ്യം ചെയ്യലിന് പിന്നാലെ കർണാടക മുൻ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ പിഎ മരിച്ച നിലയിൽ

പരമേശ്വര ചെയർമാൻ ആയ തുമകുരുവിലെ മെഡിക്കൽ കോളേജുകളിൽ നികുതി വെട്ടിപ്പ് നടന്നുവെന്ന കേസിൽ രണ്ട് ദിവസമായി വ്യാപക പരിശോധനകൾ നടന്നു വരികയായിരുന്നു. പരമേശ്വരയുടെ പിഎ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തുവെന്നാണ് വിവരം. എന്നാൽ ആദായനികുതി വകുപ്പ് ഇക്കാര്യം തള്ളി. 

karnataka ex  minister g parameswara's p a found dead in bengaluru
Author
Bengaluru, First Published Oct 12, 2019, 2:31 PM IST

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുൻ കെപിസിസി അദ്ധ്യക്ഷനുമായ ജി പരമേശ്വരയുടെ പി എ ആത്മഹത്യ ചെയ്ത നിലയിൽ.  രമേഷ് കുമാറാണ് മരിച്ചത്. പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജിന്റെ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇയാളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധനകൾ നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിനെയും ചോദ്യം ചെയ്തെന്നാണ് വിവരം. റെയ്ഡിൽ കണക്കിൽപ്പെടാത്ത 100 കോടിയിലധികം രൂപയുടെ വരുമാനം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്  അറിയിച്ചിരുന്നു. ഇതിനിടയിലാണ് രമേഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ബെംഗളൂരു നഗരത്തിനടുത്തുള്ള ജ്ഞാന ഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു തോട്ടത്തിലാണ് രമേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വരെ രമേഷ് കുമാറിനെ റെ‍യ്ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. എന്നാൽ പരിശോധനകളിൽ  ഭയപ്പെടേണ്ടതില്ലെന്ന് പരമേശ്വര രമേഷ് കുമാറിനെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ  ഇത് വരെ രമേഷ് കുമാറിന്റെ മൊഴി  രേഖപ്പെടുത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എന്തായാലും ആത്മഹത്യ ആദായ നികുതി വകുപ്പിന്റെ പീഡനം മൂലമാമെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കി. രമേഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പരമേശ്വര ചെയർമാനായ തുമകുരുവിലെ മെഡിക്കൽ കോളേജിൽ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നതായി റെയ്ഡിൽ തെളിഞ്ഞിരുന്നു. കോളേജിലെ 185 സീറ്റുകളിൽ ഓരോന്നിനും 65 ലക്ഷം വരെയാണ് തലവരിപ്പണം വാങ്ങിയത്.  മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്നായിരുന്നു ഇത്‌. തലവരിപ്പണം കോളേജ് ജീവനക്കാരുടെ പേരിൽ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ച് അഞ്ച് കോടിയോളം പിരിച്ചെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. നാലേ കാൽ കോടിയോളം രൂപ പണമായി പിടിച്ചെടുത്തു. ഇതിൽ പ്രധാന ട്രസ്റ്റിയുടെ വീട്ടിൽ നിന്ന് മാത്രം 89 ലക്ഷം കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്നു ആദായ നികുതി വകുപ്പ് പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പരമേശ്വരയുടെയും മുൻ കേന്ദ്രമന്ത്രി ആർ എൽ ജാലപ്പയുടെയും വീട്ടിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ് നടന്നത്.

ബെംഗളൂരു, തുമകുരു എന്നിവിടങ്ങളിലായി മുപ്പത് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. എന്തെകിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നായിരുന്നു പരമേശ്വരയുടെ പ്രതികരണം. റെയ്ഡ് രാഷ്ട്രീയപ്രേരിതം ആണെന്ന് നിലപാടുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios