Asianet News MalayalamAsianet News Malayalam

പൗരന്മാരെ തല്ലിക്കൊല്ലരുതെന്ന് പറഞ്ഞാല്‍ രാജ്യദ്രോഹകുറ്റമാകുമോ? കേന്ദ്ര നടപടിക്കെതിരെ ആഞ്ഞടിച്ച് സാംസ്കാരിക മന്ത്രി

തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണ്

kerala minister ak balan against central government on adoor issue
Author
Thiruvananthapuram, First Published Oct 4, 2019, 7:03 PM IST

തിരുവനന്തപുരം: വർഗീയ ശക്തികൾ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. 

ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സ്വൈരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ നടപടി പിൻവലിക്കണം.അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം, അപർണ സെൻ, ശ്യാം ബെനഗൽ,  രേവതി, കൊങ്കണ സെൻ, സൗമിത്ര ചാറ്റർജി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സംഗീതജ്ഞ ശുഭ മുദ്ഗൽ തുടങ്ങി 48  പേരാണ് സംയുക്തമായി ജൂലൈ 23 നു പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സമാധാനപ്രിയരും അഭിമാനികളുമായ ഇന്ത്യക്കാരെന്ന നിലയിലാണ് തങ്ങൾ എഴുതുന്നതെന്ന് അവർ കത്തിൽ പറഞ്ഞിട്ടുണ്ട്. ജയ് ശ്രീറാം വിളിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെയും ദളിത് ജനവിഭാഗങ്ങളെയും തല്ലിക്കൊല്ലുന്നത്  അവസാനിപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.  

വിമര്‍ശനമില്ലാത്ത ജനാധിപത്യം എന്ത് ജനാധിപത്യമെന്നാണ് അവർ ചോദിക്കുന്നത്. കേന്ദ്ര സർക്കാരിനോട് വിയോജിക്കുന്നവരെ രാജ്യദ്രോഹികളായും അർബൻ നക്സലൈറ്റുകളായും ചിത്രീകരിക്കുന്നുവെന്ന കത്തിലെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ അവർക്കെതിരെ  നടപടിയെടുത്തിരിക്കുന്നത്. ആരോ കൊടുത്ത പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് കേസെടുത്തതെന്നാണ് പറയുന്നത്. ജനങ്ങൾക്ക് സുരക്ഷ നൽകണമെന്ന്  ആവശ്യപ്പെടുന്നത്  എങ്ങനെയാണ് രാജ്യദ്രോഹ കുറ്റമാകുന്നത്? രാജ്യത്തെ പൗരന്മാരെ  തല്ലിക്കൊല്ലരുതെന്ന്  ആവശ്യപ്പെട്ടാൽ അതെങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്?

തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടുന്നവരെക്കൂടി ക്രൂശിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios