Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്; എംഎൽഎമാർ നാളെ ഗവർണറെ കാണും

മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎമാർ നാളെ ഗവർണറെ കാണും. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും.

maharashtra bjp delegationto meet governor on november 7
Author
Maharashtra, First Published Nov 6, 2019, 9:33 PM IST

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി മുന്നോട്ട്. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി എംഎൽഎമാർ നാളെ ഗവർണറെ കാണും. മറ്റന്നാൾ സത്യപ്രതി‍ജ്ഞ നടക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതേസമയം,  സമവായ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന ആവർത്തിച്ചു.

മുഖ്യമന്ത്രിസ്ഥാനം പങ്കുവച്ചില്ലെങ്കിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുമെന്ന ശിവസേനയുടെ ഭീഷണി അവസാനിച്ചു. സേനയുമായി കൂട്ട് വേണ്ടെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പവാറും അംഗീകരിച്ചു. പ്രതിപക്ഷത്തിരിക്കാൻ ജനങ്ങൾ നൽകിയ വിധി അംഗീകരിക്കുകയാണെന്ന് പവാർ പറഞ്ഞു.

രാവിലെ കൂടിക്കാഴ്ചയ്ക്കെത്തിയ ശിവസേന നേതാവ് സഞ്ജയ് റാവത്തിലൂടെ പവാർ നിലപാട് ശിവസേന നേതൃത്വത്തെയും അറിയിച്ചു. പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചർച്ചകളോട് സഹകരിക്കേണ്ടിവരും. ആർഎസ്എസിന്‍റെ നിർദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ മധ്യസ്ഥ ചർച്ചകൾക്ക് ബിജെപി നിയമിച്ചു.

ഉപമുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളിൽ ചിലതും ഒപ്പം കേന്ദ്രമന്ത്രിസ്ഥാനവും ഒത്തുതീർപ്പ് ഫോർമുലയായി സേനയ്ക്ക് മുന്നിൽ വയ്ക്കുമെന്നാണ് സൂചന. കാവൽ സർക്കാരിന്‍റെ കാലാവധി തീരുന്ന മറ്റന്നാൾ തന്നെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് ബിജെപി ക്യാമ്പിൽ നിന്നുള്ള വിവരം.

Follow Us:
Download App:
  • android
  • ios