Asianet News MalayalamAsianet News Malayalam

കോർപ്പറേറ്റ് നികുതിയിളവ് ചരിത്ര തീരുമാനമെന്ന് മോദി: ആർബിഐ പണം കോർപ്പറേറ്റുകൾക്കെന്ന് യെച്ചൂരി

അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പാണ് മോദിയുടെ പ്രതികരണം. വ്യവസായത്തിന് തീർത്തും അനുയോജ്യമായ മണ്ണാണ് ഇന്ത്യയിലേതെന്ന് സർക്കാർ തെളിയിക്കുകയാണെന്നും മോദി. 

modi hails the tax rate cut for corporates yechury slams
Author
New Delhi, First Published Sep 20, 2019, 4:05 PM IST

ദില്ലി: കോർപ്പറേറ്റുകളുടെ നികുതി കുറച്ച കേന്ദ്രസർക്കാർ തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണിതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്ത് കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നികുതിയിളവ് സഹായിക്കുമെന്നും മോദി വ്യക്തമാക്കി. അമേരിക്കയിലേക്ക് യാത്ര തിരിക്കും മുൻപാണ് മോദിയുടെ ഈ പ്രതികരണം.

''കോർപ്പറേറ്റ് നികുതി കുറച്ച നടപടി ചരിത്രപരമാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് മികച്ച പ്രോത്സാഹനമായിരിക്കും ഇത് നൽകുക. സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും, മത്സരക്ഷമത വളർത്താനും, തൊഴിലവസരങ്ങൾ കൂട്ടാനും ഇത് സഹായകമാകും. ഇത് 130 കോടി ഇന്ത്യക്കാർക്ക് കൂടി ലാഭകരമായ തീരുമാനമാണ്'', മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒരു മാസം ധനമന്ത്രാലയം സ്വീകരിച്ച നടപടികൾ, ഇന്ത്യ വ്യവസായത്തിന് വളരാൻ മികച്ച സാധ്യതകളുള്ള മണ്ണാണെന്ന് തെളിയിക്കുന്നതാണെന്ന് മോദി പറഞ്ഞു. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേക്കും അവസരങ്ങളും വികസനവും ഇത് മൂലം എത്തും. ഇന്ത്യയെ 5 ട്രില്യൺ സാമ്പത്തികവ്യവസ്ഥയാക്കി വളർത്താൻ ഇത് സഹായിക്കും. 

ആഭ്യന്തരകമ്പനികൾക്ക് മികച്ച നികുതിയിളവാണ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. 35 ശതമാനത്തിൽ നിന്ന് കുത്തനെ 25.2 ശതമാനത്തിലേക്ക് കോർപ്പറേറ്റ് നികുതി കുറച്ച തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്. ജിഡിപിയിൽ കഴിഞ്ഞ് ആറ് വർഷത്തിനിടെയുണ്ടായ ഏറ്റവും കുറവ് വളർച്ചയുമായി മാന്ദ്യത്തിൽ നിൽക്കുകയാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ. ഈ സാഹചര്യത്തിലാണ്, മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റുകൾക്ക് വൻ ഇളവുകളുമായി ധനമന്ത്രാലയം എത്തുന്നത്. ഒക്ടോബർ 1-ന് ശേഷം തുടങ്ങുന്ന കമ്പനികൾക്ക് 15 ശതമാനം മാത്രമാകും കോർപ്പറേറ്റ് നികുതി നൽകേണ്ടി വരിക. 

ധനമന്ത്രിയുടെ പ്രഖ്യാപനത്തെ കോർപ്പറേറ്റ് മേഖല കയ്യടികളോടെയാണ് സ്വീകരിച്ചത്. സെൻസെക്സ് ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തി. 2000 പോയന്‍റും കടന്ന് മുന്നേറി. രൂപയുടെ മൂല്യം ഡോളറിന് 0.6 ശതമാനം കൂടുകയും ചെയ്തു. 

എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം നിരവധിപ്പേർ ഈ നീക്കത്തെ ശക്തമായി എതിർത്തു. ആർബിഐയുടെ കരുതൽ ധനശേഖരം കേന്ദ്രസർക്കാർ എടുത്തത്, കോർപ്പറേറ്റുകൾക്ക് നൽകാനാണെന്ന് ഇതിലൂടെ വ്യക്തമായെന്ന് യെച്ചൂരി. വൻ ലാഭമുണ്ടാക്കുന്ന കമ്പനികൾക്ക് വൻ നികുതിയിളവ് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം അപലപനീയമാണ്. സാധാരണക്കാരും കർഷകരുമടയ്ക്കുന്ന നികുതിപ്പണം കൊണ്ട്, എന്തിനാണ് വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു. കോർപ്പറേറ്റ് ടാക്സിലെ ഇളവിലൂടെയുണ്ടാകുന്ന നഷ്ടം ആർബിഐ കരുതൽപ്പണത്തിൽ നിന്ന് കേന്ദ്രസർക്കാർ നികത്താനാണോ ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു. 

Follow Us:
Download App:
  • android
  • ios