Asianet News MalayalamAsianet News Malayalam

തൊപ്പി ധരിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മര്‍ദ്ദനം; 'ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം' വിളിയ്ക്കാനും ആക്രോശം

ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ആജ്ഞാപിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്നും ഭീഷണിപ്പെടുത്തി.

muslim youth beaten up in gurugram
Author
New Delhi, First Published May 26, 2019, 5:29 PM IST

ദില്ലി: ഗുരുഗ്രാമില്‍ മുസ്ലിം യുവാവിന് നേരെ ഒരുസംഘം ആളുകളുടെ മര്‍ദ്ദനം. ജക്കുംപുര എന്ന സ്ഥലത്ത് പള്ളിയില്‍നിന്ന് തിരിച്ചുവരുന്ന യുവാവിനെയാണ് തലയില്‍ തൊപ്പി ധരിച്ചെന്ന കാരണത്താല്‍ ആക്രമികള്‍ മര്‍ദ്ദിച്ചത്. ഈ പ്രദേശത്ത് മുസ്ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചിരിക്കുകയാണെന്നും അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പിന്നീട് ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ആജ്ഞാപിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്നും ഭീഷണിപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഹമ്മദ് ബര്‍ക്കത്ത്(25) എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ദ് ഹിന്ദുവാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെ: പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് രാത്രി 10 മണിയോടെ നടന്നു വരികയായിരുന്നു. ഷോപ്പിന് പുറത്തുവച്ച് ആറോളം വരുന്ന സംഘം എന്നോട് തൊപ്പിയഴിക്കാന്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ പോയി വരുന്ന വഴിയാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്നെ മര്‍ദിച്ചു. മുസ്ലിംകള്‍ ധരിയ്ക്കുന്ന തൊപ്പി ഈ പ്രദേശത്ത് നിരോധിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പിന്നീട് എന്നോട് ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്ന് വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വടി ഉപയോഗിച്ച് അടിച്ചുവെന്നും ബര്‍ക്കത്ത് പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമിച്ച ബര്‍ക്കത്തിന്‍റെ ഷര്‍ട്ട് കീറി. ഒച്ചവെച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. ബര്‍ക്കത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറുമാസം മുമ്പാണ് ബര്‍ക്കത്ത് തയ്യല്‍ പഠിക്കാനായി ഗുരുഗ്രാമിലെത്തിയത്.

Follow Us:
Download App:
  • android
  • ios