Asianet News MalayalamAsianet News Malayalam

'ഇസ്ലാം മതത്തെ അപമാനിച്ച നുസ്രത്ത് മതം മാറണം'; ദുര്‍ഗാപൂജ ആഘോഷിച്ചതിനെതിരെ മത പണ്ഡിതന്‍

'' മുസ്ലീം ഒരു ദൈവത്തെ മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് ഇസ്ലാം മതത്തില്‍ കൃത്യമായി പറയുന്നുണ്ട്. ഈ അടിസ്ഥാനകാര്യം പാലിക്കാത്ത നുസ്രത്ത് ജഹാന്‍ ഇസ്ലാമിന് മോശം പേര് കൊണ്ടുവന്നു...''

nusrath jahan should change religion says Muslim  cleric
Author
Kolkata, First Published Oct 8, 2019, 1:48 PM IST

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം പി നുസ്രത്ത് ജഹാനെ വിമര്‍ശിച്ച് മുസ്ലീം പണ്ഡിതന്‍. ദുര്‍ഗാ പൂജയ്ക്ക് സിന്ദൂരമണിഞ്ഞ് ചുവപ്പുപട്ടുടുത്ത് ആഘോഷങ്ങള്‍ക്കെത്തിയ നുസ്രത്തിന്‍റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം. 'ഇസ്ലാം വിരുദ്ധ'മെന്നാണ് ഇത്തിഹാദ് ഉലമ ഐ ഹിന്ദ് വൈസ് പ്രസിഡന്‍റ് മുഫ്തി അസത് ഖാസ്മി നുസ്രത്തിന്‍റെ പ്രര്‍ത്തിയെ വിമര്‍ശിച്ചത്.

നുസ്രത്ത് പുരോഹിതനൊപ്പം മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതും പ്രാര്‍ത്ഥനയില്‍ മുഴുനില്‍ക്കുന്നതും ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. നുസ്രത്തിന്‍റെ പ്രവര്‍ത്തികള്‍ ഇസ്ലാമിന് മോശം പേരുണ്ടാക്കുമെന്നും മുസ്ലീംകളെയും മതത്തെയും അപമാനിക്കലാണിതെന്നും ഖാസ്മി പറഞ്ഞു. 

''മുസ്ലീം ഒരു ദൈവത്തെ മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് ഇസ്ലാം മതത്തില്‍ കൃത്യമായി പറയുന്നുണ്ട്. ഈ അടിസ്ഥാനകാര്യം പാലിക്കാത്ത നുസ്രത്ത് ജഹാന്‍ ഇസ്ലാമിന് മോശം പേര് കൊണ്ടുവന്നു. ഇതിലും നല്ലത് നുസ്രത്ത് പേരും മതവും മാറുന്നതാണ്'' - ഖാസിമി വ്യക്തമാക്കി. 


ഇതാദ്യമായല്ല നുസ്രത്ത് പൂജ ചെയ്യുന്നത്. നേരത്തേയും അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഇസ്ലാമിന്‍റെ കണ്ണില്‍ അവര്‍ ചെയ്യുന്നത് തെറ്റാണ്. ഇസ്ലാം കാര്യങ്ങള്‍ക്കെതിരെയാണ് അവര്‍ ചെയ്യുന്നതെല്ലാമെങ്കില്‍ നുസ്രത്ത് പേരുമാറ്റണമെന്നും അദ്ദേഹം പറഞ്ഞു. 

'ബംഗാളില്‍ നമ്മളെല്ലാവരും ഒരുമിച്ചാണ് എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമാകുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്'; വിവാദങ്ങളോട് നുസ്രത്ത് പ്രതികരിച്ചു. നുസ്രത്ത് ജഹാനും ഭര്‍ത്താവും ബിസിനസുകാരനുമായ നിഖില്‍ ജെയിനും ഒരുമിച്ചായിരുന്നു ആഘോഷങ്ങളില്‍ പങ്കെടുത്തത്. വിവാഹത്തിനുശേഷമുള്ള ആദ്യ ദുര്‍ഗാ പൂജ വലിയ ആഘോഷമായാണ് ഇരുവരും കൊണ്ടാടിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്. 

ചുവപ്പ് പട്ടുടുത്താണ് നുസ്രത്ത് പൂജയ്ക്കെത്തിയത്. വാദ്യോപകരണമായ ധാക്ക് മുഴക്കിയും ദുര്‍ഗാ ദേവിയെ പ്രാര്‍ത്ഥിച്ചുമാണ് ദുര്‍ഗാഷ്ചമി ആഘോഷത്തില്‍ ഇരുവരും പങ്കെടുത്തത്. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

ഒരു മുസ്ലീം ആയിട്ടും ദുര്‍ഗാ പൂജ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ മതത്തിന്‍റെയും ഐക്യത്തിനായുള്ള ആഘോഷങ്ങള്‍ക്ക് തനിക്ക് തന്‍റേതായ രീതികളുണ്ടെന്നായിരുന്നു മറുപടി. സംസാകരവും പാരമ്പര്യവും പിന്തുടരുന്നത് ശരിയാണെന്നാണ് താന്‍ കരുതുന്നത്. ഇവിടെ തങ്ങള്‍ എല്ലാ മതത്തിന്‍റെയും ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാ മതസ്ഥരും തന്‍റെ മതത്തോടൊപ്പം മറ്റ് മതങ്ങളെയും അംഗീകരിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് നുസ്രത്തിന്‍റെ ദുര്‍ഗാ പൂജാ ആഘോഷങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് നിഖില്‍ ജെയിന്‍ കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios